തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം: അമ്മയ്ക്ക് നേരെ യുവാവിന്റെ അക്രമം, കൊല്ലാന്‍ ശ്രമിച്ചു
തിരുവനന്തപുരം: തന്റെ വിവാഹം നടത്താതെ ഇളയ സഹോദരന്റെ വിവാഹം നടത്തിയ വിരോധത്തില്‍ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച് യുവാവ്. വളവൂര്‍ കോണം കാട്ടില്‍ വീട്ടിൽ വിഷ്ണുവിനെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ വിഷ്ണുവിന്റെ വിവാഹം നടത്തിക്കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
അമ്മൂമ്മ ഗോമതിയുടെ വീട്ടില്‍ എത്തിയ വിഷ്ണു അമ്മയായ ബേബിയെ ആക്രമിക്കുകയായിരുന്നു. പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാനും ശ്രമിച്ചു. ഇത് തടയാന്‍ ചന്നെ അമ്മൂമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വീട്ടിലെ ഉപകരണങ്ങള്‍ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങള്‍ കത്തിക്കുകയും ചയ്തു.

വീട്ടുകാര്‍ നിലവിളിക്കുന്നത് കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. അപ്പോഴേക്കും വിഷ്ണു ഓടിരക്ഷപ്പെട്ടിരുന്നു. പിന്നാലെ കടയ്ക്കാവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മാരായ ശ്രീകുമാര്‍, ജയ പ്രസാദ്, ജയകുമാര്‍, രാജീവ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ സിയാദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, അഖില്‍, സുരാജ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.
അതേസമയം, തിരുവനന്തപുരം വടശേരികോണോത്ത് വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. വടശേരികോണോത്ത് രാജുവാണ് സ്വന്തം വീട്ടില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകള്‍ ശ്രീലക്ഷ്മി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പക കൊണ്ടാണ് അയല്‍വാസി കൂടിയായ ജിഷ്ണുവും സംഘവും കൊലപാതകം നടത്തിയത്.
കാറില്‍ ഉച്ചത്തില്‍ പാട്ടുവച്ചും ബഹളമുണ്ടാക്കുകയും ചെയ്ത സംഘം പിന്നാലെ ശ്രീലക്ഷ്മിയുടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കം ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ജിഷ്ണു, ജിജിന്‍, മനു, ശ്യാം എന്നിവരാണ് അറസ്റ്റിലായത്.












Click it and Unblock the Notifications