സുരേഷ് ഗോപി മത്സരിക്കരുതെന്ന് രാമസിംഹന്‍; 'അത് ഞങ്ങള്‍ തീരുമാനിച്ചോളാം കോയാ' എന്ന് ബിജെപി നേതാവ്
കോഴിക്കോട്: നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി മത്സരിക്കരുത് എന്ന് സംവിധായകനും ബി ജെ പി മുന്‍ നേതാവുമായ രാമസിംഹന്‍ (അലി അക്ബര്‍). ഇതിന് പിന്നാലെ രാമസിംഹനെ കടന്നാക്രമിച്ച് കൊണ്ട് ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം രൂക്ഷമായതോടെ ഇതിനെതിരേയും രാമസിംഹന്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രിയ സുരേഷ് ഗോപി മത്സരിക്കരുത് എന്ന പോസ്റ്റ് രാമസിംഹന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് രാമസിംഹനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്. ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ കെ കെയും ഇതിന് താഴെ കമന്റ് പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുമായി രാമസിംഹന്‍ വീണ്ടും രംഗത്തെത്തിയത്.

സുരേഷ് ഗോപി മത്സരിക്കരുത് എന്ന പോസ്റ്റിന് താഴെ 'കുത്തിത്തിരുപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ വയ്യ. തൃശ്ശൂരിലെ കാര്യം തൃശ്ശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ,' എന്നായിരുന്നു അനീഷ് കുമാര്‍ കമന്റ് ചെയ്തിരുന്നത്. ഇതിന് അതിന് താഴെ തന്നെ മറുപടിയുമായി രാമസിംഹന്‍ എത്തിയിരുന്നു. താങ്കള്‍ ബി ജെ പിയുടെ ജില്ലാ പ്രസിഡന്റല്ലേ ബി ജെ പിയില്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ എന്നുമായിരുന്നു രാമസിംഹന്റെ ചോദ്യം.
'എന്റെ അറിവില്‍ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ താങ്കള്‍ക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നത്, കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരില്‍ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താല്‍ ആ പേരെ വായില്‍ വരൂ..ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പറ്റിയ മുതല്,' ഇതായിരുന്നു രാമസിംഹന്റെ കമന്റ്.
ഇത് കൂടാതെയാണ് മറ്റൊരു പോസ്റ്റ് കൂടി രാമസിംഹന്‍ പങ്ക് വെച്ചത്. അനീഷിന്റെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്ക് വെച്ച് കൊണ്ടായിരുന്നു രാമസിംഹന്റെ മറുപടി. ബി ജെ പിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നും ആത്മാഭിമാനമുള്ള ഹിന്ദുവാണ് താനെന്നുമായിരുന്നു രാമസിംഹന്‍ പറഞ്ഞത്. രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
ഞാന്‍ ഇടതു പക്ഷത്തെ വിമര്‍ശിക്കാറുണ്ട്, വലതു പക്ഷത്തെയും വിമര്‍ശിക്കാറുണ്ട്, ബിജെപി യെ വിമര്‍ശിച്ചാല്‍ കിട്ടുന്നത് എന്താണെന്നറിയാമോ? ഹൈന്ദവനായ എന്നേ കോയേ എന്ന് വിളിക്കും. അതും വെറും പ്രവര്‍ത്തകനല്ല, തൃശൂര്‍ ജില്ലാ പ്രസിഡന്റ്, ഇവരാണ് സനാതന ധര്‍മ്മത്തെ പോഷിപ്പിക്കാന്‍ വരുന്നത്. സുരേഷ് ഗോപി മത്സരിക്കരുത് എന്നതായിരുന്നു എന്റെ പോസ്റ്റ്.
അതെന്റെ വ്യക്തിപരമായ അഭിപ്രായം, എന്റെ fb യില്‍ പോസ്റ്റ് ചെയ്തത്. അതിന് എന്റെ വിശ്വാസത്തെ പോലും ഹനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട ജില്ലാ പ്രസിഡന്റ്, തുടര്‍ന്ന് അദ്ദേഹത്തിന്റെ സില്‍ബന്ധികളും കോയാ എന്ന് തന്നെയാണ് അഭിവാദനം ചെയ്തത്. എന്നേ അപമാനിച്ചോളൂ.. എന്റെ ധര്‍മ്മത്തെ ചോദ്യം ചെയ്യരുത്. നിങ്ങള്‍ മതേതര വാദികളാണെന്ന് തെളിയിക്കാന്‍ എന്നേ വേട്ടയാടരുത്, ഈ വേട്ടയാടാല്‍ തുടങ്ങിയത് എന്നുമുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാമസിംഹനായത് മുതല്‍ തന്നെ. ആരാണ് രാമസിംഹന്‍ എന്ന് തൃശൂര്‍ ബിജെപി പ്രസിഡന്റിന് അറിയില്ലെങ്കില്‍ വിവരമുള്ളവര്‍ പറഞ്ഞുകൊടുക്കുക..ഈ രാമസിംഹന്‍ കോയയല്ല. ആത്മാഭിമാനമുള്ള ഹിന്ദുവാണ് നിങ്ങള്‍ക്കില്ലാത്ത ഒന്ന് എന്റെ ശരീരത്തില്‍ ഉണ്ട്. അത് കാരന്തൂരിലെത്തുമ്പോള്‍ വളയുന്നതല്ല. എന്നേ കോയയാക്കി 10 വോട്ട് ബിജെപി ക്ക് കൂടുതല്‍ കിട്ടുന്നതില്‍ സന്തോഷമേ ഉള്ളു, സുരേഷ് ഗോപിക്ക് വിജയാശംസകള്‍.












Click it and Unblock the Notifications