ട്രോളിങ് നിരോധനം; തൃശൂരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി
തൃശൂര്‍: ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ജില്ലയില്‍ ഫിഷറീസ്, കലക്ട്രേറ്റ്, ചാവക്കാട്-കൊടുങ്ങല്ലൂര്‍ താലൂക്കുകള്‍, അഴീക്കോട്-ചാവക്കാട് കോസ്റ്റല്‍ പൊലീസ്, അഴീക്കോട് ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവിടങ്ങളിലായാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. ജൂലായ് 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുക.

മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ നിരോധനം തുടങ്ങും മുമ്പ് കേരള തീരം വിട്ടുപോകണമെന്നും അല്ലാത്ത വള്ളങ്ങള്‍ അതത് ഹാര്‍ബറുകളിലോ ലാന്റിങ് സെന്ററുകളിലോ എത്തിച്ചേരേണ്ടതാണെന്നും ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിരുന്നു. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ദ്ധരാത്രി 12 മണിക്ക് ശേഷം മത്സ്യബന്ധനത്തിന് പുറപ്പെടാം. സമയക്രമം പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ് കര്‍ശനമായി നിരോധിച്ചു. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. ഇപ്രകാരം ഉപയോഗിക്കുന്ന കാരിയര്‍, ഇന്‍ബോര്‍ഡ് വള്ളങ്ങളുടെ വിവരങ്ങള്‍ അതത് മത്സ്യഭവന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലയുടെ തീരപ്രദേശത്തും ഹാര്‍ബറുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ഈ കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് യാതൊരു കാരണവശാലും ഇന്ധനം നല്‍കാന്‍ പാടില്ല. ഇന്ധനം നല്‍കുന്ന ബങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകളില്‍നിന്നും ഇന്ധനം ലഭിക്കും. നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ വള്ളങ്ങളും നിര്‍ബന്ധമായും കളര്‍ കോഡിങ് പാലിക്കണം. എല്ലാ മത്സ്യബന്ധന യാനങ്ങളുടെയും ഇരുഭാഗത്തും രജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതും തൊഴിലാളികള്‍ക്ക് അനുസൃതമായി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കരുതിയിരിക്കേണ്ടതുമാണ്. മുന്നറിയിപ്പുകള്‍ക്കനുസരിച്ച് മാത്രം മത്സ്യബന്ധനം നടത്താം.
നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ഫിഷറീസ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരെ അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിന് ആവശ്യമായ ഫോണ്‍ നമ്പറുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികള്‍ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ കൈവശം സൂക്ഷിക്കണം.
ചെറുമീന്‍ പിടുത്തം, രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെയുള്ള മത്സ്യബന്ധനം, തീരക്കടലില്‍ രണ്ട് യാനങ്ങള്‍ ചേര്‍ന്നുള്ള പെയര്‍ ട്രോളിംഗ്, അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍, ആവശ്യമായ രേഖകള്‍ ഇല്ലാതെയും, കളര്‍കോഡ്, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയുമുള്ള മത്സ്യബന്ധനം ഇവയെല്ലാം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കടലില്‍ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. കോവിഡ് 19ന്റെ പ്രതികൂല സാഹചര്യത്തില്‍ ജില്ലയില്‍ മത്സ്യബന്ധനം വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍/ ദുരന്തനിവാരണ വകുപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണം. ഫിഷിങ് ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും കോവിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിച്ച് ഉപജീവനമാര്‍ഗ്ഗം ഉറപ്പുവരുത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
Recommended Video
ഫിഷറീസ്: 0487- 2331132, 2331090
കലക്ടറേറ്റ്- 0487-2362424
അഴീക്കോട് കോസ്റ്റല്‍ പോലീസ്- 0480-2815100
ചാവക്കാട് താലൂക്ക്-0487-2507350
കൊടുങ്ങല്ലൂര്‍ താലൂക്ക്- 0480- 2802336
അഴീക്കോട് ഫിഷറീസ് കണ്‍ട്രോള്‍ റൂം- 0480-2819698
കോസ്റ്റ് ഗാര്‍ഡ്- 1093(ടോള്‍ഫ്രീ)












Click it and Unblock the Notifications