ഗുരുവായൂർ ആനയോട്ടം: കൊമ്പുകുലുക്കി ജേതാവായി ഗോകുൽ
ചെന്താമരാക്ഷൻ, ദേവി, ഗോകുൽ, കണ്ണൻ, വിഷ്ണു എന്നീ ആനകളെയാണ് മുൻനിരയിൽ ഓടുന്നതിന് തിരഞ്ഞെടുത്തിരുന്നത്.

pc: screen Grab
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടന്ന ആനയോട്ടത്തിൽ ഗോകുൽ ജേതാവായി. ചെന്താമരാക്ഷൻ, ദേവി, ഗോകുൽ, കണ്ണൻ, വിഷ്ണു എന്നീ ആനകളെയാണ് മുൻനിരയിൽ ഓടുന്നതിന് തിരഞ്ഞെടുത്തിരുന്നത്. രവികൃഷ്ണൻ, ഗോപികണ്ണൻ എന്നീ കൊമ്പൻമാർ കരുതൽ ആനകളായി ഉണ്ടായിരുന്നു.
ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി എത്തി. മണികൾ ആനകൾക്ക് അണിയിച്ച് മാരാർ ശംഖ് ഊതിയതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കി ഓടി. ക്ഷേത്ര ഗോപുരത്തിൽ ആദ്യം ഓടിയെത്തിയത് ഗോകുലാണ്.
കിഴക്കേ ഗോപുരത്തിലൂടെ മതിൽക്കകത്തേക്ക് ആദ്യം പ്രവേശിച്ച ഗോകുലിനെ വിജയിയായി പ്രഖ്യാപിച്ചു. ഉത്സവത്തിലെ സ്വർണക്കോലം ഏറ്റുന്നതടക്കം ഇനി ഗോകുലിന് ആണ് ചുമതല.
ഉത്സവ നാളുകളിൽ ആനയോട്ടത്തിലെ ജേതാവിന് ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയും ലഭിക്കും. വിദഗ്ദ സമിതി തീരുമാനിച്ച പത്ത് ആനകളിൽനിന്ന് ഓട്ടത്തിൽ പങ്കെടുത്ത അഞ്ച് ആനകളെ നറുക്കിട്ടാണ് നിശ്ചയിച്ചത്. ബ്രഹ്മകലശാഭിഷേക ചടങ്ങിനു ശേഷം ക്ഷേത്രം കിഴക്കെ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ നറുക്കെടുത്തു. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്. മായാദേവി മാനേജർമാരായ എ.കെ. രാധാകൃഷ്ണൻ, ലെജുമോൾ എന്നിവർ ഉണ്ടായിരുന്നു,.. കഴിഞ്ഞ വർഷത്തെ ജേതാവ് രവികൃഷ്ണൻ, ഗോപീകണ്ണൻ എന്നീ ആനകളെ കരുതലായും നിശ്ചയിച്ചിരുന്നു.












Click it and Unblock the Notifications