അനധികൃത മത്സ്യബന്ധനം; തൃശൂരില്‍ ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു
തൃശൂര്‍: എടക്കഴിയൂര്‍ തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ വിഎസ്എം 2 എന്ന വള്ളമാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മലപ്പുറം താനൂര്‍ സ്വദേശി അബ്ദുള്‍ ജലാലിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തില്‍ 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 5 ടണ്‍ അയല ഇനത്തില്‍പ്പെട്ട മത്സ്യമാണ് ഉണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.

മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലില്‍ നിക്ഷേപിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ സര്‍ക്കാരിലേക്ക് ഈടാക്കും.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എന്‍ സുലേഖയുടെ നേതൃത്വത്തില്‍ മുനക്കടവ് കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തത്. കോസ്റ്റല്‍ സി ഐ പി എ ഫൈസല്‍, എഫ് ഇ ഒ സുമിത, മറൈന്‍ എന്‍ഫോഴ്‌സ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി എന്‍ പ്രശാന്ത് കുമാര്‍, ലൈഫ് ഗാര്‍ഡുമാരായ ഷെഫീക്ക്, ഹുസൈന്‍, ഷിഹാബ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത് .
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരുംദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത അറിയിച്ചു.












Click it and Unblock the Notifications