Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുവന്നൂരിൽ ഇഡി പണി തുടങ്ങി; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്, ബുധനാഴ്‌ച ഹാജരാകണം

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളവും ഇഡിയുടെ റഡാറിൽ എന്ന റിപ്പോർട്ടുകൾ ശരിവച്ചു കൊണ്ട് കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ നടപടി ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് കേസിൽ ഇഡി സമൻസ് അയച്ചു. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് വർഗീസിന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.

സമൻസ് കിട്ടിയില്ലെന്നാണ് പറഞ്ഞതെങ്കിലും വിഷയത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമേ ഹാജരാകുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വർഗീസ് നിലപാട് അറിയിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി കരുവന്നൂർ കേസിൽ ശക്തമായ ഇടപെടൽ ഉടൻ നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

mmvarghese

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകുകയും ചെയ്‌തതോടെ നടപടി വൈകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിലെ ഉന്നതനെ തന്നെ ഇഡി നോട്ടമിട്ടിരിക്കുന്നത്. സിപിഎമ്മിന്റെ ചില രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച നിർണായക വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും, റിസര്‍വ് ബാങ്കിനും, ധനമന്ത്രാലയത്തിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കൈമാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ പാർട്ടി അക്കൗണ്ടുകൾ തുറന്നെന്നും കേന്ദ്ര ഏജൻസി ആരോപിക്കുന്നുണ്ട്. ജില്ലയിലെ 17 ഏരിയാകമ്മിറ്റികളുടെ കീഴിൽ ഏകദേശം 25ലേറെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തിയെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഈ അക്കൗണ്ടുകളിലൂടെ 100 കോടിക്ക് മുകളിലുള്ള ഇടപാടുകൾ നടന്നുവെന്നും ഇഡി പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഈ വിഷയം ഉന്നയിച്ചുവെന്നതാണ് ശ്രദ്ധേയം. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ കന്നി പാർലമെന്റ് സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് കരുവന്നൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ബിജെപി ആയുധമാക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കരുവന്നൂർ, സ്വർണക്കടത്ത് കേസുകളിൽ സിപിഎമ്മിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഉന്നത കമ്മ്യൂണിസ്‌റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാൽ നേരത്തെ തന്നെ ഇക്കാര്യത്തിൽ ഇഡി നീക്കത്തെ കുറിച്ച് സൂചന ലഭിച്ചത് കൊണ്ടാണ് അടുത്തിടെ മുഖ്യമന്ത്രി പിണറായി തൃശൂരിൽ മിന്നൽ സന്ദർശനം നടത്തിയതും എംഎം വർഗീസ്, മുൻ മന്ത്രി എസി മൊയ്‌തീൻ അടക്കമുള്ള നേതാക്കളെ കണ്ടതും.

ഇതോടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി-സിപിഎം പോർമുഖം തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. പഠിച്ച പണി പതിനെട്ട് പയറ്റിയായാലും കേരളത്തിൽ ഒരു സീറ്റെങ്കിലും വിജയിക്കാൻ ശ്രമിക്കുന്ന ബിജെപി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമ്പോൾ ശക്തമായ പ്രതിരോധം തീർക്കാനാകും സിപിഎം ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+