കൊറോണ കാലത്തെ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; പ്രതി തൃശൂരില്‍ പിടിയില്‍
തൃശൂര്‍: കൊറോണ കാലത്തെ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്ത സംഭവത്തില്‍ പ്രതി തൃശൂരില്‍ പിടിയിലായി. കൊറോണ കാലഘട്ടത്തില്‍ കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറവു നല്‍കാം എന്ന വ്യാജേന വന്‍തോതില്‍ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് പ്രതി ഒട്ടേറെ വാഹനഉടമകളെ വഞ്ചിച്ചിക്കുകയായിരുന്നു. തിരുവനന്തപുരം നേമം കുടുംബന്നൂര്‍ ശക്തി ഇല്ലത്തില്‍ വിബിന്‍ ലൂയിസിനെയാണ് (36) മെഡിക്കല്‍കോളേജ് പോലീസ് അറസ്റ്റുചെയ്തത്. കുറച്ചു നാളുകളായി ഇയാള്‍ എറണാകുളം വടുതലയിലാണ് താമസിച്ചുവരുന്നത്.

മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളുടെ വാഹനം അപകടത്തില്‍പെട്ടതു സംബന്ധിച്ച കേസാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കേസുമായി കോടതിയിലെത്തിയപ്പോള്‍ അപകടത്തില്‍പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു എന്നാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ ബോധിപ്പിച്ചത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ ഇപ്രകാരത്തിലുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കമ്പനി കൊടുത്തിട്ടില്ലെന്ന് അറിയിച്ചു.
ഇതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനിയുടെ ലീഗല്‍ വിഭാഗം തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍കോളേജ് ഇന്‍സ്‌പെക്ടര്‍ പി.പി ജോയി സബ് ഇന്‍സ്‌പെക്ടര്‍ എം. സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
വാഹനത്തിന് ഇന്‍ഷുറന്‍സ് തരപ്പെടുത്തി നല്‍കിയ ഏജന്റ് മിണാലൂര്‍ സ്വദേശി പ്രദീഷിനെയാണ് അന്വേഷണ സംഘം ആദ്യം അറസ്റ്റുചെയ്തത് പിന്നീടാണ് വടുതലയില്‍ നിന്നും മുഖ്യ പ്രതി വിബിന്‍ ലൂയിസിനെ അറസ്റ്റുചെയ്യുകയായിരുന്നു. എറണാകുളം ജില്ലയില്‍ ഇയാള്‍ക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിലും ഇയാള്‍ പ്രതിയാണ്. സബ് ഇന്‍സ്‌പെക്ടര്‍ എം. സുഭാഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പിഒ സുഭാഷ്, സിവില്‍ പോലീസ് ഓഫീസറായ ഡിജോ, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications