തൃശൂരില്‍ തെരുവുനായ ആക്രമണം; നാല് കുട്ടികള്‍ക്ക് കടിയേറ്റു, നായയെ തല്ലിക്കൊന്ന് നാട്ടുകാര്‍
തൃശൂര്‍: തൃശൂരില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ശുശ്രൂഷ നല്‍കി വിട്ടയച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌നേഹതീരം ബീച്ചിനോട് ചേര്‍ന്ന നമ്പിക്കടവ് പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.

തീര്‍ഥ എന്ന കുട്ടിക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ ഓത്തുപള്ളിയിലേക്ക് പോവുകയായിരുന്ന ഹംദാനെയും മുഹമ്മദ് അമീനെയും നായ ആക്രമിക്കുകയായിരുന്നു. അമീന്റെ നിലവിളി കേട്ടെത്തിയ അമൃത എന്ന ഒമ്പാതാം ക്ലാസുകാരിക്കും നായയുടെ കടിയേറ്റു. അമൃതയ്ക്കും അമീനും കാലിലും ഹംദാന് ചെവിക്ക് പിന്നിലും കൈയ്ക്കുമാണ് കടിയേറ്റത്.
ഈ നായ തൊട്ടടുത്തുള്ള വീട്ടിലെ വളര്‍ത്തു നായ്ക്കളെയും ആക്രമിച്ചിരുന്നു. കടല്‍ തീരത്തേക്ക് പോയ നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. ബീച്ചിനോട് ചേര്‍ന്ന പൊന്തക്കാടുകളില്‍ നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തളിക്കുളം പഞ്ചായത്ത് അറിയിച്ചു.












Click it and Unblock the Notifications