റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; അഞ്ച് മരണം, ഡ്രൈവറും ക്ലീനറും അറസ്റ്റില്‍
തൃശ്ശൂര്‍: തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടിസംഘത്തിന് മേലാണ് ലോറി പാഞ്ഞുകയറിയത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.
കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവര്‍. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിക ജെകെ തിയ്യേറ്ററിനടുത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ അഞ്ച് പേരും മരിച്ചു.

റോഡരികില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നതായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ക്ലീനറാണ് വാഹനമോടിച്ചിരുന്നത് എന്ന് വ്യക്തമായി. ഇയാള്‍ മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. ക്ലീനര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനറേയും ഡ്രൈവറേയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറും മദ്യപിച്ചിട്ടുണ്ടായിരുന്നു. അപകടം നടന്നിട്ടും ലോറി നിര്‍ത്താതെ പോയ ഡ്രൈവറേയും ക്ലീനറേയും പിടികൂടിയത് സമീപത്തെ ഗ്രൗണ്ടില്‍ പരീശീലനം നടത്തിയിരുന്ന യുവാക്കളാണ്. വൈകാതെ സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് സംഘത്തിന് യുവാക്കള്‍ പ്രതികളെ കൈമാറുകയായിരുന്നു.
KL 59 X 8789 എന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. തടി കയറ്റി വന്ന ലോറിക്ക് ഏകദേശം മൂന്നു ടണ്‍ ഭാരം ഉണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം. 12 പേരാണ് റോഡില്‍ കിടന്നുറങ്ങിയിരുന്നത്. വലപ്പാട് തൃപ്രയാര്‍ മേഖലകളില്‍ ചെറിയ ജോലി ചെയ്താണ് നാടോടി സംഘം ജീവിച്ചിരുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.












Click it and Unblock the Notifications