ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണു; അച്ഛന് പിന്നാലെ മൂന്നര വയസുകാരനും മരിച്ചു
എറവ് (തൃശൂർ) : ആശുപത്രിയിൽ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവറും മൂന്നര വയസുകാരനായ മകനും മരിച്ചു. എടതിരിഞ്ഞി പടിയൂർ ചളിങ്ങാട് സുകുമാരന്റെ മകൻ ജിതിൻ (30), മകൻ അദ്രിനാഥ് എന്നിവരാണ് മരിച്ചത്.
ജിതിന്റെ ഭാര്യ നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ(55) എന്നിവരെ ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ചർദ്ദിയും ബാധിച്ച അദ്രിനാഥിനെ ഇന്നലെ പുലർച്ചയോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് ഓട്ടോ ടാക്സിയിൽ മടങ്ങുകയായിരുന്നു ജിതിനും കുടുംബവും.

എതിരെ വന്ന പുത്തൻപീടിക പാദുവ ആംബുലൻസുമായാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഓട്ടോയെ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചു മാറ്റുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലെ 4 പേരും റോഡിലേക്ക് തെറിച്ചുവീണു. ജിതിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓട്ടോയുടെ മുൻപിൽ വീണുകിടന്ന അദ്രിനാഥ് ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
റോഡിൽ വീണ നീതുവിന്റെ കാൽ ഓട്ടോയുടെ മുൻ സീറ്റിൽ കുടുങ്ങിയിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ഇതുവഴി വന്ന മറ്റു വാഹനയാത്രക്കാരും ചേർന്നാണ് ഓട്ടോയുടെ മുൻവശം പൊളിച്ച് നീതുവിനെ പുറത്തെടുത്തത്. ആംബുലൻസിൽ ഉള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പെയിന്റ് പണിക്കാരനായ ജിതിൻ ആംബുലൻസ്, ടൂറിസ്റ്റ് ബസ് ഡ്രൈവറായും ജോലി ചെയ്യുന്നുണ്ടായിരുന്നു. ശൈലജയാണ് അമ്മ.












Click it and Unblock the Notifications