'തൃശൂർ പൂരം കലക്കിയത് അജിത് കുമാർ, അന്വേഷണ റിപ്പോർട്ട് തട്ടിക്കൂട്ട്'; ആഞ്ഞടിച്ച് സിപിഐ മുഖപത്രം
കോഴിക്കോട്: തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം. 'അജിത് കുമാറും ഓടുന്ന കുതിരയും' എന്ന പേരിൽ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ ലേഖനത്തിലാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിനെ പാടെ തള്ളുകയും പൂരം അലങ്കോലമായതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരിക്കുന്നതും.
തൃശൂർ പൂരം കലക്കിയത് അജിത് കുമാർ തന്നെയാണെന്ന് ആ സമയത്തെ വീഡിയോ ഉദ്ധരിച്ചുകൊണ്ട് ലേഖനത്തിൽ ആരോപിക്കുന്നുണ്ട്. എഡിജിപി ഉള്ളപ്പോൾ എങ്ങനെയാണ് എസ്‌പി പൂരം നിയന്ത്രിക്കുക എന്ന് ചോദിച്ച ലേഖനം അന്വേഷണ റിപ്പോർട്ട് വെറും തട്ടിക്കൂട്ട് ആണെന്നും നാണംകെട്ട റിപ്പോർട്ടാണ് ഇതെന്നും കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു.

പൂരം നിയന്ത്രിച്ചത് അജിത് കുമാർ ആണെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം തന്നെ അന്വേഷിക്കുമ്പോൾ ഇങ്ങനെ അല്ലാതെ എങ്ങനെ റിപ്പോർട്ട് നൽകുമെന്നും ലേഖനത്തിൽ ചോദിക്കുന്നു. പരിചയക്കുറവുള്ള എസ്‌പിയുടെയും നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും മേൽ പഴിചാരുന്ന റിപ്പോർട്ട് ആണിതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
പൂരം കലക്കുന്നതിനെ കുറിച്ചും എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്നതിനെ കുറിച്ചും നീക്കങ്ങൾ നടത്തുന്നത് വീഡിയോകളിൽ വ്യക്തമായി കാണാമെന്നും ലേഖനം ആരോപിക്കുന്നു. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത്കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുകയാണ്, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ട്; ലേഖനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തൃശൂർ പൂരം നിയന്ത്രണത്തിലെ പോലീസ് വീഴ്‌ചകളെ കുറിച്ച് അന്വേഷിച്ച എഡിജിപി എംആർ അജിത്കുമാറിന്റെ റിപ്പോർട്ട് പുറത്ത് വന്നത്. പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ. കമ്മീഷണർക്ക് വീഴ്‌ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ ഇതിന് പിന്നാലെ വിമർശനവുമായി സിപിഐ നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളി തൃശൂരിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച വിഎസ് സുനിൽകുമാർ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം അലങ്കോലമാവില്ലെന്നാണ് സുനിൽ കുമാർ പറഞ്ഞത്.
പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ഇടപെടലും ഉണ്ടായിട്ടുണ്ടെന്നും സുനിൽകുമാർ ആരോപിച്ചു. കൂടാതെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരനും റിപ്പോർട്ട് തള്ളി. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുന്നതായി മുരളീധരൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications