ജയിലില്‍ കിടന്നത് രണ്ടരമാസം; ഷീലയില്‍ നിന്നും പിടിച്ചെടുത്തത് ലഹരിയല്ല; കേസില്‍ വന്‍ വഴിത്തിരിവ്
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഷീ സ്റ്റൈല്‍ എന്ന ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല സണ്ണിയില്‍ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രണ്ട് മാസത്തോളമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. ഇതിന് ശേഷമാണ് ഷീലയുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് വ്യക്തമായത്.
ഷീലയെ പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് ഷീല സണ്ണിയെ 12 എല്‍ എസ് ഡി സ്റ്റാംപുമായി പിടിച്ചെന്ന് അറിയിച്ച് ചാലക്കുട് എക്‌സൈസ് വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത എല്‍ എസ് ഡി സ്റ്റാംപുകള്‍ വിദഗ്ദ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നാണ് പുറത്തുവന്നത്.

ഒരു ലക്ഷം രൂപയുടെ ലഹരി മരുന്നുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ എല്‍ എസ് ഡി സ്റ്റാംപ് വില്‍പനയെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കൂടാതെ സ്ത്രീകളാണ് ഉപഭോക്താക്കളെന്നും എക്‌സൈസ് വ്യക്തമാക്കിയിരുന്നു.
ബ്യൂട്ടി പാര്‍ലറില്‍ എക്‌സൈസ് ലഹരി വില്‍പന നടക്കുന്നതായി എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവരെ പിടികൂടിയതെന്നായിരുന്നു എക്‌സൈസ് പറയുന്നത്. അതേസമയം, സത്യാവസ്ഥ പുറത്തുവന്നതിന് പിന്നാലെ എക്‌സൈസിനെതിരെ ഗുരുതര ആരോപണവുമായി ഷീല രംഗത്തെത്തി.
ആരോ കൃത്യമായി പറഞ്ഞുകൊടുത്ത പോലെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തിയതെന്ന് ഷീല പറഞ്ഞു. ബ്യൂട്ടി പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നിട്ടും കൃത്യമായി ഒരു ബാഗ് തുറന്ന് അതിന്റെ അറയില്‍ നിന്ന് ഒരു പൊതിയെടുത്തതായി ഷീല പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ഷീലയുടെ പ്രതികരണം.
'ഫെബ്രുവരി 27ന് വൈകീട്ട് അഞ്ചിന് കുറച്ച് ഓഫീസര്‍മാര്‍ പാര്‍ലറിലേക്ക് വന്നത്. ഞാന്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരം കിട്ടി. പരിശോധിക്കണമെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ പരിശോധിച്ചോളാന്‍ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പരിശോധിക്കാന്‍ വന്നവര്‍ വേറെ എവിടെയും നോക്കിയിട്ടില്ല. ബ്യൂട്ടി പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നു. പക്ഷേ, അവര്‍ വന്നു നോക്കിയത് എന്റെ ബാഗിലായിരുന്നു'- ഷീല പറഞ്ഞു.












Click it and Unblock the Notifications