വയനാട് വെറുമൊരു മണ്ഡലമല്ല, താരപ്രഭയേറും; പ്രചാരണത്തിന് ആവേശം വിതറാന്‍ ദേശീയ നേതാക്കളെത്തും
കല്‍പ്പറ്റ: വയനാട്ടിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും ചില്ലറക്കാരല്ല. അതുകൊണ്ട് തന്നെ ദേശീയ നേതാക്കളുടെ വന്‍ കുത്തൊഴുക്കാണ് മണ്ഡലത്തില്‍ ഉണ്ടാവാന്‍ പോകുന്നത്. വെറും പന്ത്രണ്ട് ദിവസം മാത്രമാണ് ഇനി വോട്ടെടുപ്പിന് ഉള്ളത്. വിഷുവിനും പ്രചാരണത്തില്‍ ഒട്ടും പിന്നില്‍ അല്ല മുന്നണികള്‍. വിഷു ആശംസകളും കണിക്കൊന്നയും വരെ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിക്കുന്നുണ്ട്.
പ്രചാരണ രംഗത്ത് മേല്‍ക്കൈ ആനി രാജയ്ക്കാണെന്ന് പറയാം. കാരണം മണ്ഡലത്തില്‍ അവര്‍ നേരത്തെ എത്തി പ്രചാരണം ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് ക ്‌യാമ്പില്‍ വോട്ടുകുറയുമെന്ന ആശങ്ക ഇപ്പോഴേ ഉണ്ട്. രാഹുല്‍ ഗാന്ധിക്ക് ആണെങ്കില്‍ മണ്ഡലത്തില്‍ സജീവമാകാന്‍ സാധിച്ചിട്ടില്ല.

രാഹുലിന് ദേശീയ നേതാവെന്ന നിലയില്‍ തിരക്കുകളുണ്ട്. അതുകൊണ്ടാണ് വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ സാധിക്കാത്തത്. എന്നാല്‍ യുഡിഎഫ് ഇക്കാര്യത്തില്‍ സജീവമായി രംഗത്തുണ്ട്. അടിത്തട്ട് വരെ വോട്ടുറപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.
അവസാനമാണ് എത്തിയതെങ്കിലും ദേശീയ തലത്തില്‍ നിന്ന് വമ്പന്‍ നേതാക്കളെ കൊണ്ടുവന്ന് പോരായ്മകള്‍ പരിഹരിക്കാനും സുരേന്ദ്രന്‍ ശ്രമിക്കുന്നുണ്ട്. ചൂടാണ് സ്ഥാനാര്‍ത്ഥികളെ ഇപ്പോള്‍ വലയ്ക്കുന്നത്. പൊതുയോഗങ്ങള്‍ എല്ലാം കുറഞ്ഞിരിക്കുകയാണ്. കുടുംബ സംഗമങ്ങളിലാണ് ശ്രദ്ധമുഴുവന്‍.
അതേസമയം അവസാന ലാപ്പ് പോരാട്ടത്തിലേക്ക് കടക്കുന്നതിനാല്‍ ചെറിയ പരിപാടികള്‍ക്കൊന്നും മുന്നണികള്‍ ഇനി തയ്യാറല്ല. രാഹുല്‍ ഗാന്ധി തിങ്കളാഴ്ച്ചയാണ് മണ്ഡലത്തിലെത്തുന്നത്. പ്രചാരണം അദ്ദേഹം സജീവമാക്കാന്‍ പോവുകയാണ്. ബത്തേരി, മാനന്തവാടി വെള്ളമുണ്ട, പടിഞ്ഞാറത്തറ, എന്നിവിടങ്ങളില്‍ റോഡ് ഷോയും പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമവും അടക്കമുള്ള വമ്പന്‍ പരിപാടികളാണ് രാഹുലിന് മണ്ഡലത്തിലുള്ളതെന്ന് യുഡിഎഫ് നേതാക്കള്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
രാഹുലിനായി നേതാക്കളുടെ വന്‍ നിരയാണ് വരാനിരിക്കുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഏപ്രില്‍ പതിനെട്ടിന് എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 20നും, പ്രിയങ്ക ഗാന്ധി 22നും മണ്ഡലത്തിലെത്തും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എത്തിയേക്കും.
ആനി രാജയുടെ പ്രചാരണവും ഒട്ടും പുറകില്‍ അല്ല. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രചാരണത്തിനായി എത്തും. കല്‍പ്പറ്റയില്‍ മെഗാ റോഡ് ഷോയും ഇടതുമുന്നണിക്കുണ്ടാവും. കെ സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് സ്മൃതി ഇറാനി എത്തിയിരുന്നു. കൂടുതല്‍ ദേശീയ നേതാക്കള്‍ മണ്ഡലത്തിലേക്ക് ഉടന്‍ എത്തുമെന്നാണ് എന്‍ഡിഎ നേതൃത്വം പറയുന്നത്.
കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും ഇല്ലാത്ത തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ വയനാട്ടിലെത്തും. ഉത്തരേന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അടക്കം നേരത്തെ ജില്ലയിലെത്തിയിരുന്നു. രാഹുലിന്റെ ഭൂരിപക്ഷം അഞ്ച് ലക്ഷമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് കുറച്ച് ബുദ്ധിമുട്ടായിരിക്കും നേടിയെടുക്കാന്‍.












Click it and Unblock the Notifications