എഐ ക്യാമറയുടെ കണ്ണിൽപ്പെട്ടു; കെഎസ്ഇബി ജീപ്പിന് പിഴയിട്ടത് 20500 രൂപ; സംഭവം ഇങ്ങനെ
കൽപ്പറ്റ: ഒടിഞ്ഞുവീണ മരക്കൊമ്പുകൾ നീക്കം ചെയ്യാൻ ജീപ്പിന് മുകളിൽ തോട്ടിയുമായി പോയ കെഎസ്ഇബിക്ക് എഐ ക്യാമറയുടെ കണ്ണിൽപ്പെട്ടു. ജീപ്പിന് പിഴ ചുമത്തുകയും ചെയ്തു. അമ്പലവയൽ കെഎസ്ഇബിയിലെ ജീപ്പിനാണ് മോട്ടോർ വാഹനവകുപ്പ് 20,500 രൂപ പിഴ ചുമത്തിയത്.
വൈദ്യുതി ലൈനിന് ചേർന്നുനിൽക്കുന്ന അപകടസാധ്യതയുള്ള മരക്കൊമ്പുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന തോട്ടി ഉൾപ്പെടെയുള്ള സാധാനങ്ങളുമായി പോയ ജീപ്പാണ് അമ്പലവയൽ ടൗണിലെ എഐ ക്യാമറയിൽ പെട്ടത്. വാഹനത്തിന് മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയും ആണ് പിഴയായി ചുമത്തിയത്.

കെഎസ്ഇബിക്കായി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിനാണ് പിഴ. തുടർന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതരുമായി കെഎസ്ഇബി ജീവനക്കാർ സംസാരിച്ച് തോട്ടിയുൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടു പോയതിനുള്ള പിഴയായ 20,000 രൂപ ഒഴിവാക്കി. എന്നാൽ സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം.
വിവിധ ജോലികൾക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുമ്പോൾ എഐ ക്യാമറയിൽപെടില്ലേ എന്നാണ് കെഎസ്ഇബി അധികൃതരുടെ ആശങ്ക. ജോലികൾക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകാൻ മറ്റ് വഴിയില്ല . ഇനിയും ക്യാമറയിൽ പെട്ടാൽ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് കെഎസ്ഇബി ആലോചിക്കുന്നത്.












Click it and Unblock the Notifications