''സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചു'', കൊന്ന് കെട്ടിത്തൂക്കിയെന്ന് മാതാപിതാക്കള്‍
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് ജയപ്രകാശ്. സിദ്ധാര്‍ത്ഥിനെ കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ജയപ്രകാശ് ആരോപിച്ചു. സഹപാഠികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയതെന്നും ജയപ്രകാശ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല, തന്നോട് മരിക്കുന്ന ദിവസവും ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ജയപ്രകാശ് പറയുന്നു. അതേസമയം പിതാവിന്റെ പ്രതികരണത്തോടെ എസ്എഫ്‌ഐ പ്രതിരോധത്തിലായിരിക്കുകയാണ്.

''ഫെബ്രുവരി പതിനാലിന് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സിദ്ധാര്‍ത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ എസ്എഫ്‌ഐ നേതാക്കള്‍ ക്രൂരമായി സിദ്ധാര്‍ത്ഥിനെ മര്‍ദിക്കുകയായിരുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ വിവസ്ത്രനാക്കി അടിച്ചു. ബെല്‍റ്റ് കൊണ്ടും പലവട്ടം അടിച്ചു''. മൂന്ന് ദിവസം മകന് ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അമ്മ പറഞ്ഞു. അവന്‍ അങ്ങനെ ചെയ്യില്ല. സിദ്ധാര്‍ത്ഥിനെ എല്ലാവരും ചേര്‍ന്ന് അടിച്ചുകൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മാതാപിതാക്കള്‍ പറയുന്നു.
വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. ഈ മാസം പതിനെട്ടിന് ഡോര്‍മിറ്ററിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയത്.
സിദ്ധാര്‍ത്ഥ് ഈ മാസം പതിനഞ്ചിന് വീട്ടിലേക്ക് വരാനായി ട്രെയിന്‍ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോവുകയായിരുന്നുവെന്ന് അമ്മ പറയുന്നു. ഫോണില്‍ മകന്‍ നന്നായി എന്നും സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ മകന്‍ തിരിച്ചുപോയ ശേഷം കാര്യമായിട്ടൊന്നും സംസാരിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വൈത്തിരി പോലീസ് പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. കോളേജ് അധികൃതര്‍ ഇതൊന്നും അറിയാതിരുന്നത് എന്തുകൊണ്ടാണെന്നും സിദ്ധാര്‍ത്ഥിന്റെ കുടുംബം ചോദിക്കുന്നുണ്ട്.
അതേസമയം സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നതാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. കോളേജിലെ ഒരു പരിപാടിയില്‍ ഡാന്‍സ് ചെയ്തതിന്റെ പേരിലാണ് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത്. ക്രിമിനലുകളുടെ സംഘമായി എസ്എഫ്‌ഐ മാറി കഴിഞ്ഞു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
''ഇരുമ്പ് ദണ്ഡുകൊണ്ടും ബെല്‍റ്റുകൊണ്ടുമായിരുന്നു സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ കുട്ടിയെയാണ് എസ്എഫ്‌ഐ നേതാക്കള്‍ ഇല്ലാതാക്കിയത്. സര്‍വകലാശാലയിലെ ഡീന്‍ അടക്കമുള്ള അധ്യാപകര്‍ ഇത് മറച്ചുവെക്കാന്‍ ശ്രമിച്ചത് അത്ഭുതപ്പെടുന്നു''. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളോട് പുറത്തുപറയരുതെന്നാണ് നിര്‍ബന്ധിച്ചതെന്നും സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications