ഇരുട്ടില്‍ മൂടി കല്‍പ്പറ്റ, തെരുവിളുകള്‍ പ്രകാശിക്കുന്നില്ല, നാട്ടുകാര്‍ക്ക് വന്‍ പരാതി
കല്‍പറ്റ: തെരുവുവിളക്കുകള്‍ പണിമുടക്കി കല്‍പ്പറ്റ ടൗണ്‍. പലയിടത്തും പ്രകാശമില്ലാതെ ജനമാകെ ഇരുട്ടില്‍ തപ്പി നടക്കുകയാണ്. പലയിടത്തും രാത്രി പുറത്തിറങ്ങുക ദുഷ്‌കരമായ സാഹചര്യമാണ്.
തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനെ തുടര്‍ന്ന് വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കടുത്ത ദുരിതമാണ്. എസ്പി ഓഫീസ് റോഡിലെ, സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെയും ഫാത്തിമ മാതാ ആശുപത്രി-പള്ളിത്താഴെ റോഡിലെയും തെരുവ് വിളിക്കുകയാണ് പ്രകാശിക്കാത്തത്.

വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വരെയാണ് ഇവിടെ വെളിച്ചമുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ ഈ രണ്ടിടങ്ങളിലും ഒരേസമയം ഇരുട്ടിലാകും. എന്തൊക്കെ പറഞ്ഞിട്ടും അധികൃതരുടെ കണ്ണുതുറക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് സമീപം വിരലില്‍ എണ്ണാവുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രമാണ് ഉള്ളത്. രാത്രിയാകുന്നതോടെ ഈ മേഖലയില്‍ ജനസഞ്ചാരവും കുറവാണ്. രാത്രി സമയങ്ങളില്‍ വീടുകളില്‍ നിന്നുള്ള വെളിച്ചമാണ് ഇവിടെ ആകെയുള്ളത്.
അതേസമയം പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. കള്ളന്മാരുടെ ശല്യം വേറെയുണ്ട്. മോഷ്ടാക്കളെ ഭയന്ന് രാത്രി മുഴുവന്‍ ലൈറ്റുകള്‍ തെളിച്ച് വെയ്‌ക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനൊരു പരിഹാരം കാണണമെങ്കില്‍ തെരുവുവിളക്കുകള്‍ അത്യാവശ്യമാണെന്ന് കച്ചവടക്കാരും പറയുന്നു. ആരോടാണ് പരാതി പറയണമെന്ന് അറിയാതെ ഇരിക്കുകയാണ് ഇവര്‍. എന്നാല്‍ വൈദ്യുതി വകുപ്പോ സര്‍ക്കാരോ ഇതുവരെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല.
ഇവിടെ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഏതാണ്ട് ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ചില ദിവസങ്ങളില്‍ ടൗണിലെ ഭൂരിഭാഗം മേഖലകളിലെയും തെരുവുവിളക്കുകള്‍ വേണ്ട സമയത്തൊന്നും പ്രകാശിക്കാറില്ലെന്നാണ് പരാതി. അതേസമയം പകല്‍ സമയങ്ങളില്‍ ഈ തെരുവ് വിളക്കുകള്‍ ചില ദിവസങ്ങളില്‍ പ്രകാശിക്കാറുണ്ട്. ഇതാണ് നാട്ടുകാര്‍ രോഷത്തോടെ പറയുന്നത്.












Click it and Unblock the Notifications