പാരിസ്ഥിതികാഘാത പ്രദേശം: വയനാട് ഗവ. മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം
കല്‍പ്പറ്റ: വയനാട്ടുകാരുടെ ഏറ്റവും വലിയ സ്വപ്നപദ്ധതിയായ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രി ഉപേക്ഷിക്കാന്‍ നീക്കം. നിലവില്‍ തീരുമാനിച്ച സ്ഥലം പാരിസ്ഥിതിക ആഘാത പ്രദേശമാണെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണിത്. ഒമ്പത് ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പിന്നോക്കജില്ലയായ വയനാട്ടില്‍ മെഡിക്കല്‍ കോളജ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ജില്ലയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലക്കായി മെഡിക്കല്‍ കോളജ് പ്രഖ്യാപിക്കുന്നത്. 900 കോടി രൂപയുടെ മെഡിസിറ്റിയെന്ന ബൃഹത്പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. കോളജിനായി സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. തുടര്‍ന്ന് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് കല്‍പ്പറ്റ പുളിയാര്‍മലയില്‍ 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. സര്‍ക്കാര്‍ തുടര്‍നടപടികളെന്നോണം ഈ ഭൂമി ഏറ്റെടുത്തു. 2015 ജൂലൈ 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.

രണ്ട് ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ആദ്യഘട്ടത്തില്‍ 300 കിടക്കകളുള്ള ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കാനും ലക്ഷ്യമിട്ടു. രണ്ടാംഘട്ടത്തില്‍ പി.ജി പഠനത്തിനുളള സൗകര്യങ്ങളും മൂന്നാംഘട്ടത്തില്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കോണ്‍ക്രീറ്റിന് പകരം സ്റ്റീല്‍ ഉപയോഗിച്ചുളള നിര്‍മ്മാണമായിരുന്നു പരിഗണിച്ചത്. മെഡിക്കല്‍ കോളേജിലേയ്ക്കുളള 1.8 കിലോമീറ്റര്‍ റോഡ് മനോഹരമായ നാല് വരിപ്പാതയാക്കാനാണ് ലക്ഷ്യമിട്ടത്.

പ്രവേശന കവാടത്തിനടുത്ത് മെയിന്‍ റോഡില്‍ നിന്ന് മാറി വാഹന പാര്‍ക്കിങ്ങിനുളള സൗകര്യവും ബസ്‌ബേയും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരുന്നു. വയനാടിനെ ഏറെ ബാധിക്കുന്ന കുരങ്ങ് പനി, ക്യാന്‍സര്‍, അരിവാള്‍ രോഗം തുടങ്ങിവക്ക് പ്രതേ്യക ചികിത്സാ വിഭാഗവും ഗവേഷണ സൗകര്യങ്ങളും ഉള്‍പ്പെടുത്താനും ധാരണയായിരുന്നു. ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ സര്‍വ്വകലാശാലകളുമായും ധാരണയിലെത്തി കൂടുതല്‍ ഗവേഷണ-ചികിത്സാ സൗകര്യങ്ങളൊരുക്കാനും, പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്‌ക്കരണത്തിനും ഊന്നല്‍ നല്‍കി പദ്ധതി നടപ്പിലാക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചി മാട്രിക്‌സ് ഹെല്‍ത്ത് കെയര്‍ ആര്‍കിടെക്‌റ്റേഴ്‌സാണ് പദ്ധതിപ്രദേശം സന്ദര്‍ശിച്ച് വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. തുടര്‍ന്ന് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ബജറ്റില്‍ 25 കോടി രൂപയും നബാര്‍ഡില്‍ നിന്ന് 41 കോടിയും വയനാട് മെഡിക്കല്‍ കോളജിവായി വകയിരുത്തി.
തുടര്‍ന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കല്‍ കോളജ് റോഡ് പ്രവൃത്തിയുടെ ശിലാസ്ഥാപനവും നടത്തി. പിന്നീട് റോഡിന്റെ പ്രവൃത്തിയും ആരംഭിച്ചു. ഇതിനിടെ മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തി. ഇതെല്ലാം ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം നടക്കുന്നത്. അതേസമയം, ഒരു കാരണവശാലും നിര്‍ദ്ദിശ്ട സ്ഥലത്ത് നിന്നും മെഡിക്കല്‍ കോളജ് മാറ്റരുതെന്നും നിലവിലുള്ള പാരിസ്ഥിതിക റിപ്പോര്‍ട്ട് പുനരിശോധിക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. ഈ ആവശ്യമടക്കം ഉന്നയിച്ച് ജനുവരി 23ന് കലക്‌ട്രേറ്റ് ധര്‍ണ നടത്താനും യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications