ആളെക്കൊല്ലി കാട്ടാനയെ ഉടന്‍ മയക്കുവെടി വെക്കും, എല്ലാം സജ്ജം.. രണ്ട് കുങ്കിയാനകള്‍ കൂടി സ്ഥലത്തേക്ക്
വയനാട്: മാനന്തവാടി പടമലയില്‍ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന മഖ്നയെ ഇന്ന് തന്നെ മയക്കുവെടി വെക്കും. ബേലൂര്‍ മഖ്‌ന ന്ന കാട്ടാന നിലവില്‍ ചാലിഗദ്ധ ഭാഗത്താണ് ഉള്ളത്. മയക്കുവെടി വെച്ചാല്‍ ആനയെ മുത്തങ്ങയിലേക്ക് മാറ്റും എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ബേലൂര്‍ മഖ്‌നയെ ആര്‍ ആര്‍ ടി അകലമിട്ടു നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. കുന്നില്‍ മുകളില്‍ ഉള്ള ആനയെ സുരക്ഷിതമായി ഇറക്കാനാകും ആദ്യം ദൗത്യ സംഘം ശ്രമിക്കുക.
രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും എന്നാണ് വിവരം. കൂടുതല്‍ വെറ്റിനറി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിരിക്കുകയാണ്. വിശദമായ ആരോഗ്യ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷമെ വനംവകുപ്പ് തുടര്‍ നടപടി സ്വീകരിക്കൂ. നോര്‍ത്തേണ്‍ സി സി എഫ് മാനന്തവാടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഡോ. അജേഷ് മോഹന്‍ദാസ് ആണ് വെറ്റിനറി ടീമിനെ നയിക്കുന്നത്. ഇന്നലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന മാനന്തവാടിയില്‍ ഇറങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന മാനന്തവാടിയില്‍ ഇറങ്ങുന്നത്. ആദ്യം തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാന ടൗണില്‍ ഇറങ്ങിയിരുന്നു. ഇതിനെ മയക്കു വെടി വെച്ചതിന് പിന്നാലെ ഇത് ചെരിഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ബേലൂര്‍ മഖ്‌നയും മാനന്തവാടിയില്‍ എത്തിയത്. മഖ്‌നയുടെ ആക്രമണത്തില്‍ ഇന്നലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പടമലത്ത് പനച്ചിയില്‍ അജീഷ് ആണ് കൊല്ലപ്പെട്ടത്. ഓടിയെത്തിയ കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ അജീഷിനെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ജോമോന്‍ പായിക്കണ്ടത്തില്‍ എന്നയാളുടെ വീട്ടു മുറ്റത്തിട്ടാണ് അജീഷിനെ കാട്ടാന കൊലപ്പെടുത്തിയത്.
അജീഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അല്‍ഫോന്‍സാ ദേവാലയത്തിന്റെ സെമിത്തേരിയില്‍ ആണ് സംസ്‌കാരം. ശനിയാഴ്ച രാത്രി എട്ടരയോടെ ആണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതിന് ശേഷം 10 മണിയോടെ മൃതശരീരം വീട്ടില്‍ എത്തിച്ചു. ഇന്ന് 2 മണിവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാര്യക്ക് ജോലി നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.












Click it and Unblock the Notifications