'എവിടെപ്പോയാലും വൈകീട്ട് വീട്ടിലെത്തുമെന്ന് പറയില്ലേ, ഇനിയെന്താ ഞാൻ പറയുക'; നിറകണ്ണുകളോടെ ശ്രീധരൻ
മേപ്പാടി: വയനാട് ജില്ല കടന്നുപോകുന്നത് വലിയ ദുരന്തത്തിലൂടെയാണ്. നിരവധിപേർക്ക് ജീവൻ നഷ്ടമായി. ഒരുപാട് പേർ ഇപ്പോഴും കാണാമറയത്ത്. രക്ഷപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അപ്പോഴും അവരുടെ നെഞ്ചിലെ ആളൽ മാറുന്നില്ല. പ്രിയപ്പെട്ടവർ എവിടെയാണെന്നറിയാതെ, ഇനി എവിടെ കയറിക്കിടക്കുമെന്നറിയാതെ എല്ലുമുറിയെ പണിയെടുത്ത് ഉണ്ടാക്കിയ വീടും മണ്ണുമൊക്കെ പോയി പകച്ചുനിൽക്കുകയാണ് പലരും.
ക്യാമ്പ് തീരുമ്പോൾ എങ്ങോട്ട് പോകുമെന്ന് അറിയാതെ നിൽക്കുകയാണ് ചൂരൽമല സ്വദേശി ശ്രീധരനും സുധയും. ഒരാഴ്ച കഴിഞ്ഞാൽ ക്യാമ്പ് തീരും, പിന്നെ എങ്ങോട്ട് പോകും സ്വന്തമെന്ന് പറയാനുണ്ടായിരുന്ന ഇത്തിരി മണ്ണും പോയി എന്നാണ് ശ്രീധരനും സുധയും പറയുന്നത്.

ഞങ്ങൾക്ക് ആരുമില്ല. പെൺമക്കളെ വിവാഹം ചെയ്ത് അയച്ചു. വീട്ടിൽ ഞങ്ങൾ രണ്ട് പേർ മാത്രം. വലിയ ശബ്ദത്തോടെ ഉരുളും മലവെള്ളപ്പാച്ചിലും അലച്ചെത്തുകയായിരുന്നു. ഇറങ്ങിയോടിയത് മാത്രമെ ഓർമയുള്ളൂ. ഇപ്പോൾ വീട് നിന്നിടത്ത് ഒന്നുമില്ല. സ്ഥലം പോലും തിരിച്ചറിയാതായി, സുധ പറഞ്ഞതായി മാതൃഭൂമി. കോം റിപ്പോർട്ട് ചെയ്യുന്നു
എവിടെ പോയാലും വൈകീട്ട് വീട്ടിലെത്തും എന്ന് പറയില്ലേ. ഇനിയെന്താ ഞാൻ പറയുക. ഇനിയൊരു വീട് ഉണ്ടാക്കാമെന്ന് വിശ്വാസമില്ല. ശ്രീധരനും പറയുന്നു. 2018 ലെ പ്രളയത്തിൽ ഇവർ താമസിച്ചിരുന്ന ഷീറ്റിട്ട വീട് തകർന്നിരുന്നു. മരം വീണാണ് തകർന്നത്. പിന്നീട് സർക്കാർ സഹായത്താൽ നിർമിച്ച വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. ഉടുത്ത വസ്ത്രമല്ലാതെ എല്ലാ നഷ്ടമായി. മേപ്പാടി ഗവ. എച്ച് എസ് എസിലെ ക്യാമ്പ് കഴിഞ്ഞാൽ ഇനിയെന്ത് എന്ന് ഇരുവർക്കും അറിയില്ല.
അതേ സമയം, ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ തിരച്ചൽ മേഖല 6 സോണുകളായി തിരിച്ച് തിരച്ചൽ പ്രവർത്തനങ്ങൾ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജി വി എച്ച് എസ് എസ് വെള്ളാർമല അഞ്ചാമത്തേ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. പട്ടാളം എൻ ഡി ആർ എഫ്, ഡി എസ് ജി, കോസ്റ്റ് ഗാർഡ്, നേവി എം ഇ ജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.












Click it and Unblock the Notifications