വയനാട് കോളറ ബാധിച്ച് യുവതി മരിച്ചു; 22 കാരനും കോളറ സ്ഥിരീകരിച്ചു
കല്പറ്റ: വയനാട് നൂൽപ്പുഴയിൽ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കൂണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ആണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ പത്ത് പേർ സുൽത്താൻ ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു.
പൂർണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാൻ വേണ്ടത്. മഴ വെള്ളമോ മലിന ജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മലിനജലത്തിൽ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ചർദ്ദിയും അതിസാരവും മൂലം നഷ്ടപ്പെടുകയും ചെറുകുടൽ ചുരുങ്ങുകയും ചെയ്യുന്ന രോഗമാണ്.

ചർദ്ദി, വയറിളക്കം, കാലുകൾക്ക് ബലക്ഷയം, ചെറുകുടൽ ചുരുങ്ങൽ ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടൽ, തളർച്ച, വിളർച്ച മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീർ ഇല്ലാത്ത അവസ്ഥ, മാംസ പേശികളുടെ ചുരുങ്ങൽ, കുഴിഞ്ഞ കണ്ണുകൾ, , നാഡീ മിടിപ്പിൽ ക്രമാതീതമായ വർധന, ഭക്ഷണ പദാർഥങ്ങൾ ദഹിക്കാതെ പുറത്തുവരുന്ന അവസ്ഥ എന്നിവയൊക്കെയാണ് ലക്ഷണം.












Click it and Unblock the Notifications