മലയാളികളുടെ കനിവ്; സത്താറിന്‍റെ ആഗ്രഹം നിറവേറി
അബുദാബി: ഒടുവില്‍ സുമനസ്സുകളായ ഒരു കൂട്ടം പ്രവാസി മലയാളികളുടെ ദയ കൊണ്ട് അബ്ദുള്‍ സത്താര്‍ ഫറൂഖ് എന്ന തമിഴ്‌നാട്ടികാരന്‍ സ്വന്തം നാട്ടിലെത്തി. കാന്‍സര്‍ രോഗ ബാധിതനായ ഇദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമായിരുന്നു നാട്ടിലെത്തിയ ശേഷം മരണത്തിന് കീഴടങ്ങണമെന്നത്. ആ സ്വപനം യാഥാര്‍ത്ഥ്യമാക്കി അബ്ദുള്‍ സത്താര്‍ ലോകത്തോട് വിടപറഞ്ഞു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയാണ് ഇദ്ദേഹം മധുരയിലെ മീനാക്ഷി മിഷന്‍ കാന്‍സര്‍ ട്രീറ്റ് മെന്‍റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം സെപ്റ്റംബര്‍ 22 ഞായറാഴ്ചയാണ് മരിയ്ക്കുന്നത്.

ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്ത പണം തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു അബ്ധുള്‍ സത്താര്‍. മൂന്ന് മാസത്തെ ആയുസ്സാണ് ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ബാങ്കിലെ കടം വീട്ടുകയും, നാട്ടിലെത്താന്‍ ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെയും ബുദ്ധിമുട്ടുന്ന അബ്ദുള്‍ സത്താറിന്റെ ദുരിത കഥ ആദ്യം എമിറേറ്റ്സ് 24/7 എന്ന മാധ്യമവും പിന്നീട് വണ്‍ഇന്ത്യ ഉള്‍പ്പടെയുള്ള മലയാള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത വന്നതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഒട്ടേറെ പ്രവാസികള്‍ അബ്ദുള്‍ സത്താറിനെ സഹായിക്കാന്‍ എത്തി. നാല് ബാങ്കുകളില്‍ ഇദ്ദേഹത്തിന് കടം വീട്ടാനുണ്ടായിരുന്നു. മൂന്ന് ബാങ്കുകളിലെ കടം എഴുതിതള്ളി . ഒരു ബാങ്ക് അദ്ദേഹത്തിന്റെ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി. അല്‍ ഖൈല്‍ ഗേറ്റ് മലയാളി അസോസിയേഷന്‍ അബ്ദുള്‍ സത്താറിന്റെ ചികിത്സയ്ക്കായി യാത്രസമയത്ത് ഒരു ലക്ഷം രൂപയും പിന്നീട് ഒന്നര ലക്ഷത്തോളം രൂപയും അയച്ച് കൊടുത്തതായി അസോസിയേഷന്‍ ഭാരവാഹി കിഷോര്‍ ബാബു അറിയിച്ചു.അബ്ദുള്‍ സത്താറിന്‍റെ കുടുംബത്തെ സഹായിക്കാനും അസോസിയേഷന്‍ ഫണ്ട് സമാഹരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications