പ്രവാസപ്രശ്നങ്ങള്‍: നേരനുഭവങ്ങള്‍ പങ്കുവച്ച് ഉപസമ്മേളനം, പരിഹാര നിര്‍ദേശങ്ങള്‍ ഒട്ടേറെ

  • Posted By:
Subscribe to Oneindia Malayalam

പ്രവാസി ദുരിതങ്ങളുടെ നേരനുഭവങ്ങള്‍ പങ്കുവച്ച് ലോകകേരള സഭയുടെ ഉപസമ്മേളനം. പ്രവാസികളുടെ പ്രശ്നങ്ങള്‍ - പ്രവാസത്തിന് മുമ്പും പ്രവാസത്തിലും എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും പരിഹാരനിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നത്.


ഖദ്ദാമമാരുടെ ദുരിതങ്ങള്‍

ഖദ്ദാമമാരുടെ ദുരിതങ്ങള്‍

അഞ്ഞൂറും അറുനൂറും റിയാലിന് വേണ്ടി ക്രൂരമായ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്ന ഖദ്ദാമമാരുടെ കഷ്ടപ്പാടുകള്‍ മുതല്‍ പ്രവാസത്തിലിരിക്കെ മരണപ്പെട്ട് ആശുപത്രി ബില്ല് അടയ്ക്കാന്‍ വഴിയില്ലാതെ മൃതദേഹം വിട്ടുകിട്ടുന്നതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന ഉറ്റവരുടെയും ഉടയവരുടെയും നിസ്സഹായത വരെ അവതരിപ്പിച്ചപ്പോള്‍ പലരുടെയും കണ്ഠമിടറി. നാട്ടില്‍ വീട്ടുജോലിക്കാരെ കിട്ടാത്ത ഇക്കാലത്ത് പതിനായിരമോ പതിനയ്യായിരമോ രൂപയ്ക്കായി സൗദിയിലേക്ക് വീട്ടുജോലിക്കുപോവുന്ന മലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചനയ്ക്ക് തയ്യാറാകണമെന്ന് സൗദിയില്‍ നിന്നുള്ള അഹ്മദ് കൂരാച്ചുണ്ട് അഭിപ്രായപ്പെട്ടു.

മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം

മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം

പല രാജ്യങ്ങളിലും ശക്തമായ തൊഴില്‍ നിയമങ്ങളുണ്ടെങ്കിലും അതേക്കുറിച്ചുള്ള അജ്ഞത മൂലം പ്രവാസികള്‍ക്ക് അവയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. വിസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശമ്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകള്‍ ധാരാളമാണെന്നും ഇക്കാര്യത്തില്‍ പുതുതായി ജോലിക്കുപോവുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് കീഴില്‍ സംവിധാനം വേണമെന്നും നിര്‍ദ്ദേശമുണ്ടായി.

ചികില്‍സാ ചെലവ് വഹിക്കണം

ചികില്‍സാ ചെലവ് വഹിക്കണം

വീട്ടുജോലിക്ക് പോകുന്നവര്‍ക്ക് യാത്രതിരിക്കുന്നതിന് മുമ്പ് ജോലിയുടെ സ്വഭാവം, നേരിടാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍, നേരിടാനുള്ള വഴികള്‍, ആവശ്യമായ പരിശീലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഓറിയന്റേഷന്‍ നല്‍കാന്‍ നോര്‍ക്കയ്ക്കു കീഴില്‍ സംവിധാനം വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മകന്‍ കൂടിയായ അഹ്മദ് റയീസ് പറഞ്ഞു. ആശുപത്രികളില്‍ മരിച്ച കേസുകളില്‍ ചികില്‍സാ ചെലവ് നല്‍കാന്‍ കമ്പനികള്‍ തയ്യാറാവാതിരിക്കുകയും ബന്ധുക്കള്‍ക്ക് അതിന് ശേഷിയില്ലാതിരിക്കുകയും ചെയ്യുന്നതു മൂലം മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസം നേരിടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം കേസുകളില്‍ ചെലവ് വഹിക്കാന്‍ സര്‍ക്കാരിന്റെ സംവിധാനങ്ങളുണ്ടാവണം. ഇവ പരിഹരിക്കാനുതകുന്ന ഇന്‍ഷൂറന്‍സ് സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ മരുന്നുകള്‍ക്ക് അംഗീകാരം വേണം

ആയുര്‍വേദ മരുന്നുകള്‍ക്ക് അംഗീകാരം വേണം

ആയുര്‍വേദ മരുന്നുകള്‍ കൈവശം വച്ചതിന് മയക്കുമരുന്ന് നിയമങ്ങളില്‍ കുടുങ്ങി വിദേശരാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്നവരും വന്‍തുക പിഴയൊടുക്കേണ്ടിവരുന്നവരും ഏറെയാണെന്ന് ന്യൂസിലാന്റില്‍ നിന്നുള്ള ഡോ. ജോര്‍ജ് അബ്രഹാം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ അഭിമാനമായ ആയുര്‍വേദ മരുന്നുകള്‍ക്ക് ഇവിടങ്ങളില്‍ അംഗീകാരം നേടിയെടുക്കാന്‍ ഫലപ്രദമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടെ മറ്റുള്ളവര്‍ നല്‍കുന്ന പൊതികള്‍ സ്വീകരിച്ച് മയക്കുമരുന്നുകേസുകളില്‍ പെടുന്ന പ്രവാസികള്‍ ഏറെയാണ്. ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം നല്‍കാന്‍ കേരളത്തിലെയും മംഗലാപുരത്തെയും വിമാനത്താവളങ്ങളില്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങണമെന്നും നിര്‍ദേശമുണ്ടായി.

ലീഗല്‍ സെല്‍ രൂപീകരിക്കണം

ലീഗല്‍ സെല്‍ രൂപീകരിക്കണം

ചെക്ക് കേസില്‍ സമ്പാദ്യം മുഴുവന്‍ വിറ്റ് തുകയടച്ചിട്ടും ബാക്കി എത്ര കേസുകളുണ്ടെന്ന് പോലുമറിയാതെ ജയിലുകളില്‍ കഴിയുന്ന പ്രവാസികളുണ്ട്. ഇവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന സംവിധാനം വേണമെന്ന് ഖത്തറില്‍ നിന്നുള്ള പി.എന്‍ ബാബുരാജന്‍ പറഞ്ഞു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയ്ക്ക് പുറമെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് രണ്ട് ഡോളര്‍ വീതം ഖത്തര്‍ പോലെയുള്ള സ്ഥലങ്ങളില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വലിയ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഫണ്ടില്‍ നിന്ന് പ്രവാസികളുടെ ചികില്‍സയ്ക്ക് തുക അനുവദിക്കാന്‍ സംവിധാനം വേണമെന്നും നിര്‍ദേശമുയര്‍ന്നു.

പ്രവാസം പഠിക്കാന്‍ കേന്ദ്രം

പ്രവാസം പഠിക്കാന്‍ കേന്ദ്രം

മലയാളികളുടെ പ്രവാസത്തിന് പഴക്കമേറെയുണ്ടെങ്കിലും അതേക്കുറിച്ച് ഗൗരവത്തില്‍ പഠനം നടത്താന്‍ ഇതുവരെ ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് ലോക കേരള സഭയുമായുടെ ഭാഗമായി നടന്ന ഉപചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. പ്രവാസത്തിന്റെ സാധ്യതകള്‍, സവിശേഷതകള്‍, പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി പ്രത്യേക ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യമാണെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായി. ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് സംവിധാനം വേണമെന്ന് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധി ഡോ. പ്രമോദ് പണിക്കര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ എം.എല്‍.എമാരായ വി അബ്ദുറഹിമാന്‍, പാറക്കല്‍ അബ്ദുല്ല, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. വി വേണു തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Guidence center for job seekers in foreign countries will be considered, said Dr. KT Jaleel, Kerala minister in a discussion at Loka Kerala Sabha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്