ദുബായ് യാത്രയില്‍ 12 ലക്ഷത്തിന്റെ വസ്തുക്കള്‍ നഷ്ടപ്പെട്ടു; കൈ മലര്‍ത്തി എയര്‍ ഇന്ത്യ, മെന്റലിസ്റ്റ് പറയുന്നത്
യുഎഇയില്‍ നടക്കുന്ന നിലമ്പൂര്‍ ഫെസ്റ്റിന് സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ പുറപ്പെട്ട മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന് ദുരനുഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട അദ്ദേഹത്തിന്റെ 12 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ അജ്മാനിലെ പരിപാടി മുടങ്ങി. നാട്ടിലും ഒമാനിലും വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പരിപാടികളും മുടങ്ങുമെന്ന് ഉറപ്പായി.
ശനിയാഴ്ച പകല്‍ 11 മണിക്കാണ് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള 933 എയര്‍ ഇന്ത്യ വിമാനത്തില്‍ ഫാസില്‍ പുറപ്പെട്ടത്. ലഗേജ് അല്‍പ്പം വലിപ്പമുള്ളതില്‍ പ്രത്യേക ഒഒജി വഴിയാണ് അയച്ചത്. ഇതിന്റെ സ്ലിപ്പ് ഫാസിലിന് അധികൃതര്‍ കൈമാറുകയും ചെയ്തിരുന്നു ഉച്ചയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങി ലഗേജ് എടുക്കാന്‍ പോയപ്പോഴാണ് അവിടെ എത്തിയില്ല എന്ന് അറിയാന്‍ കഴിഞ്ഞത്.

മെന്റലിസം ഹിപ്‌നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ലഗേജിലുണ്ടായിരുന്നത്. വിദേശത്ത് നിന്ന് പ്രത്യേകമായി വാങ്ങിയ ഇവയ്ക്ക് 12 ലക്ഷം രൂപ വിലവരും. ദുബായിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ലഗേജ് വന്നിട്ടില്ല എന്നായിരുന്നു മറുപടി. രസീറ്റുകള്‍ കാണിച്ചിട്ടും രക്ഷയുണ്ടായില്ല. തുടര്‍ന്ന് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ബന്ധപ്പെട്ടു.
ലഗേജ് അയച്ചിട്ടുണ്ടെന്നാണ് കൊച്ചിയിലെ ഓഫീസ് നല്‍കിയ മറുപടിയത്രെ. ദുബായില്‍ എത്തിയില്ലെന്ന് അവിടെയുള്ള ജീവനക്കാരും പറഞ്ഞു. ഇതോടെ ഫാസില്‍ ബഷീര്‍ ശരിക്കുംപെട്ടു. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ പരിശോധന നടത്തിയിട്ടും രക്ഷയുണ്ടായില്ല. ലക്ഷങ്ങളുടെ വസ്തുക്കള്‍ നഷ്ടമായതിന് പുറമെ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും മുടങ്ങി.
ദിവസങ്ങള്‍ കഴിഞ്ഞാല്‍ നാട്ടില്‍ ഒരു ഷോ ബുക്ക് ചെയ്തിട്ടുണ്ട്. വൈകാതെ ഒമാനിലും ഷോ നടക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ എല്ലാം മുടങ്ങും. വലിയ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യും. തന്റെ ദുരവസ്ഥ വിവരിച്ച് ഫാസില്‍ ബഷീര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കുറപ്പില്‍ പറയുന്നു.
ലഗേജ് കയറ്റി വിട്ട വിമാനം മാറിപ്പോയോ എന്ന സംശയം ബാക്കിയാണ്. എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ പറയുന്നത്. ഇതിന് മുമ്പ് പലതവണ വിലപിടിപ്പുള്ള വസ്തുക്കളുമായി വിമാന യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഈ അനുഭവമെന്ന് ഫാസില്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് മറ്റാരെങ്കിലും മാറി ലഗേജ് എടുത്തോ എന്ന സംശയവുമുണ്ട്.
ഫാസില്‍ ബഷീര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം-
''ഏറ്റവും മോശമായ അനുഭവമാണ് ഇന്ന് എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്, രാവിലെ 11 മണിക്ക് കൊച്ചിയില്‍ നിന്നും ദുബായിക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വളരെ വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ എന്റെ ബാഗ് നഷ്ടപ്പെട്ടിരിക്കുന്നു ഏകദേശം 12 ലക്ഷത്തോളം രൂപ വിലവരുന്ന മെന്റലിസം ഹിപ്‌നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ബാഗിനകത്ത് ഉണ്ടായിരുന്നത്.
കൊച്ചിയില്‍ നിന്നും ബാഗ് ഫ്‌ലൈറ്റില്‍ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസും ദുബായില്‍ വന്ന ഫ്‌ലൈറ്റില്‍ ആ ബാഗ് ഇല്ല എന്ന് ദുബായ് എയര്‍ ഇന്ത്യ ഓഫീസും തമ്മില്‍ തമ്മില്‍ പറഞ്ഞു കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. യുഎഇ സമയം 1:20ന് ലാന്‍ഡ് ചെയ്ത ഫ്‌ലൈറ്റില്‍ നിന്നും ഇറങ്ങി രാത്രി 8 മണി വരെ എയര്‍പോര്‍ട്ടില്‍ വെയിറ്റ് ചെയ്തിട്ടും ബാഗ് ലഭിച്ചിട്ടില്ല. ഇത്രയും വൃത്തികെട്ട സര്‍വീസാണ് എയര്‍ ഇന്ത്യ നല്‍കുന്നത് എന്ന് എല്ലാവരും മനസ്സിലാക്കുക. തീര്‍ച്ചയായും നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്നു. പരമാവധി എല്ലാവരും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക''












Click it and Unblock the Notifications