ഓണവും പെരുന്നാളും ഒന്നിച്ച് വിമാനകമ്പനികള്‍ക്ക് ചാകര
ബലിപെരുന്നാള്‍, ഓണം അവധികള്‍ നാട്ടില്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ നന്നായി വിയര്‍ക്കേണ്ടി വരും
ദുബായ്: ബലിപെരുന്നാള്‍, ഓണം അവധികള്‍ നാട്ടില്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ നന്നായി വിയര്‍ക്കേണ്ടി വരും. കേരളത്തിലെ മിക്ക വിമാനത്താവളങ്ങളിലേക്കും ഈ കാലയളവില്‍ ഏതാണ്ട് 1200 ദിര്‍ഹം (ഇന്ത്യന്‍ രൂപ 20,000) ലധികം നല്‍കേണ്ടി വരുന്നതായാണ് യാത്രക്കാര്‍ പരാതി പറയുന്നത്. ഇന്ത്യയിലെ മറ്റ് ഒരു സെക്ടറിലേക്കും ഇത്തരത്തില്‍ ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നില്ലെങ്കിലും അവസരം മുതലാക്കി വിമാനകമ്പനികള്‍ യാത്രക്കാരെ പിഴിയുകയാണ്.
അതെ സമയം ആറും ഏഴും മാസങ്ങള്‍ക്ക് മുന്‍പ ഇതെ സെക്ടറിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വന്‍ ഇളവുകള്‍ ലഭിച്ചിട്ടുമുണ്ട്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ശാഖകളുള്ള വലിയ ട്രാവല്‍ കമ്പനികള്‍ വിമാനത്തിലെ മിക്കവാറും സീറ്റുകളും മുന്‍കൂട്ടി ബുക്ക് ചെയ്ത് വന്‍വിലയ്ക്ക് മറിച്ച് വില്‍ക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. വിമാനം ഷെഡ്യൂള്‍ ചെയ്ത് ആദ്യ മണിക്കൂറില്‍ തന്നെ ഇത്തരത്തില്‍ 40 ശതമാനത്തിലധികം സീറ്റുകള്‍ ഒറ്റയടിക്ക് ബുക്ക് ചെയ്യുന്നതു കാരണം ഇത്തരം വിമാനകമ്പനികളുടെ വെബ്‌സൈറ്റിലും നിരക്ക് പെട്ടന്ന് ഉയര്‍ന്നതായി കാണും.

പ്രശ്‌നത്തില്‍ ഇടപെടാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. വോട്ടവകാശമില്ലാത്ത പ്രവാസികളെ ഇന്ത്യയിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ വെറും കളിപ്പാവകളായി കാണുകയാണെന്നാണ് പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications