ഇന്ത്യക്കാര്‍ക്ക് സൗദി മതി; അഞ്ചിരട്ടി വര്‍ധിച്ച് പ്രവാസികള്‍... പിന്നെ കുവൈത്ത്, അമ്പരപ്പിക്കുന്ന കണക്ക്
പ്രവാസികള്‍ കൂടുതല്‍ യുഎഇയിലാണെങ്കിലും കഴിഞ്ഞ വര്‍ഷം ജോലി തേടിപ്പോയവര്‍ വളരെ കുറവാണ്

ന്യൂഡല്‍ഹി: സൗദി അറേബ്യ സ്വദേശിവല്‍ക്കരണം ശക്തമാക്കിയട്ടുണ്ട്. സ്വന്തം പൗരന്മാര്‍ക്ക് ജോലി നല്‍കുക എന്നതാണ് ലക്ഷ്യം. സ്വാഭാവികമായും വിദേശികള്‍ക്ക് ജോലി അവസരം കുറയും. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്.... വളരെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പ്രവാസികളെ സംബന്ധിച്ച് പുറത്തുവന്നിരുന്നത്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്.
സൗദി അറേബ്യയില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചു എന്നാണ് പുതിയ കണക്ക്. സൗദിക്ക് ശേഷം കുവൈത്തിലേക്കാണ് ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി തേടി പോയിരിക്കുന്നത്. സൗദിയും കുവൈത്തും സ്വദേശിവല്‍ക്കരണം ശക്തമാക്കിയ ഗള്‍ഫ് രാജ്യങ്ങളാണ്. ഇതിനിടെയാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏറ്റവും കുറവ് ബഹ്‌റൈന്‍
2022ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോയ ഇന്ത്യക്കാരുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ പേര്‍ പോയിരിക്കുന്നത് സൗദി അറേബ്യയിലേക്കാണ്. പിന്നെ കുവൈത്തിലേക്ക്. ഏറ്റവും കുറവ് ബഹ്‌റൈനിലേക്കാണ്. വരും വര്‍ഷങ്ങളിലും പ്രവാസികള്‍ കൂട്ടത്തോടെ സൗദി അറേബ്യയിലെത്തുമെന്നാണ് കരുതുന്നത്.

1.78 ലക്ഷം ഇന്ത്യക്കാര്‍
കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ശേഷം സൗദി അറേബ്യയാണ്. 2022ല്‍ 1.78 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് സൗദി അറേബ്യ ജോലി നല്‍കിയത്. മുന്‍ വര്‍ഷത്തെ സംബന്ധിച്ച് അഞ്ചിരട്ടി വര്‍ധനവാണിത്. 2021ല്‍ 32845 പേര്‍ക്കും 2020ല്‍ 44316 ഇന്ത്യക്കാര്‍ക്കുമാണ് സൗദി ജോലി നല്‍കിയത്. സൗദിക്ക് ശേഷം കുവൈത്തിലേക്കാണ് ഇന്ത്യക്കാര്‍ ജോലി തേടി പോയിരിക്കുന്നതത്.

കുവൈത്തിലേക്ക് ഏഴിരട്ടി വര്‍ധിച്ചു
2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി ഇന്ത്യക്കാരാണ് കുവൈത്തിലേക്ക് ജോലി തേടി കഴിഞ്ഞ വര്‍ഷം പോയത്. ബഹ്‌റൈനിലേക്കാണ് ഏറ്റവും കുറഞ്ഞ എണ്ണം ഇന്ത്യക്കാര്‍ പോയത്. വെറും 10232 ഇന്ത്യക്കാരാണ് ബഹ്‌റൈനിലേക്ക് കഴിഞ്ഞ വര്‍ഷം പോയത്. യുഎഇയിലേക്ക് 33233 പേരും ഖത്തറിലേക്ക് 30871 പേരും ഒമാനിലേക്ക് 31994 പേരും ജോലിക്കായി പോയി.

യുഎഇയുടെ അവസ്ഥ
സ്വദേശിവല്‍ക്കരണം യുഎഇയിലും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരെ വലിയ തോതില്‍ ബാധിക്കുന്ന രീതിയില്‍ അല്ല യുഎഇയിലെ സ്വദേശിവല്‍ക്കരണം. എങ്കിലും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുഎഇയിലേക്ക് ജോലി തേടിപ്പോകുന്നവര്‍ വളരെ കുറഞ്ഞിരിക്കുന്നു. 2018ല്‍ 1.12 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലേക്ക് പോയിരുന്നു എങ്കില്‍ 2019ല്‍ 76000 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 33233 ആയി.

പകുതി പ്രവാസികളും ജിസിസി രാജ്യങ്ങളില്‍
ഇന്ത്യന്‍ പ്രവാസികളില്‍ പകുതിയോളം പേര്‍ ജോലി ചെയ്യുന്നത് ആറ് ജിസിസി രാജ്യങ്ങളിലാണ് എന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 70 ശതമാനവും വിദഗ്ധ തൊഴിലാളികളല്ല. 30 ശതമാനത്തില്‍ താഴെയാണ് വൈറ്റ് കോളര്‍ ജോലി ചെയ്യുന്നത്. ഡോക്ടര്‍, എഞ്ചിനിയര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയവരെല്ലാം ഈ ഗണത്തിലാണ് വരിക. വളരെ കുറച്ചുപേര്‍ വീട്ടുജോലി ചെയ്യുന്നു.

സൗദിയില്‍ വീണ്ടും അവസരം
അതേസമയം, വരുംവര്‍ഷങ്ങളില്‍ സൗദിയില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം വരുന്നു എന്നാണ് സൗദിയിലെ എക്‌സ്‌പെര്‍ടൈസ് കോണ്‍ട്രാക്ടിങ് കമ്പനി ലിമിറ്റഡ് സിഇഒ മുഹമ്മദ് ആഷിഫ് പറയുന്നത്. നിര്‍മാണ രംഗത്ത് സൗദി 500 കോടി ഡോളറാണ് നിക്ഷേപിക്കുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റ് പദ്ധതിയാണിത്. സാധാരണ ജോലിക്കാര്‍ക്കും വിദഗ്ധര്‍ക്കും ഒരുപോലെ അവസരം നല്‍കുന്ന പദ്ധതിയാണിതെന്നും ആഷിഫ് പറയുന്നു.

ടൂറിസത്തിന്റെ സാധ്യത
ആഷിഫിന്റെ കമ്പനിയില്‍ 10000ത്തിലധികം ജോലിക്കാരുണ്ട്. കൂടുതലും ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതിയും ഒരുക്കുന്നുണ്ട്. ഇതും പുതിയ അവസരങ്ങള്‍ തുറന്നിടുകയാണെന്ന് സഅദ് അല്‍ ഖഹ്താനി കോണ്‍ട്രാക്ടിങ് എംഡി അല്‍ത്താവ് ഉള്ളാള്‍ പറഞ്ഞു. അല്‍ ഖോബാര്‍ കേന്ദ്രമായിട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications