ഹജ്ജിന് കരുതിയ പണം ചെലവായില്ല; ഉമ്മയുടെ ഹജ്ജിന് നല്‍കി, ഇനി പലസ്തീന്‍... ശിഹാബ് ചോറ്റൂര്‍ പറയുന്നു
മക്ക: 370 ദിവസം കാല്‍നടയായി 8640 കിലോമീറ്റര്‍ പിന്നിട്ട് ശിഹാബ് ചോറ്റൂര്‍ മക്കയിലെത്തി. പിന്നിട്ട വഴികളിലെ അനുഭവങ്ങള്‍ അദ്ദേഹം 24ന്യൂസിനോട് വിശദീകരിച്ചു. ഹജ്ജിന് കരുതിവച്ച പണം തനിക്ക് ചെലവായില്ലെന്നും ജനങ്ങള്‍ നല്‍കിയ പിന്തുണ വാക്കുകള്‍ക്ക് അതീതമാണെന്നും ശിഹാബ് പറയുന്നു. താന്‍ ഹജ്ജിന് കരുതിവച്ച പണം ഉമ്മയുടെ ഹജ്ജിന് നല്‍കിയെന്നും ശിഹാബ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് മലപ്പുറം വളാഞ്ചേരിക്കടുത്ത ചോറ്റൂരിലെ വീട്ടില്‍ നിന്ന് ശിഹാബ് ഹജ്ജിന് പുറപ്പെട്ടത്. അവശ്യസാധനങ്ങള്‍ അടങ്ങിയ ഒരു ബാഗ് മാത്രമെടുത്ത് നടത്തം തുടങ്ങിയ ശിഹാബ് ജില്ലകളും സംസ്ഥാനങ്ങളും പിന്നിട്ട് പഞ്ചാബിലെ അതിര്‍ത്തിയിലെത്തിയ വേളയില്‍ പാകിസ്താന്‍ വിസയുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികള്‍ നേരിട്ടു. ആഴ്ചകളോളം അതിര്‍ത്തിയില്‍ കഴിയേണ്ട വന്ന ശേഷമാണ് പാകിസ്താന്‍ വിസ ലഭിച്ചതും യാത്ര തുടര്‍ന്നതും.

(shihab Chottur-FB)
പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കൂടി പിന്നിട്ടാണ് ശിഹാബ് സൗദിയിലെത്തിയത്. വ്യത്യസ്തരായ ജനങ്ങള്‍, ജീവിത രീതി, കാലാവസ്ഥ എന്നിവയെല്ലാം അനുഭവിച്ചുവെന്ന് ശിഹാബ് പറയുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ഇഷ്ടമാകാം പിന്നിട്ട വഴികളിലെല്ലാം ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എന്നെ സ്വീകരിച്ചതെന്ന് ശിഹാബ് ഓര്‍ക്കുന്നു.
സൗദിയിലെത്തിയ അദ്ദേഹം ആദ്യം മദീനയിലേക്കാണ് പോയത്. പ്രവാചകന്റെ ഖബറിടം, നാല് ഖുലഫാഹു റാഷിദീങ്ങളുടെ ഖബറിടങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശിച്ചു. ഇറാഖിലെയും ഇറാനിലെയും പുണ്യ കേന്ദ്രങ്ങള്‍ കണ്ടു. മദീനയില്‍ റൗളാശരീഫില്‍ മണിക്കൂറുകളോളം ചെലവഴിക്കാന്‍ അവസരം കിട്ടി. മൂന്ന് ദിവസം മുമ്പാണ് മക്കയിലെത്തിയതെന്നും ശിഹാബ് വിശദീകരിച്ചു.
ജൂണ്‍ അവസാന വാരമാണ് ഹജ്ജ് കര്‍മങ്ങള്‍. മക്കയിലെത്തിയ വേളയില്‍ തന്നെ ഉംറ നിര്‍വഹിച്ചു. ഇനി ഹജ്ജിനുള്ള ഒരുക്കത്തിലാണ്. എന്റെ ഹജ്ജ് ചെലവുകള്‍ സൗദിയിലെ ചിലര്‍ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹജ്ജിന് കരുതിവച്ച പണം ചെലവായില്ല. ആ പണം ഉമ്മയുടെ ഹജ്ജിന് വേണ്ടി ചെലവഴിക്കും. ഹജ്ജിന് ശേഷം പലസ്തീനില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും ശിഹാബ് പറയുന്നു.
മുസ്ലിങ്ങളുടെ മൂന്ന് പുണ്യ ആരാധനാലയങ്ങളാണ് മക്കയിലെയും മദീനയിലെയും ജറുസലേമിലെയും പള്ളികള്‍. ഇനി ജറുസലേമിലെ പള്ളി കൂടി സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്. ഹജ്ജിന് ശേഷമേ ഇക്കാര്യം ആലോചിക്കൂ. പലസ്തീന്‍ യാത്ര നടന്നു കൊണ്ടാകില്ല. ജറുസലേമില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന സൂചനയും ശിഹാബ് നല്‍കി.
കേരളത്തിലെ മത പണ്ഡിതന്മാരെല്ലാം ബന്ധപ്പെട്ടിരുന്നു. യാത്രയിലുടനീളം അവര്‍ വിശേഷം തിരക്കി വിളിച്ചിരുന്നു. എപി അബൂബക്കര്‍ ഉസ്താദ്, പാണക്കാട് കുടുംബം, ആലിക്കുട്ടി മുസ്ല്യാര്‍ തുടങ്ങി നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല. വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നതെന്നും ശിഹാബ് ചോറ്റൂര്‍ പറഞ്ഞു.












Click it and Unblock the Notifications