ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്; ഈ യുവശാസ്ത്രജ്ഞന്റെ വരുമാനം 15 ലക്ഷം രൂപ..!
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇസ്രോ അഥവാ ഐഎസ്ആർഒയിലെ ജോലി പലരുടെയും സ്വപ്‌നമാണ്. കേവലം സാമ്പത്തിക നേട്ടം മാത്രമല്ല, ഒരു പാഷനായി കൂടി ഇതിനെ കാണുന്ന അനേകം യുവാക്കളുണ്ട്. എന്നാൽ ഇസ്രോയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് കാർഷിക വൃത്തിയിലേക്ക് ഇറങ്ങുന്ന ഒരാളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? എങ്കിൽ അങ്ങനെയൊരാളുണ്ട്.
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കർണാടകയിലെ ദിവാകർ ചെന്നപ്പ എന്ന യുവ ശാസ്ത്രജ്ഞൻ തന്റെ പാഷനായ കാർഷിക വൃത്തിക്ക് വേണ്ടിയാണു ഇസ്രോയിലെ ജോലി ഉപേക്ഷിച്ചത്. ഇസ്രോയിൽ പ്രോജക്‌ട് അസിസ്‌റ്റന്റ് ആയിരുന്നു ദിവാകർ. ബെംഗളൂരുവിലെ നഗരജീവിതം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുമ്പോൾ എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണം എന്ന് മാത്രമായിരുന്നു ചിന്ത, ഒടുവിൽ അത് കൊണ്ടെത്തിച്ചത് സംസ്ഥാനത്ത് തന്നെ ജൈവ ഈന്തപ്പഴ കൃഷി ആരംഭിച്ച ആദ്യ കർഷകരിൽ ഒരാളെന്ന നേട്ടത്തിലേക്ക്.

ദിവാകറിന്റെ ഉറച്ച തീരുമാനം
ഇസ്രോയിൽ ജോലി ചെയ്യുമ്പോഴും കൃഷി തന്നെയായിരുന്നു ദിവാകറിന്റെ മനസിൽ. കർണാടകയിലെ ഒരു പാരമ്പര്യ കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് അങ്ങനെയല്ലേ ആവാൻ കഴിയുകയുള്ളൂ. തന്റെ മകൻ എപ്പോഴും ജീവിതത്തിൽ ഉയരത്തിൽ എത്തി കാണണമെന്ന് ആഗ്രഹിച്ച ദിവാകറിന്റെ പിതാവ് മികച്ച വിദ്യാഭ്യാസം നൽകിയാണ് മകനെ വളർത്തിയത്.
ബേഗൂരിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ദിവാകർ ജനിച്ചത്. ബെംഗളൂരു നഗരത്തിന്റെ അഭൂതപൂർവമായ വികാസത്തോടെ ബേഗൂർ ഗ്രാമത്തിന് അസ്ഥിത്വം നഷ്‌ടമായിരുന്നു. കൃഷി അവിടെ ലാഭകരമല്ലാതായി. കൃഷി തുടരാൻ നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ ഭൂമി വാങ്ങാൻ ദിവാകറിന്റെ അച്ഛൻ നിർബന്ധിതനായി. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി മക്കളെ ബെംഗളുരുവിലേക്ക് അയച്ച അദ്ദേഹം ഈ കൃഷിയിലേക്ക് ഒരിക്കലും അവരെ കൊണ്ടെത്തിക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
പിന്നീട് ഐഎസ്ആർഒയിൽ പ്രോജക്‌ട് സയന്റിസ്‌റ്റായി മാറിയ ദിവാകർ കാർഷിക വൃത്തി പൂർണമായും മറന്നിരുന്നു. എന്നാൽ 2009ൽ പിതാവിന് പക്ഷാഘാതം വന്ന് അദ്ദേഹം കിടപ്പിലായതോടെയാണ് ദിവാകറിന്റെ ജീവിതം മാറി മറിയുന്നത്. അങ്ങനെയാണ് ദിവാകർ തന്റെ ഗ്രാമത്തിലേക്ക് മാറാൻ തീരുമാനിച്ചത്.
നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ സ്വയം ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ദിവാകർ കൃഷി തുടരുവാനാണ് പിന്നീട് തീരുമാനിച്ചത്. ആ സമയത്താണ് ജാപ്പനീസ് കർഷകനായ മസനോബു ഫുകുവോക്കയുടെ 'വൺ സ്ട്രോ റെവല്യൂഷൻ' എന്ന പുസ്‌തകം ദിവാകർ വായിക്കാൻ ഇടയായത്. ഇതോടെ കൃഷിയിൽ നിന്ന് ഒരു മടങ്ങി പോക്ക് ഇല്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ഒടുവിൽ ജൈവ ഈന്തപ്പഴം എന്ന കാർഷിക വിളയിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. ഇസ്രോയിൽ നിന്ന് പെട്ടെന്നുള്ള മാറ്റവും, കൃഷി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളും തളർത്തിയെങ്കിലും പിന്നോട്ട് പോവാൻ ദിവാകർ തയ്യാറായിരുന്നില്ല. നിലവിൽ ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. എങ്കിലും പെട്ടെന്നുള്ള ലാഭം പ്രതീക്ഷിച്ച് ആരും കൃഷിയിലേക്ക് ഇറങ്ങരുതെന്നും, വരുമാനത്തേക്കാൾ മനസിന് ലഭിക്കുന്ന തൃപ്‌തിയാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications