തുവെള്ള നിറം, ചിറകുകള്‍ക്ക് മാത്രം അഞ്ചടി നീളം; ആപൂര്‍വ ഇനം കഴുകനെ പിടികൂടി നാട്ടുകാര്‍
കാണ്‍പൂര്‍: കാണ്‍പൂരിലെ കേണല്‍ഗഞ്ചിലെ ഈദ്ഗാഹ് ശ്മശാനത്തില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി ഉത്തര്‍പ്രദേശ് വനംവകുപ്പിന് കൈമാറിയ അപൂര്‍വ ഹിമാലയന്‍ കഴുകനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി ഈ കഴുകന്‍ പ്രദേശത്തുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കഴുകന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അപൂര്‍വ ഇനമായ വെള്ളക്കഴുകനാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഏകദേശം അഞ്ചടിയോളം വരും ഇതിന്റെ ചിറകിന്റെ നീളം. ഏറെ നാളായി നാട്ടുകാര്‍ ഈ കഴുകനെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ഇതിനെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നെന്ന് പ്രദേശ വാസികള്‍ പറയുന്നു.

ഹിമാലയന്‍ ഗ്രിഫണ്‍ കഴുകന്മാര്‍ ഇപ്പോള്‍ ഏതാണ്ട് വംശനാശ ഭീഷണിയിലാണ്. അവരെ ഇക്കോസിസ്റ്റം എഞ്ചിനീയര്‍മാര്‍ എന്നാണ് വിളിക്കുന്നതെന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കസ്വാന്‍ പറഞ്ഞു. എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ കസ്വാന്‍ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് ഒരു ഹിമാലയന്‍ ഗ്രിഫണ്‍ കഴുകനെപ്പോലെയാണ്. ഉയര്‍ന്ന സ്ഥലങ്ങളിലാണ് ഇവയെ കാണപ്പെടാറുള്ളത്. അവര്‍ക്ക് 40-45 വയസ്സ് വരെ ജീവിക്കാന്‍ സാധിക്കും. അവയുടെ വലിയ ചിറകുകള്‍ ഈ കഴുകന്മാരെ ആകാശത്ത് ഉയരത്തില്‍ പറന്ന് നിലത്ത് ശവങ്ങള്‍ തിരയാന്‍ സഹായിക്കുന്നു. ശവശരീരങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ കഴുകന്മാര്‍ മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുന്നത് തടയുന്നു എന്നത് രേഖപ്പെടുത്തപ്പെട്ട വസ്തുതയാണെന്നും പറയപ്പെടുന്നു.

ഈ കഴുകന്മാര്‍ ടിബറ്റന്‍ പീഠഭൂമിയിലെ ഹിമാലയത്തിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇവ വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍പ്പെടുന്ന പക്ഷിയാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന ഒമ്പത് കഴുകന്‍ ഇനത്തില്‍പ്പെട്ട നാലെണ്ണവും വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെടുന്നവയാണ്.

അതേസമയം, ഈ കഴുകനെ പിടികൂടിയതിന് പിന്നാലെ പ്രചരിച്ച ദൃശ്യങ്ങള്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എടുക്കുന്നതിനായി നിരവധി പേര്‍ കഴുകന്റെ ചിറകുകള്‍ ബലമായി പിടിക്കുന്നുണ്ട്. അപൂര്‍വ ഇനം പക്ഷിയെ അനുമതിയില്ലാതെ പിടികൂടിയ പ്രദേശവാസികള്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാണ്.


Click it and Unblock the Notifications