'ഭീഷണിയ്ക്ക് സമാനം', വിനു വി ജോണിന് എതിരെയുളള കേസ് അവസാനിപ്പിക്കണമെന്ന് NWMI

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിന് എതിരെയുളള കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉയര്‍ത്തിയ ചോദ്യത്തെ അക്രമത്തിനുളള ആഹ്വാനമായി ചിത്രീകരിച്ച് വിനു വി ജോണിന് എതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പ്രതികരിച്ചു.
നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'ഏഷ്യാനെറ്റ് ന്യൂസ്ചാനലിലെ ആങ്കർ വിനു വി ജോൺ ചാനൽചർച്ചയ്ക്കിടെ ഉയർത്തിയ ഒരു ചോദ്യത്തെ, അക്രമാഹ്വാനമായി ചിത്രീകരിച്ചു, കേസെടുത്ത കേരളാപോലീസ്നടപടി തീർത്തും പ്രതിഷേധാർഹമാണ്. മാധ്യമ പ്രവർത്തനത്തിലള്ള കടന്നുകയറ്റമായിട്ടേ ഈ കേസ് കാണാനാവൂ. അഭിപ്രായപ്രകടനത്തിന്റെ പേരിൽ, ഒരു മാദ്ധ്യമപ്രവർത്തകന്റെ മേൽ, IPC സെക്ഷൻ 504 ചുമത്തി കേസെടുക്കുകയെന്നത് ഭീഷണിയ്ക്ക് സമാനമാണ്.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ അന്തരീഷമൊരുക്കുക എന്ന കേരളസർക്കാറിന്റെ പ്രഖ്യാപിതനയത്തിന് കടകവിരുദ്ധമാണ് പോലീസ്നടപടി എന്ന് ആർക്കും നിസ്സംശയം വ്യക്തമാണ്. നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ - ഇന്ത്യ (NWMI ) ഈ നടപടിയെ ദൃഢമായി അപലപിക്കുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ, കൂച്ചുവിലങ്ങിടുന്ന ഇത്തരം പോലീസ് നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു'.
സിപിഎം രാജ്യസഭാ എംപിയും സിഐടിയു നേതാവുമായ എളമരം കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനു വി ജോണിനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വിനു വി ജോണ്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. 2022 മാര്‍ച്ചില്‍ നടന്ന ട്രേഡ് യൂണിയന്‍ പണിമുടക്കിലെ അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്ത ന്യൂസ് അവര്‍ പരിപാടിയില്‍ അവതാരകനായ വിനു വി ജോണ്‍ എളമരം കരീമിനെതിരെ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. തനിക്കെതിരെ കേസെടുത്ത വിവരം പോലും പോലീസ് ഒരു വര്‍ഷത്തോളം മറച്ച് വെച്ചുവെന്ന് വിനു വി ജോണ്‍ ആരോപിച്ചു.












Click it and Unblock the Notifications