സമുദായം തിരിച്ചറിയണം; മുസ്ലിങ്ങള്‍ക്ക് സ്ഥിരം രക്ഷകരില്ല- എസ്‌കെഎസ്എസ്എഫ് നേതാവ്
മലപ്പുറം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലുണ്ടായ പ്രതികരണങ്ങള്‍ വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നു എന്ന് സമസ്തയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്‌കെഎസ്എസ്എഫിന്റെ നേതാവും സത്യധാര എഡിറ്ററുമായ അന്‍വര്‍ സാദിഖ് ഫൈസി. ന്യൂനപക്ഷ വിഭാഗത്തിന് വിശ്വസിച്ച് അണിചേരാന്‍ പറ്റിയ മുഖ്യധാര പാര്‍ട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു. മതനിരപേക്ഷത പറയുന്നവര്‍ പോലും വേട്ടക്കാരനെ സന്ദര്‍ശിച്ച് വരുന്നതാണ് കണ്ടത്. മുസ്ലിങ്ങള്‍ക്ക് സ്ഥിരം രക്ഷകരില്ലെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും സമുദായം തിരിച്ചറിയണമെന്നും അന്‍വര്‍ സാദിഖ് ഫൈസി പറയുന്നു.
അതീജവനമാണ് പ്രധാനം. അതിനുള്ള വഴികളാണ് സ്വീകരിക്കേണ്ടത്. വോട്ടിനാണ് പ്രാധാന്യം. അതുകഴിഞ്ഞേ നീതിയും നിഷ്പക്ഷതയുമെല്ലാമുള്ളൂ. മുസ്ലിങ്ങള്‍ ഇക്കാര്യം തിരിച്ചറിഞ്ഞാല്‍ വിലാപങ്ങള്‍ക്ക് അറുതിവരും. ചില പാര്‍ട്ടികളെ മുസ്ലിങ്ങളുടെ ശത്രുവായി സ്ഥാപിക്കല്‍ മറ്റു പാര്‍ട്ടികളുടെ വോട്ട് താല്‍പ്പര്യമാണോ എന്ന് പരിശോധിക്കണം. മാന്യമായ നിലപാട് സ്വീകരിക്കുന്നവരോട് സമാനമായ പ്രതികരണം തിരിച്ചും നല്‍കണം. മുന്‍ധാരണകള്‍ മാറ്റിവച്ച് വേണം ഇനി പ്രവര്‍ത്തിക്കാന്‍. എല്ലാവരോടും ഒരേ സമീപനം സ്വീകരിച്ചാല്‍ ആര്‍ക്കും മുസ്ലിങ്ങളെ അവഗണിക്കാനാകില്ലെന്നും അന്‍വര്‍ സാദിഖ് ഫൈസി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....

#അതിജീവനമാണ്_പ്രധാനം
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ചു അണിചേരാൻ പറ്റിയ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമുണ്ടോ? ഇല്ലെന്ന് കഴിഞ്ഞ രണ്ടു ദിവസം കൊണ്ടെങ്കിലും കേരള മുസ്‌ലിംകൾക്ക് മനസ്സിലായിക്കാണും. ഇമ്മിണിബല്യ മതനിരപേക്ഷത പറയുന്നവർ പോലും ഇരകളെ സ്വാന്തനിപ്പിക്കുന്നതിനു പകരം വേട്ടക്കാരനെ സന്ദർശിച്ചു തലോടി വരുന്നതാണ് കണ്ടത്. വർഗീയ പാർട്ടിയെന്ന് ആരോപിക്കപ്പെടുന്ന BJP യുടെ നേതാവ് സി.കെ പത്മനാഭൻ്റെ തിരിച്ചറിവു പോലും 916 പ്യൂരിട്ടിയുടെ സെക്യുലറിസം പറയുന്നവരിൽ നാം കണ്ടില്ല.
മുസ് ലിംകൾക്ക് സ്ഥിരം രക്ഷകരില്ലെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും സമുദായം തിരിച്ചറിയണം. നിലനിൽപ്പും അതിജീവനവുമാണ് പ്രധാനം. അതിനു സഹായകമായ വഴികളെല്ലാം സമുദായത്തിന് സ്വീകാര്യമാവണം. ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും വേണ്ടത് വോട്ടാണ്. അതു കഴിഞ്ഞിട്ടേ എല്ലാവർക്കും നീതിയും നിഷ്പക്ഷതയും മതേതരത്വവുമുള്ളൂ. ഇത് സമുദായം എപ്പോൾ കാര്യ ഗൗരവത്തോടെ തിരിച്ചറിയുന്നുവോ, അപ്പോൾ ഈ വിലാപങ്ങൾക്ക് അറുതിവരും.
ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർടിയെ ചൂണ്ടിക്കാട്ടി അവർ മുസ്‌ലിംകളുടെ ശത്രുക്കളാണെന്ന് സ്ഥാപിക്കൽ വോട്ടു ലക്ഷ്യമിടുന്ന മറ്റുള്ള രാഷ്ട്രീയ കക്ഷികളുടെ തന്ത്രമാണോ എന്ന് നാം പരിശോധിക്കണം. മുസ്ലിംകൾ അകന്നു നിന്നതു കൊണ്ട് മുസ് ലിംകളുടെ ശത്രുക്കളായവരെയും നാം കാണണം. മുൻധാരണകൾ മാറ്റി വച്ചു ഞങ്ങളോട് മാന്യമായ സമീപനം സ്വീകരിക്കുന്ന ഇന്ത്യയിലെ സർവ രാഷ്ട്രീയ കക്ഷികളോടും ഞങ്ങളും മാന്യമായ സമീപനം സ്വീകരിക്കുമെന്ന നിലപാട് വേണം. ആരെയും മാറ്റി നിർത്താതെ, എല്ലാവരോടും ഒരേ സമീപനം സ്വീകരിച്ചു തുടങ്ങിയാൽ, നിലവിൽ വർഗീയത വിളമ്പുന്നവർക്കും അതുവഴി അധികാരം പിടിക്കുന്നവർക്കും മുസ്ലിംകളെ അവഗണിക്കാനാവില്ല.
The war is a stratagem എന്ന പ്രവാചക വചനത്തിൻ്റെ അർത്ഥ തലങ്ങളെ കുറിച്ച് സമുദായം ഇനിയും വിചാരപ്പെടേണ്ടിയിരിക്കുന്നു എന്നു സാരം. അതിവൈകാരികതയല്ല, അതിജീവനമാണ് പ്രധാനം.
Anwar Sadiq faizy Tanur
വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ മന്ത്രി വിഎന്‍ വാസവന്‍ സന്ദര്‍ശിച്ചിരുന്നു. ബിഷപ്പ് വര്‍ഗീയമായി ഒന്നും പറഞ്ഞില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മാത്രമല്ല, പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെ മന്ത്രി രംഗത്തുവരികയും ചെയ്തു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. കോട്ടയം താലൂക്ക് മുസ്ലിം മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റി മന്ത്രിയെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. മന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ് എന്ന് എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നീക്കം വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിപി റഫീഖ് കുറ്റപ്പെടുത്തി. സൗഹാര്‍ദം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാലാ ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശത്തോടെ ആയിരുന്നില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞത്.












Click it and Unblock the Notifications