Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുള്ളറ്റ് ട്രെയിന്‍ വന്നാല്‍ 10 മണിക്കൂര്‍ ലാഭം; ഹൈദരാബാദ്-ചെന്നൈ 705 കിലോമീറ്ററില്‍ പുതിയ പാത

ഇന്ത്യയില്‍ ഗതാഗത സൗകര്യം വിപുലമാകുകയാണ്. യാത്രകള്‍ക്ക് വേഗത കൂടുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന ബുള്ളറ്റ് ട്രെയിന്‍ ദക്ഷിണേന്ത്യയിലേക്കും വരികയാണ്. ഇതിന് വേണ്ടി പ്രത്യേക പാത ഒരുക്കും. സാധ്യതാ പഠനത്തിന് ഏജന്‍സിയെ ഏല്‍പ്പിച്ചു. ഹൈദരാബാദിനും ചെന്നൈക്കുമിടയില്‍ ആയിരിക്കും ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ എന്ന് മെട്രോ റെയില്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

പദ്ധതി യാഥാര്‍ഥ്യമായാല്‍ 12 മണിക്കൂര്‍ വേണ്ടി വരുന്ന യാത്രയ്ക്ക് വെറും 2.20 മണിക്കൂര്‍ മതിയാകും എന്നതാണ് നേട്ടം. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ നിലവിലുള്ള റെയില്‍ പാളത്തിലൂടെ സര്‍വീസ് നടത്താന്‍ സാധിക്കില്ല. പ്രത്യേക പാത ഒരുക്കണം. 705 കിലോമീറ്ററില്‍ പുതിയ പാത നിര്‍മിക്കേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

bullet train south india-

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്‍സള്‍ട്ടന്‍സിയായ റൈറ്റ്‌സ് ലിമിറ്റഡ് ആണ് ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള സാധ്യതാ പഠനം നടത്തുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ പാതയുടെ നിര്‍മാണം ഏകദേശം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ദക്ഷിണേന്ത്യയിലേക്കും ബുള്ളറ്റ് ട്രെയിനിന് വേണ്ടി പ്രത്യേക പാത ഒരുക്കാന്‍ പോകുന്നത്. പിന്നീട് ഈ രണ്ട് പാതകളും ഒരുമിച്ച് ചേര്‍ക്കുന്നതും ആലോചിക്കും.

തിരക്കേറിയ പാതകള്‍ ഏതൊക്കെ, ഏത് വഴി പാത നിര്‍മിക്കണം, ഭൂപ്രകൃതി പഠനം, രൂപരേഖ തയ്യാറാക്കല്‍ എന്നിവയെല്ലാമാണ് റൈറ്റ്‌സിന്റെ സാധ്യതാ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 350 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്ന റെയില്‍പാതയാകും നിര്‍മിക്കുക. ബുള്ളറ്റ് ട്രെയിനുകള്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തുകയും ചെയ്യും.

വിമാന സര്‍വീസ് നഷ്ടമാകുമോ?

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമായാല്‍ വലിയ തിരിച്ചടി നേരിടുക വിമാന സര്‍വീസുകള്‍ക്കായിരിക്കും. കാരണം, നിലവില്‍ ഹൈദരാബാദ്-ചെന്നൈ റൂട്ടില്‍ രണ്ട് മണിക്കൂറിനകം എത്താന്‍ വിമാനങ്ങള്‍ക്ക് പറ്റുമെങ്കിലും നേരത്തെ കാത്തിരിപ്പ് കേന്ദ്രത്തിലെത്തേണ്ട സാഹചര്യം പരിഗണിക്കുമ്പോള്‍ സമയം കൂടുതലാണ്. ഇതോടെ കൂടുതല്‍ പേര്‍ ബുള്ളറ്റ് ട്രെയിനിനെ ആശ്രയിക്കും. ടിക്കറ്റ് നിരക്ക് വളരെ കൂടുതലാകുമെന്നാണ് കരുതുന്നത്.

ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നത് 12 മുതല്‍ 14 വരെ മണിക്കൂര്‍ സമയമെടുത്താണ്. ഇതാണ് ബുള്ളറ്റ് ട്രെയിന്‍ വന്നാല്‍ രണ്ടേകാല്‍ മണിക്കൂറായി ചുരുങ്ങുക. ഇതോടെ ഇരു നഗരങ്ങളും തമ്മിലുള്ള അകലം കുറയും. വ്യാപാരം, പഠനം, വിനോദ സഞ്ചാരം എന്നീ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന പദ്ധതിയാകുമിത്. ചൈനയും ജപ്പാനുമെല്ലാം ബുള്ളറ്റ് ട്രെയിനിലെ പുതിയ മാതൃകകള്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയും അതുവഴി പരിശോധിക്കുന്നത്.

ദക്ഷിണേന്ത്യയ്ക്ക് ബുള്ളറ്റ് ട്രെയിന്‍ ലഭിക്കാന്‍ പോകുന്ന കാര്യം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഹൈദരാബാദ്, അമരാവതി, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ് എന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വെ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വന്‍കിട നഗരങ്ങളിലെ അഞ്ച് കോടിയില്‍ അധികം വരുന്ന ജനങ്ങള്‍ക്ക് നേരിട്ട് നേട്ടമാകുന്ന പദ്ധതിയാണിത് എന്നും നായിഡു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+