മഴയാത്ര പോകാം; നെല്ലിയാമ്പതിയിലേക്കും സൈലന്റ് വാലിയിലേക്കും കെഎസ്ആർടിസി പാക്കേജ്, 480 രൂപ മുതൽ
മഴക്കാലം തുടങ്ങിയാൽ പിന്നെ യാത്ര ചെയ്യുവാൻ വേറൊരു രസമാണ്. കാറ്റും മഴയും ആസ്വദിച്ച്, മലഞ്ചെരുവുകളിൽ നിന്നുയർന്ന് അന്തരീക്ഷം മുഴുവൻ വ്യാപിക്കുന്ന കോടമഞ്ഞും മാനത്ത് ഉരുണ്ടുകൂടുന്ന് കാർമേഘങ്ങളും കണ്ടുള്ള യാത്രകൾ. എല്ലാ സ്ഥലങ്ങളും മഴക്കാലത്ത് സുരക്ഷിതമല്ലെങ്കിലും മഴ പെയ്യുന്ന സമയത്ത് തന്നെ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. കെ എസ് ആർ ടി സി ബസിൽ കുലുങ്ങിക്കുലുങ്ങിയുള്ള യാത്രയും മഴയും അനുഭവിക്കാത്ത മലയാളികൾ കാണില്ല. എങ്കിൽ ഈ ജൂൺ മാസത്തിലെ മഴയാത്രകൾക്ക് ഒരുങ്ങിയാലോ
മഴക്കാലത്ത് ഇരട്ടി ഭംഗിയാകുന്ന സ്ഥലങ്ങൾ തേടിപ്പിടിച്ച് പോകാനാണ് സഞ്ചാരികൾ താല്പര്യപ്പെടുന്നത്. അത്തരം ഇടങ്ങളിലേക്ക് പോക്കറ്റ് കാലിയാക്കാതെ, മനോഹരമായ ഓർമ്മകളുമായി മടങ്ങിയെത്താവുന്ന തരത്തിലുള്ള പാക്കേജുകളാണ് പാലക്കാട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്നത്. പാലക്കാട് നിന്നുള്ള ജൂണിലെ ഏകദിന മഴയാത്രകളെക്കുറിച്ച് വിശദമായി അറിയാം.

നെല്ലിയാമ്പതി, ഗവി, സൈലന്‍റ് വാലി, മലക്കപ്പാറ, നിലമ്പൂർ, കൊട്ടിയൂർ , മൂന്നാര്‍ എന്നിങ്ങനെ മഴക്കാലം സുന്ദരിയാക്കുന്ന ഇടങ്ങളിലേക്കാണ് പാലക്കാട് നിന്നുള്ള പാക്കേജുകൾ. അതോടൊപ്പം അതിരപ്പിള്ളി വെള്ളച്ചാട്ടം, കുട്ടനാട് കായൽ യാത്ര, എന്നിങ്ങനെയുള്ള ട്രിപ്പുകളുമുണ്ട്.
നെല്ലിയാമ്പതി
മഴ പെയ്തു തുടങ്ങിയാല്‍ ധൈര്യമായി പോകാവുന്ന സ്ഥലങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി. മഴക്കാലത്ത് നെല്ലിയാമ്പതിക്ക് മറ്റൊരു മുഖമാണ്. തിങ്ങിനിറഞ്ഞു നിൽക്കുന്ന പച്ചപ്പും അടിക്കടിയെത്തുന്ന മഴയും കാഴ്ചകളും ഒക്കെയയായി അതൊരു വേറേ ലോകം തന്നെയാണ്. സീതാർകുണ്ട്, അയ്യപ്പന്‍കുണ്ട്, തേയിലത്തോട്ടങ്ങൾ, ഓറഞ്ച് ഫാം, , കേശവൻപാറ, പോത്തുണ്ടി ഡാം എന്നിങ്ങനെ സ്ഥലങ്ങൾ കുറേയുണ്ട് കാണുവാൻ. ജൂണ്‍ 1, 4, 6, 14, 15, 22, 29 എന്നീ തിയതികളിലാണ് യാത്ര. 480 രൂപയാണ് ടിക്കറ്റ് നിരക്ക്.
സൈലന്‍റ് വാലി
മഴയും കാടുകളും ചേരുന്ന കാഴ്ച എത്ര കണ്ടാലും മതിവരില്ല. ഈ മഴക്കാലത്ത് സൈലന്‍റ് വാലിയുടെ നിത്യഹരിത കാഴ്ചകളിലേക്ക് കയറിച്ചെന്നാലോ. നിറഞ്ഞൊഴുകുന്ന പുഴയും കാടിനു നടുവിലെ തൂക്കുപാലവും കാടിനുള്ളിലൂടെ ഒരു ജംഗിൾ സഫാരിയും നാടന് ഭക്ഷണവും ഒക്കെ ചേരുന്ന പാക്കേജാണിത്. ജൂൺ 6, 15, 21, 29 എന്നീ തിയതികളിലാണ് യാത്രയുള്ളത്. 1490 രൂപയാണ് നിരക്ക്.
മലക്കപ്പാറ
തൃശൂർ ജില്ലയിൽ അതിരപ്പിള്ളി കഴിഞ്ഞ് കാടുകയറി അത്യാവശ്യം നീണ്ട യാത്രയ്ക്ക് ശേഷമെത്തുന്ന ഇടമാണ് മലക്കപ്പാറ. കേരളത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള ഫോറസ്റ്റ് റൂട്ടുകളൊന്നിലൂടെയുള്ള യാത്ര മാത്രമല്ല, മലക്കപ്പാറ കാണാൻ സഞ്ചാരികളെ ആകർഷിക്കുന്നത്. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും അപ്രതീക്ഷിതമാി മുൻപിൽപ്പെടുവാൻ സാധ്യതയുള്ള ആനക്കൂട്ടങ്ങളും മാനുകളും മറ്റു വന്യജീവികളും യാത്രയുടെ ഹരം കൂട്ടുന്നു.
ജൂൺ 8 ന് ഒരു യാത്ര മാത്രമാണ് ഈ മാസം പാലക്കാട് നിന്നുള്ളത്. രാവിലെ 5.30ന് പുറപ്പെടും. 830 രൂപയാണ് നിരക്ക്
കൊട്ടിയൂർ
മലബാർ ഭാഗത്തെ ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിലൊന്നാണ് കൊട്ടിയൂർ വൈശാഖോത്സവം. 27 ദിവസം നീണ്ടു നിൽക്കുന്ന, മഴയുടെ അകമ്പടിയോടെ നടത്തുന്ന ചടങ്ങുകളിലും പൂജകളിലും പങ്കെടുക്കുവാൻ കേരളത്തിനകത്തും പുറത്തും നിന്ന് വിശ്വാസികൾ ഉൾപ്പെടെയുള്ളവർ എത്തുന്നു. യാഗഭൂമിയെന്ന് വിശ്വസിക്കുന്ന കൊട്ടിയൂരിൽ അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്.ഇതിൽ അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്ത് മാത്രമാണ് പ്രവേശനം. ഈ വര്‌ഷത്തെ കൊട്ടിയൂർ വൈശാഖോത്സവം ജൂൺ എട്ടിന് തുടങ്ങും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പാക്കേജാണ് പാലക്കാട് നിന്നുള്ളത്. ജൂണ്‍ 12, 16, 18, 22, 24, 26 എന്നീ തിയതികളിൽ പുലര്‍ച്ചെ 5.00 മണിക്ക് പുറപ്പെടും. 1820 രൂപയാണ് ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications