ഈ വന്ദേഭാരതിന്റെ കോച്ചുകൾ ഉയർത്തും; കാത്തിരിപ്പ് അവസാനിക്കുന്നു? പ്രഖ്യാപനം ഉടൻ
ട്രെയിൻ യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. വന്ദേഭാരത് പോലുള്ള ആധുനിക ട്രെയിനുകളുടെ വരവ് യാത്രക്കാർക്ക് വലിയ അനുഗ്രഹമായി മാറിയിട്ടുമുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. ഇവിടെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയും ബുക്കിംഗും ലഭിക്കുന്നുണ്ട്. ചെന്നൈ സെൻട്രൽ-കോയമ്പത്തൂർ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20643 / 20644) ഇത്തരത്തിൽ വലിയ സ്വീകാര്യത നേടിയ സർവ്വീസാണ്.
കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്ക് ഏകദേശം 495 കിലോമീറ്റർ വെറും 5 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസവും ചെന്നൈ സെൻട്രൽ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിനിൽ ആകെ 598 സീറ്റുകളുണ്ട്. എട്ട് കോച്ചുകളാണ് ഈ വന്ദേഭാരത് എക്സ്പ്രസിനുള്ളത്. ഇതിൽ 7 കോച്ചുകൾ എസി ചെയർ കാർ വിഭാഗത്തിലും ഒരു കോച്ച് എക്സിക്യൂട്ടീവ് എസി ചെയർ കാർ വിഭാഗത്തിലുമാണ്. ഒരു യാത്രക്കാരന് എക്സിക്യൂട്ടീവ് ടിക്കറ്റിന് 2,310 രൂപയും എസി ചെയർ കാർ ടിക്കറ്റിന് 1,215 രൂപയുമാണ് നിരക്ക്.

എല്ലാ ദിവസവും രാവിലെ 6 മണിക്ക് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് 11:50-ന് ചെന്നൈയിൽ എത്തും. ഉച്ചയ്ക്ക് 2:15-ന് ചെന്നൈയിൽ നിന്ന് തിരിച്ച് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 8:15-ഓടെ കോയമ്പത്തൂരിൽ തിരിച്ചെത്തും. ഏകദേശം 6 മണിക്കൂറിനടുത്ത് മാത്രമാണ് യാത്രാസമയം.
നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തണമെന്ന് യാത്രക്കാർ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ട്. ദീപാവലി അടുത്തുവരുന്ന സാഹചര്യത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വർധിച്ചതോടെ വീണ്ടും ഈ ആവശ്യം ശക്തമായിരിക്കുകയാണ്. ഉത്സവകാലം കണക്കിലെടുത്ത് 16 കോച്ചുകളാക്കി മാറ്റുന്നത് യാത്രദുരിതം ഒരുപരിധി വരെ പരിഹരിക്കാൻ സഹായിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇത് സംബന്ധിച്ച് ഇപ്പോഴിതാ ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥരും അനുകൂല സൂചനകൾ നൽകുകയാണ്. 'ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ട്രെയിൻ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. കോയമ്പത്തൂർ-ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം റെയിൽവേ ബോർഡ് ഉടൻ നടത്തും', ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്ത് നിർമ്മിച്ച ആധുനിക ഹൈ-സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസ് 2019-ലാണ് റെയിൽവേ മന്ത്രാലയം അവതരിപ്പിച്ചത്.ഓട്ടോമാറ്റിക് ഡോറുകൾ, എസി, വൈഫൈ, ജിപിഎസ്, ഓഡിയോ-വീഡിയോ ഇൻഫർമേഷൻ സംവിധാനങ്ങൾ, ബയോ-ടോയ്‌ലറ്റുകൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങൾ വന്ദേ ഭാരത് ട്രെയിനുകളിലുണ്ട്. കുറഞ്ഞ സമയം കൊണ്ട് സുഖകരമായ യാത്രയാണ വന്ദേഭാരത് പ്രധാനം ചെയ്യുന്നത്.
ഇനി കാത്തിരിപ്പ് സ്ലീപ്പറിനായി
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ യാത്രക്കാർ. സുഖമമായ രാത്രി യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറക്കാൻ റെയിൽവെ പദ്ധതിയിടുന്നത്. ഒക്ടോബർ അവസാനത്തോടെ സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിച്ചേക്കുമെന്നാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. നിലവിൽ ഒരു സ്ലീപ്പർ ട്രെയിനിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. സർവ്വീസിന്‌റെ തുടർച്ച ഉറപ്പാക്കാൻ മറ്റൊരു ട്രെയിൻ കൂടി ആവശ്യമാണ്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആദ്യ സ്ലീപ്പർ ഡൽഹി-പട്ന റൂട്ടിലായിരിക്കും സർവ്വീസ് നടത്തിയേക്കുക.












Click it and Unblock the Notifications