വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിലൂടെ ഓടുമോ? മൂന്നാം ട്രെയിന്‍, മംഗലാപുരത്ത് നിന്ന് ഒന്നുണ്ട് എന്ന് മന്ത്രി
മംഗലാപുരം: വന്ദേഭാരത് എക്‌സ്പ്രസുകളുടെ പുതിയ മോഡല്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. രാത്രി സര്‍വീസിന് കൂടി വന്ദേഭാരത് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സ്ലീപ്പര്‍ ട്രെയിന്‍ എത്തുന്നത്. വന്ദേ ഭാരതും വന്ദേ മെട്രോയും വന്ന പിന്നാലെയാണ് വന്ദേ ഭാരത് സ്ലീപ്പറിന്റെ വരവ്. പ്രധാന റൂട്ടുകളില്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ-അഹമ്മദാബാദ്, ന്യൂഡല്‍ഹി-വരാണസി, ന്യൂഡല്‍ഹി-പട്‌ന എന്നീ റൂട്ടുകളില്‍ വേേന്ദഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഏതാണ് ഉറപ്പായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഏത് സംസ്ഥാനങ്ങള്‍ക്കാണ് ഈ ട്രെയിന്‍ കിട്ടുക എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിന് ഒരു ട്രെയിന്‍ കിട്ടുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ മംഗലാപുരത്ത് നിന്ന് ഒരു ട്രെയിന്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര റെയില്‍വെ സഹമന്ത്രി വി സോമണ്ണ പറയുന്നത്.

കേരളത്തിലൂടെയുള്ള വന്ദേഭാരത് എക്‌സ്പ്രസുകള്‍ നിറഞ്ഞ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ലീപ്പറിലും യാത്രക്കാരെ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ദക്ഷിണ റെയില്‍വെക്ക് അനുവദിക്കുന്ന ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ കേരളത്തിനാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാകും ഈ സര്‍വീസ് എന്നും പറയപ്പെടുന്നു.
എട്ട്, 16, 20 കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. 140ഓളം ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. 20 കോച്ചുള്ള ട്രെയിനുകള്‍ കാലിയായി ഓടുന്നു എന്ന വിവരം ലഭിച്ച ചില റൂട്ടുകളില്‍ കോച്ചുകളുടെ എണ്ണം എട്ടാക്കി കുറച്ചിരുന്നു. യാത്രാക്കാര്‍ കൂടുതലുള്ള റൂട്ടില്‍ 20 കോച്ചുള്ള വന്ദേഭാരതും സര്‍വീസ് നടത്തുന്നുണ്ട്. 16 കോച്ചുള്ള ട്രെയിന്‍ ആകും സ്ലീപ്പര്‍ ആയി സര്‍വീസ് നടത്തുക. 1128 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.
മംഗലാപുരത്തിന് ഒരു സ്ലീപ്പര്‍ ട്രെയിന്‍ കിട്ടുമെന്ന് റെയില്‍വെ സഹമന്ത്രി സോമണ്ണ കഴിഞ്ഞ ദിവസം പറഞ്ഞു. ആ ട്രെയിന്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നതാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മംഗലാപുരം-കബക പുത്തൂര്‍ പാസഞ്ചര്‍ സുബ്രഹ്മണ്യ റോഡ് സ്‌റ്റേഷനിലേക്ക് സര്‍വീസ് നീട്ടിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചാണ് മന്ത്രി വന്ദേഭാരത് സ്ലീപ്പര്‍ വരുന്ന കാര്യം പറഞ്ഞത്.
ഗോവയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണം എന്ന് കേരളത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും കാര്യമുണ്ടായില്ല. മംഗലാപുരം-ഗോവ-മുംബൈ സര്‍വീസിനാണ് ഒടുവില്‍ നറുക്ക് വീണത്. കേരളത്തിനെ തഴയുകയാണ് ചെയ്തതെന്ന് ആരോപണം ഉയരുകയും ചെയ്തു. മൂന്നാമതൊരു വന്ദേഭാരത് കൂടി വേണം എന്ന ആവശ്യം കേരളത്തില്‍ നിന്ന് ശക്തമാണ്.
കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലാണ് കേരളത്തിന്റെ റെയില്‍വെ വികസനം തടയുന്നതെന്ന വിമര്‍ശനം ശരിയല്ല എന്ന് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യുടി ഖാദര്‍ പ്രതികരിച്ചു. അത്തരം പ്രചാരണം ഖേദകരമാണ് എന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും കേരളത്തിന് കിട്ടില്ലേ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications