ആംബുലന്‍സ് ഗട്ടറില്‍ വീണപ്പോള്‍ 'മൃതദേഹം' അനങ്ങി; മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 80 കാരന് പുനര്‍ജന്മം
ചണ്ഡീഗഢ്: റോഡിലെ ഗട്ടറുകള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഗട്ടറുകളില്‍ വീണ് മരണങ്ങള്‍ വരെ സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍ ഹരിയാനയിലെ ഒരു 80 കാരന്റെ പുനര്‍ജന്മത്തിന് കാരണമായിരിക്കുകയാണ് ഗട്ടര്‍. മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ ദര്‍ശന്‍ സിംഗ് ബ്രാര്‍ എന്നയാളാണ് ആംബുലന്‍സ് ഗട്ടറില്‍ വീണപ്പോള്‍ പുനര്‍ജന്മം നേടിയിരിക്കുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍നാലിന് അടുത്തുള്ള നിസ്രിംഗിലെ നിവാസിയായിരുന്നു ദര്‍ശന്‍ സിംഗ് ബ്രാര്‍. അവിടെ ഒരു കോളനി മുഴുവന്‍ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്ന് ബ്രാറിന്റെ കൊച്ചുമക്കളിലൊരാളായ ബല്‍വാന്‍ സിംഗ് പറഞ്ഞു. കുറച്ച് ദിവസമായി ബ്രാറിന് സുഖമില്ലായിരുന്നു, ബല്‍വാന്‍ സിംഗിന്റെ സഹോദരന്‍ അദ്ദേഹത്തെ ചികിത്സയ്ക്കായി പട്യാലയിലെ വീടിനടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആരോഗ്യനില വഷളായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. മുത്തച്ഛന്‍ നാല് ദിവസമായി വെന്റിലേറ്ററിലാണെന്നും വ്യാഴാഴ്ച രാവിലെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും ബല്‍വാന്‍ പറഞ്ഞു. പിന്നാലെ വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുക്കുകയും മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ ബ്രാറിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചു.
'മൃതദേഹ'വുമായി ആംബുലന്‍സില്‍ നിസിംഗിലേക്ക് (ഏകദേശം 100 കിലോമീറ്റര്‍ അകലെ) കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കളും മറ്റ് നാട്ടുകാരും ഇതിനകം തന്നെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിലപിക്കാന്‍ തടിച്ചുകൂടിയിരുന്നു. ഒരു ടെന്റ് സജ്ജീകരിച്ച് വിലാപയാത്രക്കാര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിരുന്നു. ശവസംസ്‌കാരത്തിനായി ഞങ്ങള്‍ക്ക് വിറക് കഷ്ണങ്ങളും ലഭിച്ചു, ബല്‍വാന്‍ പറഞ്ഞു.
ആംബുലന്‍സ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ ഒരു ഗട്ടറില്‍ വീണു. ഈ സമയം ബ്രാര്‍ കൈ ചലിപ്പിക്കുന്നത് ബല്‍വാന്റെ സഹോദരന്‍ ശ്രദ്ധിക്കുച്ചു. ഹൃദയമിടിപ്പുണ്ടെന്ന് മനസിലാക്കിയതോടെ ഇദ്ദേഹം ഡ്രൈവറോട് ആംബുലന്‍സ് അടുത്തുള്ള ആശുപത്രിയിലേക്ക് വിടാന്‍ പറഞ്ഞു. ബ്രാര്‍ ജീവിച്ചിരിപ്പുണ്ടെന്നും ശ്വസിക്കുന്നുണ്ടെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് അദ്ദേഹത്തെ നിസിംഗിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും അവിടെ നിന്ന് കര്‍ണാലിലെ എന്‍പി റാവല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതായും കുടുംബം പറഞ്ഞു. 'ഇതൊരു അത്ഭുതമാണ്. എന്റെ മുത്തച്ഛന്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ വിലപിക്കാന്‍ തടിച്ചുകൂടിയ എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു. അദ്ദേഹം ഇപ്പോള്‍ ശ്വസിക്കുന്നത് ദൈവത്തിന്റെ കൃപയാലാണ്,' അദ്ദേഹം പറഞ്ഞു.
ബ്രാറിന് ജീവനുണ്ടെന്നും മരിച്ചെന്ന് പറയാനാകില്ല എന്നും റാവല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ നേത്രപാല്‍ പറഞ്ഞു. ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ അദ്ദേഹം ശ്വസിക്കുന്നുണ്ടായിരുന്നു, കൂടാതെ രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും ഉണ്ടായിരുന്നു. ആദ്യം കാണിച്ച ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് ഒരു സാങ്കേതിക പിശകോ മറ്റെന്തെങ്കിലുമോ ആയിരിക്കാം.
നാല് ദിവസമായി അദ്ദേഹം പട്യാലയില്‍ വെന്റിലേറ്ററിലാണെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം ശ്വസിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്, ഐസിയുവിലാണ്. നെഞ്ചില്‍ അണുബാധയുള്ളതിനാല്‍ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാണ് എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications