വീഡിയോ വൈറലായി; മാളിൽ വെച്ച് യുവതിയുടെ പിന്നാലെ നടന്ന് മോശമായി പെരുമാറിയ 60കാരന് പിടിവീണു
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ആയിരുന്നു മാളിനുള്ളിൽ വെച്ച് യുവതിയോട് അതിക്രമം കാണിക്കുന്ന ഒരാളുടെ വീഡിയോ. യുവതിയുടെ പിന്നിലൂടെ വന്ന ഇയാൾ ദേഹത്ത് മോശമായി സ്പർശിക്കുകയായിരുന്നു.
ബെംഗളൂരു മാളിലായിരുന്നു സംഭവം. വ്യാപകമായ പ്രതിഷേധമായിരുന്നു ഉയർന്നുവന്നത്. ഇപ്പോൾ യുവതിയോട് മോശമായി പെരുമാറിയ ആളെ പിടികൂടിയതായാണ് പുറത്തുവരുന്ന വിവരം.

ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാൾ കോടതിയിൽ കീഴടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. ഗോപാൽപുരയിലെ മാളിൽ വെച്ചായിരുന്നു യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. ഇയാൾ അധ്യാപകനായിരുന്നു എന്നാണ് പോലീസ് പങ്കുവെയ്ക്കുന്ന വിവരം.
ദാസറഹള്ളി, അഗ്രഹാര സ്വദേശിയും ആർ ആർ നഗറിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ മു്ന പ്രധാനാധ്യാപകനും ആയിരുന്ന അശ്വത് നാരായൺ (60) ആണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് മഗഡി റോഡ് പൊലീസ് വ്യക്തമാക്കിയത്.
ഇയാൾ യുവതിയുടെ പിറകെ ചെന്ന് മോശമായി പെരുമാറുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ പ്രാദേശിക കോടതിയിൽ കീഴടങ്ങിയത് എന്നാണ് പോലീസ് പറഞ്ഞത്.
മൂന്നാം അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്, കഴിഞ്ഞ ഞായറാഴ്ച മുതലാണ് നാരായൺ യുവതിയെ മോശമായി സ്പർശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നാരയണിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു, പക്ഷേ ഇയാൾ വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യൻ പീനൽ കോഡ് (ഐ പി സി) സെക്ഷൻ 294 (അശ്ലീല പ്രവൃത്തികൾ), 354 എ (ലൈംഗിക പീഡനവും ലൈംഗിക പീഡനത്തിനുള്ള ശിക്ഷയും, 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക് , ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രപകരമാണ് നാരയണിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.












Click it and Unblock the Notifications