ലോട്ടറി അടിക്കുന്നത് ചെറിയ സമ്മാനമാണോ? നികുതി ഇല്ലെന്ന് കരുതി സമാധാനിക്കേണ്ട; പണി വരുന്നത് ഇങ്ങനെ
ആലപ്പുഴ: ലോട്ടറിയടിക്കുമ്പോള്‍ വലിയ സമ്മാനം അടിക്കാത്തതിന് നിരാശപ്പെടുന്നവരുണ്ടാകും. അതുപോലെ ചെറിയ സമ്മാനമല്ലേ, നികുതി കൊടുക്കേണ്ടല്ലോ എന്ന് ആശ്വസിക്കുന്നവരുമുണ്ടാകും. എന്നാല്‍ അതൊക്കെ മാറി തുടങ്ങുകയാണ്. ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ചെറിയ സമ്മാനങ്ങള്‍ പലവട്ടം കിട്ടുന്നവരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നികുതി ഈടാക്കി തുടങ്ങിയിരിക്കുകയാണ്.
പ്രതിവര്‍ഷം നിരവധി തവണയായി പതിനായിരം രൂപയ്ക്ക് മുകളില്‍ സമ്മാനം കിട്ടുന്നവരില്‍ നിന്നാണ് നികുതി പിടിക്കുന്നത്. ടിഡിഎസ്സായി മുപ്പത് ശതമാനം നികുതിയാണ് പിടിക്കുന്നത്. ഇനി മുതല്‍ ചെറു സമ്മാനങ്ങള്‍ ലഭിച്ചാലും പണം കുറച്ചേ നമുക്ക് കിട്ടൂ എന്ന് സാരം.ഈ നികുതി എങ്ങനെ പിടിക്കാമെന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടം ലോട്ടറി ഓഫീസുകളില്‍ ടിക്കറ്റുമായി എത്തി സമ്മാനം കൈപ്പറ്റുന്നവരില്‍ നിന്നാണ് നികുതി ഈടാക്കുന്നത്.

എന്നാല്‍ ഇതുകൊണ്ട് മാത്രം നികുതി കൃത്യമായി ലഭിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്. നിരവധി പ്രതിസന്ധികള്‍ പൂര്‍ണമായ നികുതി പിരിവിന് മുന്നിലുണ്ട്. ഇപ്പോള്‍ ആദായനികുതി നിയമം 2023 അനുസരിച്ച്, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ നികുതി നല്‍കിയിരുന്നത് പതിനായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് മാത്രമായിരുന്നു.
പതിനായിരം രൂപയില്‍ താഴെയുള്ള ചെറിയ സമ്മാനങ്ങള്‍ എത്രതവണ ലോട്ടറിയിലൂടെ അടിച്ചാലും, നികുതി നല്‍കേണ്ടി വരില്ലായിരുന്നു. എന്നാല്‍ ഇത് നികുതി ചോര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ചെറുസമ്മാനങ്ങള്‍ ഒരുപാട് തവണ കിട്ടുന്നവരെ കുറിച്ച് ഇനി കൃത്യമായ നിരീക്ഷണമുണ്ടാവും. ഇത്തരക്കാരിലൂടെ നികുതിചോര്‍ച്ച ഒഴിവാക്കുന്നതിനായി, എപ്രില്‍ മുതല്‍ പുതിയ രീതി നടപ്പാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നത് പിന്നെയും ഒരുമാസത്തില്‍ അധികം വൈകിക്കുകയായിരുന്നു. അതേസമയം പലതവണ സമ്മാനം കിട്ടുന്നവരെ പൂര്‍ണമായും കണ്ടെത്തി നികുതി പരിധിയില്‍ ഇതുവരെ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.പ്രധാന തടസ്സം ഇത്തരക്കാരെ മുഴുവന്‍ കണ്ടെത്തുന്നതിനായി, ആധാര്‍ നിര്‍ബന്ധമാക്കേണ്ടതാണ്. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നിലവില്‍ ചെറിയ സമ്മാനം അടിക്കുന്നവര്‍ ലോട്ടറി ഓഫീസുകളില്‍ നേരിട്ടെത്തി ടിക്കറ്റ് മാറ്റിയെടുക്കുന്നവര്‍ക്ക് മാത്രമാണ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. എന്നാല്‍ ഇത് വളരെ ചെറിയൊരു അളവ് മാത്രമാണ്. ലോട്ടറി ഏജന്റുമാര്‍ വഴി സമ്മാനാര്‍ഹമായ ടിക്കറ്റ് മാറ്റിയെടുക്കുന്നവരാണ് കൂടുതല്‍. ഇത്തരം ടിക്കറ്റ് മാറ്റിയെടുക്കുന്നവര്‍ക്കാണെങ്കില്‍ ആധാര്‍ നിര്‍ബന്ധവുമല്ല. ചെറിയ തുകയ്ക്കായി ആരും ലോട്ടറി ഓഫീസുകളില്‍ വരില്ലെന്ന് ഉറപ്പാണ്. ഇവിടെയാണ് നികുതി പിരിച്ചെടുക്കല്‍ വെല്ലുവിളിയാവാന്‍ പോകുന്നത്.
ലോട്ടറി വകുപ്പിന്റെ ഉത്തരവുകാരണം ഏജന്റുമാരുടെ പക്കല്‍ നിന്ന് ടിക്കറ്റ് മാറ്റി പണം കൈപറ്റുന്നവരില്‍നിന്ന് നികുതി ഈടാക്കാന്‍ പറ്റാത്ത സാഹചചര്യമാണ് ഉള്ളത്. ഈ ടിക്കറ്റ് ഏജന്റുമാര്‍ ലോട്ടറി ഓഫീസില്‍ നല്‍കുമ്പോള്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥനായ ആരുടെയും ടിക്കറ്റ് ഇതില്‍ വരുന്നില്ലെന്ന വൗച്ചര്‍ പൂരിപ്പിച്ച് നല്‍കണം.അതോടെ നികുതിയും നല്‍കേണ്ടതില്ല.
ഇതില്‍ പലതവണ ചെറിയ സമ്മാനം ലഭിച്ചവരില്‍ നിന്ന് മുപ്പത് ശതമാനം നികുതി ഈടാക്കിയ ശേഷം ഏജന്റുമാര്‍ ആ പണം ലോട്ടറി വകുപ്പില്‍ അടയ്ക്കാതിരിക്കാനും സാധ്യതയുണ്ട്. അതിലും നികുതി നല്‍കേണ്ടി വരില്ല. ഏജന്റുമാര്‍ ആധാര്‍ വിവരം കൂടി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നാല്‍ നികുതി പിരിവ് ഊര്‍ജിതമായി നടത്താം.












Click it and Unblock the Notifications