• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്താണ് സിഎഎ, എന്‍ആര്‍സി; വിവാദങ്ങള്‍ക്കും പ്രക്ഷോഭത്തിനും കാരണം... സമ്പൂര്‍ണ വിവരങ്ങള്‍

ദില്ലി: എന്താണ് പൗരത്വ ഭേദഗതി ബില്‍ (സിഎഎ), എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി), ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടോ? ഏത് സര്‍ക്കാരാണ് ഈ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. വിവാദങ്ങള്‍ക്ക് ഇടയാക്കിയ കാരണങ്ങള്‍ എന്തൊക്കെയാണ്... തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണിവിടെ...

എന്താണ് സിഎഎ

1955ലാണ് ആദ്യ പൗരത്വ നിയമം തയ്യാറാക്കിയത്. ഇതില്‍ 1987ലും 2003ലും ഭേദഗതികള്‍ വരുത്തി. ഏറ്റവും ഒടുവില്‍ ഭേദഗതി വരുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനങ്ങള്‍ കാരണം ഇന്ത്യയിലെത്തുന്ന ആറ് മത വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക.

2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം. ആറ് വര്‍ഷം ഇന്ത്യയില്‍ സ്ഥിരമായി താമസിച്ച മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹരാണ്. നേരത്തെ ഇത് 11 വര്‍ഷത്തെ സ്ഥിരതാമസം എന്നതായിരുന്നു മാനദണ്ഡം. രേഖകളില്ലാതെ ഇന്ത്യയില്‍ താമസിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരെ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കി 2016ല്‍ കേന്ദ്രസര്‍ക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇവര്‍ക്കെല്ലാം പൗരത്വം നല്‍കുന്നതാണ് പുതിയ ഭേദഗതി നിയമം.

അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളില്‍ സിഎഎ നിയമം ബാധകമല്ല. കൂടാതെ അരുണാചല്‍ പ്രദേശ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമുള്ള മേഖലകളിലും സിഎഎ ബാധകമാകില്ല. പൗരത്വം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ച വ്യക്തിയെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും അന്വേഷിച്ച ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

cmsvideo
  Former un secretary general ban ki moon against narendra modi | Oneindia Malayalam

  2014ലെ പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് പൗരത്വ ഭേദഗതി നിയമം. 2016ല്‍ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച് പാര്‍ലമെന്ററി സമിതിക്ക് കൈമാറി. രാജ്യസഭ തടസം നിന്നതിനെ തുടര്‍ന്ന് ബില്‍ അസാധുവായെങ്കിലും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ ബില്ല് നിയമമായി. പക്ഷേ, ഇതുവരെ ചട്ടക്കൂട് തയ്യാറായിട്ടില്ല.

  എന്താണ് എന്‍ആര്‍സി

  പൗരന്‍മാരുടെ പേര്, ജനന-പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ രജിസ്റ്ററാണ് എന്‍ആര്‍സി. ഈ പട്ടിക തയ്യാറാക്കുന്നതിന്റെ അടിസ്ഥാനം പൗരത്വ നിയമമാണ്. നിലവില്‍ അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലായിടത്തും പൗരത്വം നിയമം ബാധകമാണെങ്കിലും അസമിലെ കാര്യത്തില്‍ ചില ഇളവുകളുണ്ട്.

  അതിര്‍ത്തി സംസ്ഥാനമാണ് അസം. അതുകൊണ്ടുതന്നെ ബംഗ്ലാദേശില്‍ നിന്ന് ഒട്ടേറെ പേര്‍ അസമില്‍ കുടിയേറി താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. കൂടാതെ ബംഗാളില്‍ നിന്നുള്ളവരും ഇവിടെ താമസിക്കുന്നു. ഈ രണ്ട് വിഭാഗങ്ങളും സംസ്ഥാനത്തേക്ക് എത്തിയത് കാരണം തദ്ദേശീയര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നുവെന്ന് പ്രചാരണമുണ്ടായി. തുടര്‍ന്നാണ് 1980കളില്‍ വന്‍ പ്രക്ഷോഭം നടന്നത്. 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും അസം കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതുപ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് കുടിയേറിയ എല്ലാവര്‍ക്കും പൗരത്വം നല്‍കാന്‍ തീരുമാനിച്ചു. 1971 അവസാനത്തിലെ യുദ്ധ പശ്ചാത്താലത്തില്‍ വന്‍ കുടിയേറ്റം നടന്നിരുന്നു. പക്ഷേ ഇവരെ അകറ്റി നിര്‍ത്തണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 1971 മാര്‍ച്ച് 24 അടിസ്ഥാന തിയ്യതിയായി നിശ്ചയിച്ചത്.

  1951ല്‍ തയ്യാറാക്കിയ പൗരത്വ പട്ടിക നിലവിലുള്ള ഏക സംസ്ഥാനമാണ് അസം. 1971ന് ശേഷം എത്തിയവരെ പുറത്താക്കുമെന്ന കരാറുണ്ടാക്കിയത് 1985ലാണ്. എന്നാല്‍ കരാര്‍ അന്ന് നടപ്പാക്കിയില്ല. 2013ല്‍ നടപടികള്‍ വേഗത്തിലാക്കി. സംസ്ഥാനത്തെ എല്ലാവരും 1971 മാര്‍ച്ച് 24ന് മുമ്പ് ഇവിടെ താമസിച്ചിരുന്നു, അല്ലെങ്കില്‍ പൂര്‍വികള്‍ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടി വന്നു. 3.3 കോടി ജനങ്ങളുടെ രേഖകളാണ് പരിശോധിക്കേണ്ടി വന്നത്.

  2018ല്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. 40 ലക്ഷം പേര്‍ പട്ടികക്ക് പുറത്തായി. ഇതില്‍ ക്രമക്കേട് നടന്നുവെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ വീണ്ടും നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പരിഷ്‌കരിച്ച പട്ടിക തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ പുറത്താണ്. എന്‍ആര്‍സിയില്‍ മതം ചോദിക്കാത്തതിനാല്‍ ഏത് വിഭാഗത്തില്‍പ്പെട്ടവരാണ് പുറത്താക്കപ്പെട്ടത് എന്ന് ഔദ്യോഗികായി വ്യക്തമല്ല. പക്ഷേ പേര് നോക്കിയുള്ള വിലയിരുത്തലിന് ശേഷം വ്യക്തമായത് 14 ലക്ഷത്തോളം ഹിന്ദുക്കളും ബാക്കി മുസ്ലിങ്ങളുമാണ് പുറത്തായത് എന്നാണ്. ഈ പട്ടികയും വിവാദമായതോടെ രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ ട്രൈബ്യൂണലുകളെ നിയോഗിച്ചു. എന്നിട്ടും രേഖ കൃത്യമല്ലാത്തവരെ തടവിലിടുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേക തടവറകള്‍ അസമില്‍ നേരത്തെ ഒരുക്കിയിരുന്നു.

  സിഎഎയും എന്‍ആര്‍സിയും ചേരുമ്പോള്‍

  അസമിലെ എന്‍ആര്‍സി നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് സിഎഎ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. സിഎഎയും എന്‍ആര്‍സിയും ചേര്‍ത്ത് വായിക്കുമ്പോള്‍ സാഹചര്യം മാറും. കാരണം സിഎഎയില്‍ പറയുന്ന ആറ് മതസ്ഥരില്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. അസമിലെ എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്തായ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും. ആറ് വര്‍ഷമായി ഇവിടെ സ്ഥിരതാമസമുണ്ട് എന്ന രേഖ മതി. എന്നാല്‍ ആറ് വര്‍ഷത്തെ സ്ഥിരതാമസമുണ്ടെങ്കിലും മുസ്ലിങ്ങള്‍ക്ക് പൗരത്വം കിട്ടാന്‍ വകുപ്പില്ല. ഇതാണ് സിഎഎയും എന്‍ആര്‍സിയും വിവാദമാകാന്‍ കാരണം. ഒരേ ആവശ്യത്തിന് പോകുന്ന രണ്ടു മതത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു നീതിയാണ് ലഭിക്കുക എന്നതാണ് പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.

  മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്ത് രാജ്യവ്യാപകമായി പ്രതിഷേധം നടന്നു. അതേസമയം, വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള ശ്രമമാണ് സിഎഎ എന്നും ഇത് തദ്ദേശീയരുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നും ആരോപിച്ച് അസമിലും മറ്റു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ആരംഭിച്ചു. സമരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷത്തിലെത്തി. എന്‍ആര്‍സി അസമില്‍ മാത്രം ഒതുങ്ങില്ലെന്നും രാജ്യവ്യാപകമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. വിവാദം ശക്തമായപ്പോള്‍ ഇപ്പോള്‍ കേന്ദ്രം ഇക്കാര്യം ആലോചിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

  English summary
  What is CAA and NRC? Full Form, Meaning, Details All You Need To Know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more