വ്യോമസേനയുടെ ആദ്യ മുസ്‍ലിം വനിതാ ഫൈറ്റർ പൈലറ്റാകാൻ സാനിയ മിർസ; അഭിമാന നേട്ടം
മിർസാപുർ: ഉത്തർപ്രദേശിലെ സാനിയ മിർസയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‍ലിം വനിതാ ഫൈറ്റർ പൈലറ്റാകാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് യു.പി മിർസപൂർ സ്വദേശി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഫൈറ്റർ പൈലറ്റിനുള്ള സീറ്റിലേക്ക് ആണു സാനിയ മിർസ അഡ്മിഷൻ നേടിയത്.പുനെയിലെ ഖദക്വാസ്‍ല നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഡിസംബർ 27 ന് സാനിയ ജോയിൻ ചെയ്യും.
ഉത്തർപ്രദേശിലെ മിർസപുറിലുള്ള ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസ്സും മിർസയുടേയും മകളാണ് സാനിയ മിർസ.
നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ 149-ാം റാങ്കാണ് സാനിയ സ്വന്തമാക്കുന്നത്. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ അവാനി ചതുർവേദിയാണ് സാനിയയ്ക്ക് പ്രചോദനം.

'ഫ്ളൈറ്റ് ലെഫ്റ്റനന്റ് അവാനി ചതുർവേദിയിൽ നിന്ന് ഞാൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരുന്നു, അവരെ കണ്ടാണ് ഞാൻ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' സാനിയ എ.എൻ.ഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി

ദേഹത് കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജസോവർ എന്ന ഗ്രാമമാണ് സാനിയയുടെ സ്വദേശം. ഹിന്ദി മീഡിയം സ്കൂളിലാണ് സാനിയ പഠിച്ചത്. ഗ്രാമത്തിലെ തന്നെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളേജിലാണ് പ്രൈമറി മുതൽ പത്താം ക്ലാസ് വരെ സാനിയ പഠിച്ചത്. തുടർ പഠനം മിർസപുർ സിറ്റിയിലുള്ള ഗുരുനാനക് ഗേൾസ് ഇന്റർ കോളേജിലായിരുന്നു. യുപി 12-ാം തരം ബോർഡ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്കോടെയാണ് സാനിയ വിജയിച്ചത്. സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിലാണ് എൻഡിഎ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.

തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും സെഞ്ചൂറിയൻ അക്കാദമിക്കും ആണെന്നാണു സാനിയ പറയുന്നത്. 'നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ ഫൈറ്റർ പൈലറ്റിൽ സ്ത്രീകൾക്കായി രണ്ട് സീറ്റുകൾ മാത്രമേ സംവരണം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ആദ്യ ശ്രമത്തിൽ അത് നേടാൻ എനിക്ക് സാധിച്ചില്ലെങ്കിലും രണ്ടാം തവണ ഞാനത് നേടിയെടുത്തു' സാനിയ പറഞ്ഞു.

'ഞങ്ങളുടെ മകൾ ഞങ്ങളേയും ഈ ഗ്രാമത്തേയും അഭിമാനത്തിലെത്തിച്ചിരിക്കുന്നു. യുദ്ധവിമാന പൈലറ്റ് ആകുക എന്ന സ്വപ്നം അവൾ നിറവേറ്റിയിരിക്കുന്നു. ഈ ഗ്രാമത്തിലെ ഓരോ പെൺകുട്ടികൾക്കും അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവൾ പ്രചോദനം നൽകി' സാനിയയുടെ മാതാവ് തബസ്സും മിർസ പറഞ്ഞു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 400 സീറ്റുകളിലേക്കാണ് 2022 ൽ പരീക്ഷ നടന്നത്. അതിൽ 19 എണ്ണം സ്ത്രീകൾക്കാണ്. ഇതിൽ രണ്ടു സീറ്റുകൾ ഫൈറ്റർ പൈലറ്റുകൾക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലെ ഒരു സീറ്റാണ് സാനിയ നേടിയത്.












Click it and Unblock the Notifications