കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി നിക്ഷേപം യുക്തിസഹമാക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശത്തു നിന്നും മടങ്ങിയെത്തിയ മലയാളികളുടെ നിക്ഷേപം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പഠനറിപ്പോര്‍ട്ട്.

വര്‍ഷങ്ങളോളം അന്യനാടുകളില്‍ ചോര നീരാക്കി പണിയെടുത്തുണ്ടാക്കുന്ന പണം യുക്തിസഹമല്ലാത്ത രീതിയില്‍ നിക്ഷേപിക്കുകയും ചെലവാക്കുകയും ചെയ്ത നിരവധി മലയാളികള്‍ കഷ്ടപ്പെടുന്നതായി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസ് (സിഡിഎസ്) പ്രവാസി മലയാളികളെ കുറിച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. വിദേശത്ത് നിന്നും പണം സമ്പാദിച്ച ശേഷം ജോലി മതിയാക്കി നാട്ടിലെത്തുന്ന മലയാളി വമ്പന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടുന്നതിനും സ്ത്രീധനം നല്‍കുന്നതിനായും പണം മുഴുവനും ചെലവാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിലര്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചുവെങ്കിലും ശരിയായ പരിശീലനം ലഭിക്കാത്തതിനാല്‍ ഇവ നഷ്ടത്തിലാവുകയും അടച്ചുപൂട്ടുകയും ചെയ്യുന്നു. വിദേശത്ത് നിന്നും എത്തുന്ന മലയാളിക്ക് വ്യവസായ സംരംഭം തുടങ്ങാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു ഏജന്‍സി പോലും സംസ്ഥാനത്തില്ല. പണം എങ്ങനെ മുടക്കണം എന്തിനായി മുടക്കണം എന്നറിയാതെ പകച്ചുനില്‍ക്കുന്ന വിദേശ മലയാളിയെ ഇടനിലക്കാരും സ്വാര്‍ത്ഥതാല്‍പര്യക്കാരും ചൂഷണം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിക്ഷേപം നടത്താന്‍ തയാറുള്ള വിദേശ മലയാളിക്ക് ശരിയായ രീതിയില്‍ മാര്‍ഗനിര്‍ദേശങ്ങളും അതിന് ശേഷം പരിശീലനം നല്‍കാനും ഒരു സംവിധാനം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ അനുഭവസമ്പത്തുള്ള വിദഗ്ധരെ തന്നെ നിയോഗിക്കണമെന്നും പഠനത്തില്‍ പറയുന്നു. ശരിയായ രീതിയിലുള്ള പരിശീലനവും ഉപദേശവും ഉണ്ടെങ്കില്‍ വിദേശമലയാളി ചൂഷണം ചെയ്യപ്പെടുന്നത് ഒരു പരിധി വരെ തടയാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്തായിരുന്നപ്പോള്‍ എന്‍ആര്‍ഐ എന്ന ലേബലുള്ളതിനാല്‍ ഏത് ധനസഹായ ഏജന്‍സിയും ബാങ്കും മലയാളിക്ക് പണം നല്‍കും. എന്നാല്‍ വിദേശത്ത് നിന്നും മടങ്ങിയെത്തി നാട്ടില്‍ ജീവിതം തുടങ്ങാനാഗ്രഹിക്കുന്ന ഒരു മലയാളിക്ക് ഒരു വ്യവസായം തുടങ്ങാനോ വീടു വയ്ക്കാനോ ധനസഹായം നല്‍കാന്‍ ഒരു ഏജന്‍സിയും താല്‍പര്യം കാട്ടാറില്ലെന്നും പഠനത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിയണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

വിവിധ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസി മലയാളികളുടെ ഇടയില്‍ സര്‍വെ നടത്തിയും നാട്ടില്‍ മടങ്ങിയെത്തിയ മലയാളികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചും റിപ്പോര്‍ട്ട് തയാറാക്കിയത് സിഡിഎസിലെ വിദഗ്ധരായ ഡോ. കെ. സി. സക്കറിയ, ഡോ. പി. ആര്‍. ഗോപിനാഥന്‍ നായര്‍, എസ്. ഇറുദയരാജന്‍ എന്നിവരാണ്. പഠനത്തെ പറ്റി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. കെ. പി. കണ്ണന്‍, ഡോ. അരുള്‍ പ്രകാശ്, ഡോ. ഇ. ടി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X