കുട്ടികളെ കൃഷിയിലേക്ക് അടുപ്പിക്കാന്‍ പദ്ധതി വരുന്നു; 1.51 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകള്‍ നല്‍കും, സ്‌കൂളുകള്‍ക്ക് കൃഷിക്കായി 5000 രൂപയുടെ ധനസഹായം, കര്‍ഷകര്‍ക്ക് വന്‍ സബ്‌സിഡി!!
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി നൂതനപദ്ധതിയുമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്. വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിക്കുന്നതിനായാണ് പ്രധാന ശ്രദ്ധ നല്‍കുന്നത്. 1.51 ലക്ഷം പച്ചക്കറി വിത്ത് പദ്ധതിയുടെ ഭാഗമായി വിതരണത്തിന് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍മാസത്തില്‍ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലയില്‍ നടക്കും.
സ്‌കൂളുകളില്‍ 10 സെന്റില്‍ കുറയാത്ത പച്ചക്കറി കൃഷിചെയ്യുന്നതിനു 5000 രൂപ ധനസഹായവും നല്‍കും. ജലസേചന യൂണിറ്റ് ആവശ്യമുള്ള രണ്ട് സ്‌കൂളുകള്‍ക്ക് 10000 രൂപ വീതം സഹായം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതോടൊപ്പം തന്നെ കര്‍ഷകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. 59000 പച്ചക്കറി വിത്തിന്റെ പാക്കറ്റുകളാണ് കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നത്.
ഓണത്തിനൊരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മറുനാടന്‍ പച്ചക്കറി ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ട് പച്ചക്കറി തൈകളും വിതരണം ചെയ്യും. 50 സെന്റില്‍ കുറയാത്ത പച്ചക്കറികൃഷി ചെയ്യാനാഗ്രഹിക്കുന്ന സ്വകാര്യ, പൊതുസ്ഥാപനങ്ങള്‍ക്കു പദ്ധതി നിര്‍ദേശാടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപവരെ അനുവദിക്കാനും ലക്ഷ്യമിടുന്നു.
പച്ചക്കറി വികസന പദ്ധതിയുടെ പ്രധാന ഘടകങ്ങളായ പ്രതികൂലകാലാവസ്ഥയിലും പച്ചക്കറി കൃഷിചെയ്യാന്‍ സാധ്യമാക്കുന്ന മഴമറക്കായി 50000രൂപ സബ്സിഡി നല്‍കും. പച്ചക്കറിയുല്പന്നങ്ങള്‍ കേടുകൂടാതെ സൂഷിച്ചുവക്കാന്‍ ഉപകരിക്കുന്ന ഊര്‍ജ്ജരഹിതശീതീകരണ അറക്ക് 15000രൂപ സബ്സിഡി നല്‍കും. പമ്പ്സെറ്റുകള്‍ക്ക് 10000രൂപയാണ് സബ്സിഡി നല്‍കുക. സ്പ്രേയറുകള്‍-1500രൂപ സബ്സിഡി, തരിശുനിലത്തിലെ പച്ചക്കറിക്കൃഷി-300000രൂപ സബ്സിഡി, മൈക്രോ ഇറിഗേഷന്‍യൂണിറ്റ്-300000 രൂപസബ്സിഡി എന്നിങ്ങനെ നല്‍കാനും പദ്ധതിയിടുന്നുണ്ട്.
ക്ലസ്റ്റര്‍ അടിസ്ഥാന പച്ചക്കറി കൃഷി അഞ്ച് ഹെക്ടര്‍ കുറയാത്ത സ്ഥലത്തു 15 ല്‍ കുറയാത്ത കര്‍ഷകകൂട്ടായ്മയില്‍ പച്ചക്കറികൃഷിചെയ്യുന്ന സംഘങ്ങള്‍ക്ക് 75000രൂപയും നല്‍കും. വയനാട്ടില്‍ മുന്‍കാലങ്ങളിലില്ലാത്ത വിധത്തില്‍ പച്ചക്കറി കൃഷി ഇപ്പോള്‍ വ്യാപകമാണ്. ചീര, പയര്‍ കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിച്ചിട്ടുണ്ടെങ്കിലും ഉല്പാദനം കൂടിയതോടെ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. എന്നാല്‍ വിപണിയില്‍ ആവശ്യക്കാര്‍ക്ക് വില കുറച്ച് സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. പയറിനും, ചീരക്കും പകുതിയിലധികം വില കുറഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് 15 രൂപ വരെയാണ് ഇപ്പോള്‍ പയറിന് ലഭിക്കുന്നത്. ചീരക്ക് 20-ഓളം രൂപ ലഭിക്കുന്നുണ്ട്.