കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോബല്‍ സമ്മാനത്തിന് ബഷീര്‍ യോഗ്യന്‍: അടൂര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: നോബല്‍ സമ്മാനം ലഭിക്കാന്‍ പോലും വൈക്കം മുഹമ്മദ് ബഷീര്‍ യോഗ്യനാണെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍. ഈ രാജ്യത്തെ ഒരു ബുദ്ധിജീവിയും വൈക്കം മുഹമ്മദ് ബഷീറിന്റെ പേര്‍ നോബല്‍ സമ്മാനത്തിന് നിര്‍ദ്ദേശിച്ചില്ല. ജ്ഞാനപീഠ സമിതി ആ ബഹുമതി നല്കി ബഷീറിനെ ആദരിക്കുന്നതിനെപ്പറ്റി ഇതുവരെ ചിന്തിച്ചില്ല-അടൂരിന്റെ വാക്കുകളില്‍ പരിഭവം.

തന്റെ പുസ്തകവായനയെപ്പറ്റി ദില്ലിയില്‍ നടത്തിയ പ്രഭാഷണത്തിനിടയിലായിരുന്നു അടൂര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത് . ബഷീറിന്റെ കൃതിയെ ആസ്പദമാക്കി മതിലുകള്‍ എന്ന സിനിമ സൃഷ്ടിച്ച അടൂര്‍ പറഞ്ഞു: ബഷീര്‍ വേറിട്ടുനില്ക്കുന്ന ഒരെഴുത്തുകാരനായിരുന്നു.

തകഴി, ചങ്ങമ്പുഴ, ഉറൂബ്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, എസ്.കെ. പൊറ്റേക്കാട്ട്, പാറപ്പുറം, കേശവദേവ്, സി.ജെ. തോമസ്, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, എന്‍. കൃഷ്ണപിള്ള, ജി. ശങ്കരപ്പിള്ള, തോപ്പില്‍ ഭാസി എന്നീ എഴുത്തുകാരെയും ഞാന്‍ ആരാധിക്കുന്നു.- അടൂര്‍ പറഞ്ഞു. മലയാള സാഹിത്യത്തില്‍ നിന്നും അന്യഭാഷകളിലേക്ക് നല്ല വിവര്‍ത്തനമില്ലാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. മലയാളികള്‍ മറ്റ് ഭാഷകളില്‍ നടക്കുന്നതെല്ലാം മനസ്സിലാക്കുന്നു. അവരുടെ വിജയവും പരാജയവും എന്തെന്ന് അറിയുന്നു. എന്നാല്‍ മലയാളസാഹിത്യത്തെപ്പറ്റി ഇതുപോലെ പുറത്തുള്ളവര്‍ അറിയുന്നില്ലെന്നത് കഷ്ടമാണ് - അദ്ദേഹം പറഞ്ഞു.

മലയാള കവിതയില്‍ കാല്പനികതക്കുശേഷം സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന റിയലിസപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വള്ളത്തോള്‍, ആശാന്‍, ഉള്ളൂര്‍ എന്നിവരെയും അടൂര്‍ ഓര്‍മ്മിച്ചു. ഇക്കാലയളവില്‍ ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ശോഭനീയമായ വളര്‍ച്ചയുണ്ടായെന്നും അടൂര്‍ പറഞ്ഞു. ഇബ്സനും ബ്രഹ്തിനും ശേഷം വന്ന ഏറ്റവും നല്ല നാടകകാരന്‍ സാമുവല്‍ ബെക്കറ്റാണെന്നും ഉദാഹരണസഹിതം അടൂര്‍ വിവരിച്ചു. ദി ഡോള്‍സ് ഹൗസ് എന്ന ഇബ്സന്റെനാടകത്തിനും ദി മദര്‍ കറേജ എന്ന ബ്രെഹ്റ്റിന്റെ നാടകത്തിനും ശേഷം ഉണ്ടായ ഏറ്റവും നല്ല നാടകമാണ് സാമുവല്‍ ബെക്കറ്റിന്റെ വെയ്റ്റിംഗ് ഫോര്‍ ഗോദോയെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

മിലാന്‍ കുന്ദേര, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ്, ബെന്‍ ഓക്രി, ഫ്രാന്‍സ് കഫ്ക, ഗുന്തര്‍ ഗ്രസ്, ജെ.എം. കൂറ്റ്സി, വി.എസ്. നയ്പോള്‍, ആര്‍.കെ. നാരായണ്‍, അനന്തമൂര്‍ത്തി എന്നിവര്‍ മികച്ച എഴുത്തുകാരാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയില്‍ അരുന്ധതീ റോയ്, ഉപമന്യു ചാറ്റര്‍ജി, ജയശ്രീ മിശ്ര, ജുംബാ ലാഹിരി എന്നിവരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍വിക്കാരായി മലയാളനോവലിസ്റ് എം. മുകുന്ദനും കവി കെ. സച്ചിദാനന്ദനും സന്നിഹിതരായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X