കുറുപ്പ് കളിക്കുന്നത് 50 ശതമാനം കപ്പാസിറ്റിക്ക് മുകളില്‍, പരാതി, ദുല്‍ഖറിനോടുള്ള ചതിയെന്ന് ഫിയോക്
മലയാള സിനിമയില്‍ എല്ലാ റെക്കോര്‍ഡുകളെയും കാറ്റില്‍ പറത്തി ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് കുതിക്കുകയാണ്. ചിത്രത്തിനെതിരെ പല കോണുകളില്‍ നിന്നും അപവാദ പ്രചാരണങ്ങള്‍ ഉയര്‍ന്നെങ്കിലും അതെല്ലാം തകര്‍ന്നു. ഇപ്പോഴിതാ പുതിയൊരു വിവാദം ഉയര്‍ന്നിരിക്കുകയാണ്. ചിത്രം പല തിയേറ്ററുകളിലും 50 ശതമാനം കപ്പാസിറ്റിക്ക് മുകളില്‍ കളിപ്പിക്കുന്നുണ്ടെന്നാണ് പരാതി.
സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 50 ശതമാനം കപ്പാസിറ്റിയിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് പല തിയേറ്റുകളിലും ഈ നിലപാട് തുടരുന്നത്. അതിനെതിരെയാണ് പരാതികള്‍ വന്നിരിക്കുന്നത്.

തിയേറ്റര്‍ ഉടമകള്‍ക്കെിരെയാണ് കുറുപ്പ് സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 50 ശതമാനത്തില്‍ അധികം കാണികളെ തിയേറ്ററില്‍ കയറ്റി പ്രദര്‍ശനം നടത്തുന്നുവെന്നാണ് ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെ മറികടന്ന് പലയിടത്തും കുറുപ്പിന് അധിക ഷോകള്‍ പോലും കളിക്കുന്നുണ്ട്. കണ്ണൂരില്‍ അടക്കം ചില തിയേറ്ററുകളിലും ഇങ്ങനെ നടന്നിരുന്നു. ഇതെല്ലാം കുറുപ്പിന്റെ നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും നിയന്ത്രണങ്ങളെ മറികടന്ന് ആളുകളെ കയറ്റുന്നത് നഷ്ടമുണ്ടാക്കും. ശക്തമായ നടപടികള്‍ ഇതിനെതിരെ വേണമെന്നാണ് ഫിയോക്കിന് നല്‍കിയ പരാതിയില്‍ നിര്‍മാതാക്കള്‍ പറയുന്നത്.

അതേസമയം നിര്‍മാതാക്കള്‍ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിയോക് തിയേറ്റര്‍ ഉടമകള്‍ക്ക് ഇതേ തുടര്‍ന്ന് കത്ത് നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറാവണണെന്നാണ് കത്തില്‍ പറയുന്നത്. ഫിയോക്കും ഇതിനെ ശക്തമായി തന്നെ എതിര്‍ക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയോട് വഞ്ചന കാണിച്ചുവെന്നാണ് ഫിയോക് ആരോപിക്കുന്നത്. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി പല തിയേറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ഫിയോക് അറിയിച്ചു.

കൂടുതല്‍ ആളുകളെ കയറ്റിയ തിയേറ്ററുകള്‍ കളക്ഷന്‍ റെക്കോഡുകളില്‍ ഇക്കാര്യം കാണിച്ചിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തിയേറ്ററിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തിയേറ്ററുകളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഫിയോക്കിന്റെ ഭാരവാഹികളും പറയുന്നു. തിയേറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിര്‍മാതാക്കള്‍ നല്‍കണമെന്ന് ഫിയോക് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സിസിടിവി ദൃശ്യങ്ങളും കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുറുപ്പിന്റെ നിര്‍മാതാക്കള്‍ തിയേറ്ററുകള്‍ക്കെതിരെ നല്‍കിയ പരാതി ലഭിച്ചതായി ഫിയോക് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ഷോയുടെ വിവരങ്ങള്‍ മറച്ചുവെച്ചതാണ് നിര്‍മാതാക്കളെ ചൊടിപ്പിച്ചത്.

കുറുപ്പിന്റെ ഓരോ ഷോ ക്ലോസ് ചെയ്ത് കഴിയുമ്പോഴും നിര്‍മാതാക്കള്‍ തരുന്ന നമ്പറിലേക്ക് കളക്ഷന്‍ വിവരങ്ങള്‍ അയച്ച് നല്‍കണമെന്നാണ് നിര്‍ദേശം. നിര്‍മാതാക്കള്‍ക്ക് തിയേറ്ററുകളില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തിയേറ്ററുകളും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് ഫിയോക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആദ്യ ദിനം 505 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത കുറുപ്പ്, മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് ആഡ് ചെയ്യുകയായിരുന്നു. രജനീകാന്തിന്റെ അണ്ണാത്തെ ഫ്‌ളോപ്പായതും കുറുപ്പിന് ഗുണം ചെയ്തു. അധിക ഷോകള്‍ പലയിടത്തും കളിച്ചു. സോഷ്യല്‍ മീഡിയയില്‍ നൂറ് ശതമാനം വരെ കപ്പാസിറ്റിയില്‍ കളിച്ച തിയേറ്ററുകള്‍ ഉണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

കുറുപ്പിന് എല്ലായിടത്തും വലിയ കളക്ഷനാണ് ലഭിക്കുന്നതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പറയുന്നു. രണ്ട് ആഴ്ച്ച കൊണ്ട് ഈ സിനിമയ്ക്ക് മുടക്കു മുതല്‍ തിരിച്ച് കിട്ടും. നാല് ആഴ്ച്ച കഴിഞ്ഞ് കുറുപ്പ് ഒടിടിയിലോ ടിവിയിലോ കാണിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ഒടിടിക്കെതിരെയും അദ്ദേഹം രംഗത്ത് വന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളൊക്കെ ഒടിടിയില്‍ പോകുന്നത് ശരിയല്ല. തിയേറ്ററില്‍ വന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചാലേ ഇവരുടെ താരപദവി നിലനില്‍ക്കൂ. വീട്ടിലിരുന്ന് പടം കാണുന്നവര്‍ കൈയ്യടിക്കില്ല. മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ ഒടിടിയില്‍ നല്‍കുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

മലയാളത്തിലെ വലിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സിനിമ തിയേറ്ററില്‍ കാണാനും കൈയ്യടിക്കാനും ജനം തയ്യാറായി ഇരിക്കുകയാണ്. അത് ഒടിടിയിലേക്ക് പോകുന്നത് തിയേറ്ററുകാര്‍ക്കും ആസ്വാദകര്‍ക്കും നഷ്ടമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഒടിടിക്ക് നല്‍കുന്നതില്‍ പ്രശ്‌നമില്ല. എല്ലാ ചിത്രങ്ങളും ഒടിടിയിലേക്ക് പോകുന്നതിന് മോഹന്‍ലാല്‍ കൂട്ടുനില്‍ക്കരുത്. ചിലര്‍ സാമ്പത്തിക നിലനില്‍പ്പിന് വേണ്ടി അത് ചെയ്യാം. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ അതൊരിക്കലും ചെയ്യില്ല. ചെറിയ സിനിമകള്‍ എടുക്കുന്നവരുടെ അഭയ കേന്ദ്രം എന്ന നിലയില്‍ ഒടിടിയെ നമുക്ക് തള്ളിപറയാനാവില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പടം തിയേറ്ററില്‍ പരാജയപ്പെട്ടാലും അവര്‍ക്ക് മറ്റൊരു പടം എടുത്ത് ഒടിടിയില്‍ നല്‍കി നഷ്ടം നികത്താം. നഷ്ടത്തിന്റെ പേര് ഒടിടിയില്‍ പടം കൊടുക്കുന്നത് കൊണ്ട് ആരും വിമര്‍ശിക്കില്ല. അത് സ്ഥിരമാക്കരുതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അതേസമയം കുറുപ്പിന്റെ ഒടിടി റിലീസ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നേരത്തെ ഒടിടിയില്‍ നിന്ന് വമ്പന്‍ ഓഫറുണ്ടായിരുന്നു ചിത്രത്തിന്. ഹിന്ദിയില്‍ സൂര്യവംശി എന്ന അക്ഷയ് കുമാര്‍ ചിത്രം അടുത്ത് തന്നെ ഒടിടിയില്‍ റിലീസാവുന്നുണ്ട്. ഒരു മാസത്തിനടുത്ത് തിയേറ്ററില്‍ കളിച്ച ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. സൂര്യവംശിക്ക് 70 കോടി രൂപയോളം ഒടിടിയില്‍ നിന്ന് ലഭിച്ചിരുന്നു. അതുപോലെ തന്നെ തിയേറ്റര്‍ റിലീസ് കഴിഞ്ഞാലും കുറുപ്പിന് മികച്ച വരുമാനം ഒടിടിയില്‍ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications