ലോകവാര്‍ത്ത ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍

എരിവുംപുളിയും ചേര്‍ത്തുള്ള പ്രമുഖരുടെ അണിയറരഹസ്യങ്ങളായിരുന്നു ഞായറാഴ്ചകളില്‍ പുറത്തിറങ്ങുന്ന ഈ മര്‍ഡോക്കിയന്‍ പത്രത്തിലെ പ്രധാന വിഭവം. സെലിബ്രറ്റികളുടെ കിടപ്പറക്കഥകളും അഴിമതിക്കഥകളുടെ സ്‌ക്കൂപ്പുകളും ഈ സണ്‍ഡേ ടാബ്ലോയിഡിനെ ബ്രിട്ടീഷ് പത്രലോകത്തെ ബെസ്റ്റ് സെല്ലറാക്കി.
ഒടുവില്‍ എക്‌സ്‌ക്ലൂസീവുകള്‍ക്കായുള്ള നെട്ടോട്ടം പത്രത്തിന്റെ അന്ത്യത്തിനും വഴിയൊരുക്കുകയായിരുന്നു. പ്രമുഖരുടെ മാത്രമല്ല ജനങ്ങളുടെയും ഫോണുകള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ചോര്‍ത്തിയതോടെ പത്രം വില്ലനായി മാറി. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ 'ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ ക്‌ളൈവ് ഗുഡ്മാനെയും (43) സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തലിന് പുറമെ പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്.
മുപ്പത് ലക്ഷത്തോളം വരിക്കാരായിരുന്നു ഞായറാഴ്ചകളിലിറങ്ങുന്ന ഈ ടാബ്ലോയിഡിനായി കാത്തിരുന്നത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെയും, സെലിബ്രിറ്റികളുടെയും, അധോലോകത്തിന്റെയുമെല്ലാം അണിയറക്കഥകളും കിടപ്പറ രഹസ്യങ്ങളുമെല്ലാം ന്യൂസ് ഒഫ് ദ വേള്‍ഡിലൂടെ അങ്ങാടിപ്പാട്ടായി. ഇതെല്ലാം കൊണ്ടുതന്നെ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ജേര്‍ണലിസ്റ്റുകളെ പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സെന്നാണ് ലോകം വിശേഷിപ്പിച്ചിരുന്നത്.
'ഒന്നും പറയാനില്ല, ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടു' ഇങ്ങനെയൊരു വരിയോടെയാണ് ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ 168 വര്‍ഷത്തെ വാര്‍ത്തകള്‍ക്ക് വിരാമമാവുന്നത്. അതേ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് പാരമ്പര്യം ഹുങ്കായി കൊണ്ടുനടന്നിരുന്ന ഈ പത്രത്തിന്റെ സ്ഥാനം.












Click it and Unblock the Notifications