ആദ്യം വന്നത് തലവേദന; മൈഗ്രേയ്ന്‍ ആണെന്ന് കരുതി... 11 ഓപറേഷന്‍, 33 റേഡിയേഷന്‍, ശരണ്യയ്ക്ക് സംഭവിച്ചത്
വേദന കടിച്ചുപിടിച്ചാണ് ആ പെണ്‍കുട്ടി ജീവിതത്തില്‍ ചിരിച്ചിരുന്നത്. ഒരുകാലത്ത് മിനിസ്‌ക്രീനിലെ നിറസാന്നിധ്യമായിരുന്ന ശരണ്യ ശാലീന സുന്ദരിയായിട്ടാണ് മിക്ക സീരിയലുകളിലും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരുന്നത്. നേരിയ ഒരു തലവേദനയില്‍ തുടങ്ങിയ ശാരീരിക അസ്വാസഥ്യം പിന്നീട് രൂപം മാറി ആ ജീവനെടുക്കുന്നത് വരെ എത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷം വേദന കടിച്ചുപിടിച്ച് ജീവിച്ച ശരണ്യയെ ഓര്‍ക്കുമ്പോള്‍ ഇന്ന് പറയാനുള്ളത് സങ്കടത്തിന്റെയും അതോടൊപ്പം ആത്മവിശ്വാസത്തിന്റെയും കഥകള്‍ മാത്രം.
Recommended Video
വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തണമെന്ന് ആ കുട്ടി അതിയായി ആഗ്രഹിച്ചിരുന്നു. ശരിക്കും എന്താണ് ശരണ്യയുടെ ജീവിതത്തില്‍ സംഭവിച്ചത്. വിശദീകരിക്കാം...

സീരിയലുകളില്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് ശരണ്യയ്ക്ക് നേരിയ അസ്വസ്ഥത അനുഭവപ്പെടുന്നത്. ചെറിയ തലവേദനയായിരുന്നു ആദ്യം. ഡോക്ടറെ കണ്ടു. മൈഗ്രേയ്ന്‍ ആണെന്ന് കരുതി മരുന്ന് കഴിഞ്ഞു. രണ്ടു മാസത്തോളം ആ മരുന്ന് തുടര്‍ന്നു. എന്നാല്‍ ആ തലവേദന മൈഗ്രേയ്‌ന്റേത് മാത്രമായിരുന്നില്ല. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ശരണ്യ. അഭിനയ രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

തെലുങ്കില്‍ സ്വാതി എന്ന സീരിയലില്‍ വേഷമിട്ടിരുന്നു ശരണ്യ. ഈ വേളയിലാണ് തലവേദന കടുത്തത്. മരുന്ന് തുടര്‍ന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷൂട്ടിങ് സെറ്റില്‍ ശരണ്യ കുഴഞ്ഞുവീണു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. വിശദമായ പരിശോധന വേണമെന്ന് ഡോക്ടര്‍. അതിലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ആണ് എന്ന് സ്ഥിരീകരിച്ചത്.

പിന്നീട് ഇതുവരെ 11 തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നു ശരണ്യയ്ക്ക്. 33 തവണ റേഡിയേഷനും. തുടര്‍ച്ചയായുള്ള ശസ്ത്രക്രിയകള്‍ ശരണ്യയെ ശരിക്കും ക്ഷീണിപ്പിച്ചു. എങ്കിലും പുഞ്ചിരിയോടെ അല്ലാതെ ആ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. ഒമ്പതാമത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നത്.

ഇത്രയൊക്കെ പ്രതിസന്ധി നേരിടുമ്പോഴും തികഞ്ഞ ആത്മവിശ്വാസം ആ മുഖത്ത് പ്രകടമായിരുന്നു. ഈ പ്രതിസന്ധിയെല്ലാം തീരും. തനിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനും അഭിനയ രംഗത്ത് സജീവമാകാനും സാധിക്കും എന്ന് ശരണ്യ കരുതിയിരുന്നു. ചേട്ടാ നമുക്കിനിയും ഒന്നിട്ട് അഭിനയിക്കണമെന്ന് നടന്‍ സാജന്‍ സൂര്യയോട് ശരണ്യ പറഞ്ഞത് ഇതിന് തെളിവാണ്.

തുടര്‍ച്ചയായ ചികില്‍സകളും ശസ്ത്രക്രിയകളുമെല്ലാം സാമ്പത്തികമായി ശരണ്യയെയും കുടുംബത്തെയും തളര്‍ത്തി. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി നായര്‍ അവസാനം വരെ ശരണ്യയ്‌ക്കൊപ്പമുണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. പലപ്പോഴും ശരണ്യയുടെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നത് സീമയിലൂടെയാണ്.

2014 ഒക്ടോബറിലായിരുന്നു ശരണ്യയുടെ വിവാഹം. അസുഖം ഭേദമാകുമെന്ന് ആ കുട്ടി വിചാരിച്ചുകാണണം. പക്ഷേ, വിവാഹത്തിന് ശേഷവും ട്യൂമര്‍ രൂക്ഷമായി. പിന്നീട് ശരണ്യ തനിച്ചാകുകയും ചെയ്തു. ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ നേടിയതെല്ലാം വില്‍ക്കേണ്ട അവസ്ഥ വന്നു. ഒട്ടേറെ നല്ല വ്യക്തിത്വങ്ങള്‍ ശരണ്യയെ സഹായിച്ചിരുന്നു എന്നത് വിസ്മരിച്ചുകൂടാ. അങ്ങനെയാണ് സ്വന്തമായി ഒരു വീട് ഒരുങ്ങിയത്.

ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് അവസാനമായി കണ്ടതെന്ന് നടന്‍ സാജന്‍ സൂര്യ വനിതയുമായി സംസാരിക്കവെ ഓര്‍ത്തെടുത്തു. ഒന്നിച്ച് ഇനിയും അഭിനയിക്കണമെന്ന് ശരണ്യ പറഞ്ഞുവത്രെ. രോഗം വല്ലാതെ അവളെ വേദനിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ ശരണ്യ മരിച്ചത്.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

ട്യൂമര്‍ ചികില്‍സയ്ക്കിടെയാണ് ശരണ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കാന്‍ ഇടയാക്കി. ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്ക് കൊവിഡ് ഭേദമായെങ്കിലും പിന്നീട് പനി കൂടി. ചാക്കോ രണ്ടാമനിലൂടെ സിനിമാ രംഗത്തെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.












Click it and Unblock the Notifications