ലളിത ചേച്ചിയുടെ അവസ്ഥ സര്‍ക്കാര്‍ അറിഞ്ഞിട്ടാവാം സഹായം, പുലഭ്യം പറയരുതെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡിസിറ്റിയില് കഴിയുകയാണ് അവര്‍. ഇതിന് ചെലവാകുന്ന തുകയാണ് സര്‍ക്കാര്‍ നല്‍കുക.
ഇതിനിടെ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. അര്‍ഹതയുള്ളത് കൊണ്ടാണ് ലളിതച്ചേച്ചിക്ക് സഹായം ലഭിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. വലിയ വിവാദമായി തീരേണ്ട വിഷയമല്ല ഇതെന്നും സുരേഷ് ഗോപി പറഞ്ഞു.

ലളിത ചേച്ചിയുടെ ചികിത്സാ സംബന്ധമായ അപേക്ഷ സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടുണ്ടാവും. അതുകൊണ്ടാവും ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് സുരേഷ് ഗോപി എംപി പറയുന്നു. നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കരാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാവും. അപ്പോള്‍ സര്‍ക്കാര്‍ അത് പരിശോധിച്ച് കാണും. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയത് കൊണ്ടാവും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചികിത്സാ ചെലവ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരും ഇതേ പോലെ സഹായം നല്‍കാറുണ്ട്. സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നാണ് ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കുക. 36 പേര്‍ക്ക് സഹായം താന്‍ നല്‍കിയിട്ടുണ്ട്. രണ്ട് കോടി 80 ലക്ഷം രൂപയാണ് ഇത്തരത്തില്‍ നല്‍കിയിട്ടുള്ളത്. ലളിത ചേച്ചി ആ വിഭാഗത്തില്‍ വരുന്നതാണോ എന്നത് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സത്യസന്ധതയെ കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അത് നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെ കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം തിയേറ്ററുകളിലെ സിനിമയെ കുറിച്ചും ഒടിടി റിലീസുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഒടിടിയെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ തിയേറ്ററുകളെ അവഗണിക്കരുത്. ഒടിടി റിലീസിനെ ആരും എതിര്‍ക്കേണ്ടതില്ല. ഒടിടിയിലും സിനിമകള്‍ റിലീസ് ചെയ്യട്ടെ. തിയേറ്റര്‍, സിനിമ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് മറന്ന് ആരും എണ്ണ തേക്കരുത്. കൊവിഡിന് ശേഷം തിയേറ്റര്‍ തുറന്നിരിക്കുകയാണ്. നിയന്ത്രണങ്ങളോടെയാണെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ വരാം. അത് കണ്ട് തന്നെ ആളുകള്‍ വരുന്നുണ്ട്. അഭിനേതാക്കള്‍ക്ക് മാത്രമല്ല നിര്‍മാതാവിനും മെച്ചമുണ്ടാവും. രണ്ട് വര്‍ഷത്തോളം കൊവിഡ് കാരണം വീട്ടിലായ പോയ മടുപ്പില്‍ നിന്നുള്ള മരുന്നാണ് സിനിമയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാര്‍ഷിക നിയമം പിന്‍വലിച്ചതിലും സുരേഷ് ഗോപി അഭിപ്രായം പറഞ്ഞിരുന്നു. നിയമങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നത് വീഴ്ച്ചയാണ്. സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുന്ന തരത്തില്‍ സമരം മാറുമോ എന്ന ആശങ്കയുണ്ടായിരുന്നു. രാജ്യ സുരക്ഷ കണക്കിലെടുത്താണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. ചില കാര്യങ്ങളോട് കര്‍ഷകര്‍ക്ക് യോജിപ്പ് ഉണ്ട്. എന്നാല്‍ ചില കാര്യങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് ലഭിച്ചാല്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒരു കലാകാരി എന്ന നിലയ്ക്കാണ് കെപിഎസി ലളിതയ്ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ചികിത്സാ ചെലവ് ഏറ്റെടുത്തതില്‍ തര്‍ക്കിക്കേണ്ടതില്ല. കലാകാരന്മാരെ കൈയ്യൊഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. സീരിയലില്‍ അഭിനയിക്കുമ്പോള്‍ തുച്ഛമായ വരുമാനം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. കെപിഎസി ലളിത ആവശ്യപ്പെട്ടത് കൊണ്ടാണ് സര്‍ക്കാര്‍ ചികിത്സാ ചെലവ് ഏറ്റെടുത്തത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ട്. ആരെയും തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തില്‍ തന്നെ അഞ്ചൂറോളം പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.












Click it and Unblock the Notifications