പോയസ് ഗാർഡനിലെ 150 കോടിയുടെ ആഡംബര വസതി; ധനുഷിനെതിരെ ട്രോൾ മഴ, താരത്തിന്റെ മറുപടി ഇങ്ങനെ
ചെന്നൈ: കഴിഞ്ഞ വർഷമാണ് ചെന്നൈ പോയസ് ഗാർഡനിൽ തമിഴ് നടൻ ധനുഷ് ഒരു ആഡംബര വസതി സ്വന്തമാക്കിയത്. ഒരു സാധാരണ വസതി എന്നതിലുപരി 150 കോടി രൂപയിൽ അധികം മൂല്യമുള്ള ബംഗ്ലാവ് തന്നെയായിരുന്നു ഇത്. തുടർന്ന് ധനുഷ് ഗൃഹപ്രവേശന ചടങ്ങ് ഉൾപ്പെടെ നടത്തുകയും ചെയ്‌തിരുന്നു. സൂപ്പർ സ്‌റ്റാർ രജനീകാന്തിന്റെയും അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും വീടുകൾക്ക് അടുത്തായാണ് ധനുഷിന്റെ വസതിയുമുള്ളത്.
ഈ വീട് വാങ്ങിയത് മുതൽ ധനുഷ് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിലൂടെ അതിരുകടന്ന അധിക്ഷേപവും, ട്രോളുകളും താരത്തിന് നേരെ ഉയർന്നിരുന്നു. ഇതോടെ താരം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ചെറുപ്പകാലത്തെ ഒരു കഥ പറഞ്ഞു കൊണ്ടാണ് ധനുഷ് ഈ വീട് വാങ്ങാനുള്ള കാരണം വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും അടുത്ത ചിത്രമായ 'രായൻ' ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു ധനുഷിന്റെ മറുപടി.

'പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങുന്നത് ഇത്ര വലിയ ചർച്ചാവിഷയമാകുമെന്ന് എനിക്കറിയാമായിരുന്നെങ്കിൽ, പകരം ഞാൻ ചെറിയ അപ്പാർട്ട്മെന്റ് വാങ്ങുമായിരുന്നു. എന്നെപ്പോലെയുള്ള ഒരാൾക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങാൻ കഴിയില്ലേ? തെരുവിൽ ജനിച്ച ഒരാൾ അയാളുടെ ജീവിതാവസാനം വരെ അവിടെ തന്നെ ജീവിക്കണം എന്നാണോ?" ധനുഷ് ചടങ്ങിൽ ചോദിക്കുകയുണ്ടായി.
'പോയസ് ഗാർഡനിൽ വീട് വാങ്ങിയതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. ഒരിക്കൽ എനിക്ക് 16 വയസുള്ളപ്പോൾ, എന്റെ സുഹൃത്തിനൊപ്പം ബൈക്കിൽ കറങ്ങുമ്പോൾ, തലൈവരുടെ വീട് കാണാൻ തോന്നി. വഴിയാത്രക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ. ഞങ്ങൾ അദ്ദേഹത്തിന്റെ വീട് കണ്ടെത്തി. ബൈക്കിൽ മടങ്ങുമ്പോൾ അപ്പുറത്ത് വലിയൊരു ആൾക്കൂട്ടം കണ്ടു, അത് ജയലളിതയുടെ വീടാണെന്ന് ആളുകൾ പറഞ്ഞു. ആ നിമിഷമാണ് പോയസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹം എന്റെ മനസിൽ ഉണ്ടായത്' ധനുഷ് കൂട്ടിച്ചേർത്തു.
'അക്കാലത്ത് ഞങ്ങൾ ഒരുപാട് കഷ്‌ടപെട്ടിരുന്നു. തുള്ളുവദോ ഇളമൈ എന്ന സിനിമ (പിതാവ് കസ്‌തൂരി രാജയുടെ സംവിധാനവും സഹോദരൻ സെൽവരാഘവന്റെ എഴുത്തും) വിജയിച്ചില്ലെങ്കിൽ, ഞങ്ങൾ തെരുവിൽ കഴിയേണ്ടി വന്നേനെ. 20 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ഞാൻ പോയസ് ഗാർഡനിൽ വാങ്ങിയ വീട് വെങ്കിടേഷ് പ്രഭു എന്ന 16കാരന് (യഥാർത്ഥ പേര്) ധനുഷ് നൽകിയ സമ്മാനമാണ്' താരം പറയുന്നു.
അതേസമയം, ധനുഷ് സംവിധാനം ചെയ്‌ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് രായൻ. തെക്കേ മദ്രാസിലെ ഒരു ഗ്യാങ്‌സ്റ്റർ സ്‌റ്റോറി പറയുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഇളയരാജയായി താരം വേഷമിടും. കൂടാതെ ദക്ഷിണേന്ത്യയിലെ മുൻനിര നായിക രശ്‌മിക മന്ദാനയക്ക് ഒപ്പം കുബേര എന്ന ചിത്രത്തിൽ ധനുഷ് മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.












Click it and Unblock the Notifications