'ദിലീപുമായി 25 വർഷത്തെ ആത്മബന്ധമുണ്ട്, ആ നടിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് ഉറപ്പാണ്'; റിയാസ് ഖാൻ
ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലെ ഭദ്രൻ എന്ന കഥാപാത്രമായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചുകയറിയ താരമായിരുന്നു റിയാസ് ഖാൻ. മലയാള സിനിമയ്ക്ക് അത്രത്തോളം പരിചിതമല്ലാത്ത സിക്‌സ് പാക്ക് ബോഡിയും ഫിറ്റ്നസും ഒക്കെയായി പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ശേഷം തമിഴിലേക്കും കന്നഡയിലേക്കും തെലുങ്കിലേക്കും ഒടുക്കം ബോളിവുഡ് വരെയും താരമെത്തിയിരുന്നു.
അടുത്തിടെ ദുബായ് ജോസ് എന്ന കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത കിട്ടിയതോടെ താരം വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ഫിറ്റ്നസിലും ബോഡി ബിൽഡിംഗിലും ഇപ്പോഴും അതേ ശ്രദ്ധ തന്നെയാണ് താരം വച്ചുപുലർത്തുന്നത്. പ്രായം അൻപത് കഴിഞ്ഞിട്ടും തന്റെ ശരീര സൗന്ദര്യം പഴയത് പോലെ തന്നെ റിയാസ് ഖാൻ കാത്തുസൂക്ഷിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് റിയാസ് ഖാൻ. തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ കുടുംബവുമായുള്ള അടുപ്പവും ദിലീപുമായി തനിക്കുള്ള ആത്മബന്ധവും ഒക്കെ ഇതിനിടയിൽ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ അടുത്ത കാലത്തായി ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
റിയാസ് ഖാന്റെ വാക്കുകൾ
എനിക്കെതിരെ വന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എവിടെയും പ്രതികരിക്കാതിരുന്നത്. ആ നടിയെ ഞാൻ ഇതുവരെ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്‌തിട്ടില്ല. അവർക്ക് എന്റെ പേര് പോലും അറിയില്ലെന്നാണ് തോന്നുന്നത്. ഫോണിലൂടെ വിളിച്ചു മോശമായി സംസാരിച്ചു എന്നല്ലേ പറഞ്ഞത്. എപ്പോൾ വിളിച്ചു, ഏത് ഫോണിൽ വിളിച്ചു എന്നൊന്നും അവർ പറയുന്നില്ല. സംഭവം നടന്നത് എപ്പോഴാണ് എന്ന് പോലും പറയുന്നില്ല.
എങ്കിലും ആ ആരോപണം എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി. ഭാര്യ ഉമയോടും അവളുടെ അമ്മയോടും എന്റെ അമ്മയോടും മക്കളോടും ഒക്കെ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. സത്യാല്ലെന്ന് അവർക്ക് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് പ്രശ്‌നമില്ല. ഞാൻ അതിനെ കുറിച്ച് അന്വേഷിക്കാൻ മെനക്കെട്ടിട്ടില്ല. കാരണം എനിക്ക് അതിലും വലിയ ജോലികൾ വേറെയുണ്ടായിരുന്നു.
രജനീകാന്തിന്റെ ഷഷ്‌ഠിപൂർത്തിക്ക് ക്ഷണിച്ചത് കാരണങ്ങൾ പലതുണ്ട്. എന്റെ ഭാര്യയുമായി അവർക്ക് നല്ല അടുപ്പമുണ്ടായിരുന്നു. രജനീസാറിന്റെ വൈഫും എന്റെ ഭാര്യ ഉമയുമായി നല്ല ബന്ധമായിരുന്നു. ജില്ലമ്മ എന്നാണ് ഞങ്ങൾ വിളിക്കാറുള്ളത്. എന്നെ അറിയുന്നതിന് മുൻപേ അവർക്ക് ഉമയെ അറിയാമായിരുന്നു. ആദ്യമായി ഞങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതും രജനി സാറിന്റെ വൈഫിനോട് ആയിരുന്നു.
ദിലീപുമായി ഇരുപത്തിയഞ്ച് വർഷത്തെ ആത്മബന്ധമുണ്ട്. എന്നെ വിളിച്ച് അതിഥി വേഷങ്ങളിൽ അഭിനയിക്കാമോ എന്ന് ചോദിക്കും, ഞാൻ ചെയ്യാമെന്ന് പറയും. റ്റു കൺട്രീസ്, മായാമോഹിനി ഒക്കെ അങ്ങനെയാണ് ഞാൻ വന്നത്. വൈക്കത്തെ ഓർക്കിഡ് ഹോട്ടലിൽ വച്ചുള്ള പരിചയമാണ് എനിക്ക് ദിലീപുമായുള്ളത്. എനിക്ക് മനസിലാക്കാൻ പറ്റും എന്താണ് ദിലീപിന്റെ മനസിലുള്ള വിഷമമെന്ന്.












Click it and Unblock the Notifications