'പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാല പാർവതി അധപതിച്ചു, പണത്തിന് വേണ്ടി ആദർശം പണയപ്പെടുത്തി'; ആലപ്പി അഷ്‌റഫ്
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വിൻസി അലോഷ്യസ് നൽകിയ പരാതി സിനിമാ മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കിയിരുന്നു. സിനിമയിലെ ലഹരി ഉപയോഗം ഉൾപ്പെടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ലഹരി ഉപയോഗിച്ചെത്തി സെറ്റിൽ മോശമായി പെരുമാറി എന്നായിരുന്നു വിൻസി ഷൈനിനെതിരെ ഉന്നയിച്ച പരാതി. ഇതിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇടപെടുകയും ഷൈനിന് താക്കീത് നൽകുകയും ചെയ്‌തിരുന്നു.
എന്നാൽ ഷൈനിന്റെ പെരുമാറ്റവും വിൻസിയുടെ പരാതിക്കും ഒപ്പം വിഷയത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നടി കൂടിയായ മാലാ പാർവതിയുടെ വിഷയത്തിലെ പ്രതികരണമായിരുന്നു. താൻ മുൻപ് പലവട്ടം ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു മാലാ പാർവതി പറഞ്ഞത്. ഇത് ഷൈൻ തമാശയായി പറഞ്ഞതാവാമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെ മാല പാർവതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വിഷയത്തിൽ നടി രഞ്ജിനി ഉൾപ്പെടെയുള്ളവർ മാലാ പാർവതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇപ്പോഴിതാ മാലാ പാർവതിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ വിമർശനം. മാലാ പാർവതി അപഹാസ്യ കഥാപാത്രമായി എന്നാണ് അദ്ദേഹം പറയുന്നത്. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ.
ചാനലുകളിലൂടെയാണ് മാലാ പാർവതിയെ പൊതുസമൂഹം കണ്ടുതുടങ്ങിയത്. അന്ന് അവർ നടത്തിയിട്ടുള്ള പല അഭിമുഖങ്ങളിലും പക്വതയുള്ള ചോദ്യകർത്താവിനെയും കാണാൻ കഴിഞ്ഞിരുന്നു. നല്ല നിലവാരമുള്ള സംസാരവും ഭംഗിയുള്ള മുഖവും ആരെയും ആകർഷിക്കുന്നതായിരുന്നു. നാടകത്തിലൂടെ അഭിനയത്തിൽ കടന്നുവന്ന അവര്‍ സിനിമയിലും സ്ഥാനം ഉറപ്പിച്ചു. സാമൂഹിക വിഷയങ്ങളിൽ നീതിയുടെ പക്ഷത്തുനിന്ന് അവർ പലപ്പോഴും അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ആ സഹോദരിയുടെ സാമൂഹ്യ വിഷയങ്ങളിലെ നിലപാടുകളോട് എനിക്കും സ്നേഹവും ബഹുമാനവുമൊക്കെ തോന്നിയിരുന്നു. എങ്കിലും ജനങ്ങൾ നൽകിയ ആദരവും സ്നേഹവും പൊതുജന സ്വീകാര്യതയും നിലനിർത്തിക്കൊണ്ടു പോകാൻ അവർക്ക് കഴിഞ്ഞില്ല എന്നത് ഒരു യാഥാർഥ്യമാണ്. അവരുടെ നിലപാടുകളിൽ വന്ന ചാഞ്ചാട്ടമാണ് ഇതിന് കാരണം.
മാലാ പാർവതിയോട് ഇഷ്‌ടം വരാൻ മറ്റൊരു കാരണം കൂടിയുണ്ട്. കുമാരനാശാനുമായി മാലാ പാർവതിയുടെ കുടുംബത്തിനുള്ള ബന്ധം. ആശാനോടുള്ള സ്നേഹാദരങ്ങളോടുള്ള അംശം ഇവർക്കും പകർന്നു കിട്ടിയിരുന്നു. പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാലാ പാർവതി അധപതിച്ചു. ഷൈൻ ടോം ചാക്കോ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി മാലാ പാർവതിക്കെതിരെ നടത്തിയ രൂക്ഷമായ വിമർശനം അതിനൊരു ഉദാഹരണമാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി നീതിക്ക് നിരക്കാത്ത അഭിപ്രായങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കുക എന്നത് മാലാ പാർവതിയുടെ സ്ഥിരം പ്രവണതായി മാറിയിട്ടുണ്ട്. അതിലെ പുതിയ വിവാദമാണ് ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസ്. ഷൈനിനെ വെള്ളപൂശാൻ നടത്തിയ ശ്രമം ചക്കിന് വച്ചത് കൊക്കിന് കൊണ്ടുവെന്ന് പറയുന്നത് പോലെയായി.
ഷൈൻ ലഹരി ഉപയോഗിച്ച് വിൻസിയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇവർ നിസാരവത്കരിച്ചു. ഷൈൻ അച്ചടക്കമുളള നടനാണ്, ബ്ലൗസ് ഒന്നു ശരിയാക്കാൻ ഞാൻ കൂടെ വരട്ടെ എന്ന ചോദ്യം ഇത്ര വലിയ പ്രശ്‌നമാക്കണോ എന്നാണ് മാലാ പാർവതിയുടെ നിലപാട്. ഒരു തമിഴ് സിനിമയിൽ നടനിൽ നിന്നുണ്ടായ ദുരനുഭവം മൂലം ഒരുപാട് കരഞ്ഞ ആളാണ് മാലാ പാർവതി.
ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ താന്‍ കോമഡിയായാണ് എടുക്കാറുള്ളതെന്നാണ് അവർ പറയുന്നത്. സ്ത്രീപക്ഷക്കാരിയാണെന്ന് സ്വയം ഊറ്റംക്കൊള്ളുന്ന ഒരാളിൽ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായതെന്ന് ഓർക്കണം. മാലാ പാർവതിയോട് ഞാൻ ഒന്ന് ചോദിക്കട്ടെ, മോശമായ സ്‌പർശനവും, ദ്വയാർത്ഥ പ്രയോഗങ്ങളും വൃത്തികെട്ട പദപ്രയോഗങ്ങളുമൊക്കെ കോമഡിയായി എടുത്താൽ മതിയെന്നാണോ നടി ഉദ്ദേശിക്കുന്നത്?
ഹേമ കമ്മിറ്റിയിൽപോയി മൊഴി കൊടുക്കുകയും പലരെയും കൊണ്ട് മൊഴികൊടുപ്പിക്കുകയും ചെയ്‌തിരുന്നു ഇവർ. അത് പുറത്തുവന്നപ്പോൾ നല്ല കാര്യമാണ് സർക്കാർ ചെയ്‌തതെന്നും അനുഭവങ്ങൾ തുറന്നു പറയുന്നവരെ അഭിനന്ദിക്കുന്നുവെന്നും നടി പറഞ്ഞു. ഇതൊക്കെ ചെയ്‌ത ശേഷം എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവര്‍ മലക്കംമറിഞ്ഞു.
ഇതൊക്കെ വേട്ടക്കാരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആരെങ്കിലും ധരിച്ചാൽ നമുക്ക് കുറ്റം പറയാൻ പറ്റുമോ? സിനിമയിൽ അവർ കടന്നുവന്നതിനുശേഷം അവരുടെ നിലപാടുകൾ മാറ്റിവച്ച് നിലനിൽപ്പിന് വേണ്ടി പൊരുതുകയാണ്. ഒരുകാര്യം ഓർമ്മിപ്പിക്കാം, പണത്തിനും പ്രശസ്‌തിക്കും നിലനിൽപ്പിനും വേണ്ടി നിങ്ങൾ നിങ്ങളുടെ ആദർശങ്ങളെ പണയപ്പെടുത്തിയത് ഉചിതമാണോ എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും...
അതേസമയം, തന്റെ പരാമർശം വളച്ചൊടിച്ചതാണെന്നാണ് മാല പാർവതി കഴിഞ്ഞ ദിവസം നൽകിയ മറുപടി. താൻ പറഞ്ഞ വിഷയങ്ങൾ പൂർണമായി മനസിലാക്കാതെ വന്ന വാർത്തയാണ് ഇതെന്നും അങ്ങനെയൊരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ വിഷമിക്കുകയല്ല, ആത്മവിശ്വാസത്തോടെ പ്രതികരിക്കണം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും മാലാ പാർവതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications