അറ്റ്‌ലിക്ക് 80 കോടി വേണം, അല്ലു അര്ജുന് 150, ഈ പ്രൊജക്ട് ഉപേക്ഷിച്ചു? പ്രശ്‌നക്കാരനായത് ഇക്കാര്യം
പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്‍ ഏത് ചിത്രത്തില്‍ അഭിനയിക്കും എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സന്ദീപ് റെഡ്ഡി വംഗ, ത്രിവിക്രം, പോലുള്ള വമ്പന്‍ സംവിധായകരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇവരേക്കാള്‍ മുമ്പേ അറ്റ്‌ലിയുടെ ചിത്രം അല്ലു ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. ജവാന്‍ എന്ന മെഗാ ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ഇത്.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദായിരുന്നു ഈ ചിത്രം നിര്‍മിക്കാനിരുന്നത്. എന്നാല്‍ ഇപ്പോള്‍ അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്‌സ് ഈ ചിത്രം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാന കാരണമായി പറയുന്നത് പ്രതിഫലം തന്നെയാണ്.

സംവിധായകനും സൂപ്പര്‍ താരവും ചേര്‍ന്ന് റെക്കോര്‍ഡ് തുകയാണ് ചിത്രത്തിനായി ഈടാക്കുന്നത്. അറ്റ്‌ലി ഈ ചിത്രത്തിനായി 3 തവണ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിലെ ഇപ്പോഴത്തെ ഇന്‍ഡസ്ട്രി ഹിറ്റായ ജവാന്‍ ആയിരം കോടിയിലേറെ നേടിയതോടെ അറ്റ്‌ലിയുടെ മാര്‍ക്കറ്റ് വളര്‍ന്നിരിക്കുകയാണ്.
നിലവില്‍ ഇന്ത്യയിലെ തന്നെ വമ്പന്‍ സംവിധായകനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരുടെ നിരയിലാണ് ഇപ്പോള്‍ അറ്റ്‌ലിയുടെ സ്ഥാനം. അറുപത് കോടിയാണ് അറ്റ്‌ലി അല്ലു അര്‍ജുന്‍ ചിത്രത്തിനായി ആദ്യം വാങ്ങാനിരുന്നത്. ഇത് 65 കോടിയായി ഉയര്‍ന്നു. പിന്നീട് 80 കോടി വരെ പ്രതിഫലമെത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അല്ലു അര്ജുന് ഈ ചിത്രത്തിനായി 150 കോടി രൂപ വരെ പ്രതിഫലമായി ആവശ്യപ്പെട്ടിട്ടുണ്ട്. രാജമൗലിയുടെ അടുത്തെത്തിയിരിക്കുകയാണ് അറ്റ്‌ലിയുടെ പ്രതിഫലം. ഇതോടെ ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിന്ന് ഗീതാ ആര്‍ട്‌സ് അടക്കമുള്ളവര്‍ പിന്‍മാറിയിരിക്കുകയാണ്. സംവിധായകനുമായി നിര്‍മാതാക്കള്‍ക്ക് പ്രതിഫല കാര്യത്തില്‍ യോജിക്കാനായിട്ടില്ലെന്ന് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ കഥയുടെ ഓരോ ഘട്ടത്തിലും അറ്റ്‌ലി അല്ലു അര്‍ജുനെ കാണുകയും കൃത്യമായി കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇളയദളപതി വിജയിക്ക് വെച്ചിരുന്ന റോളാണ് അല്ലു അര്‍ജുന് നല്‍കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍ അറ്റ്‌ലിയുടെ കഥ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം പുരോഗമിക്കുന്ന രീതിയില്‍ അല്ലുവിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അറ്റ്‌ലിയുടെ പ്രതിഫലം വിട്ടുവീഴ്ച്ചയില്ലാത്ത വിധത്തിലുള്ളതാണ്. ഇത് നിര്‍മാതാക്കളെ അകറ്റിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലേക്ക് മറ്റൊരു നടനെയും അറ്റ്‌ലി പരിഗണിക്കുന്നുണ്ട്. കാരണം അല്ലു അര്‍ജുന്‍ ചിത്രത്തിന് പൂര്‍ണമായ അനുമതി നല്‍കിയിട്ടില്ല. ഒരുപക്ഷേ ചിത്രത്തില്‍ നിന്ന് പിന്‍മാറാനും സാധ്യതയുണ്ട്.
പുഷ്പ 2 വൈകാന്‍ ഇടയുള്ളതിനാല്‍ ഈ ചിത്രം പ്രതീക്ഷിച്ച സമയത്തും തുടങ്ങാനാവില്ല.ഇതെല്ലാം അറ്റ്‌ലി-അല്ലു അര്‍ജുന്‍ കോമ്പോ കാണാന്‍ കാത്തിരുന്നവരെ നിരാശരാക്കും. അതേസമയം ബോളിവുഡില്‍ അടക്കം അറ്റ്‌ലിയെ കാത്തിരിക്കുന്നത് വമ്പന്‍ ചിത്രങ്ങളാണ്. തെലുങ്ക് ചിത്രം നടന്നില്ലെങ്കിലും പിന്നീട് ഹിന്ദിയിലേക്ക് അറ്റ്‌ലി പോകാനും സാധ്യതയുണ്ട്.












Click it and Unblock the Notifications